Monday 2 March 2009

കവിതയുടെ പൂക്കാലം

ഏകദേശം ഒരു വര്‍ഷത്തിനു ശേഷം മലയാളം ബ്ലോഗില്‍ ഒന്ന് എത്തിനോക്കിയപ്പോള്‍ കവിതകളുടെ പൂക്കാലമാണ് (ശംഖുപുഷ്പത്തിന്റെ അല്ല. ഇതിലും നല്ല പാട്ടുകള്‍ പട്ടാമ്പിപ്പാലവുമായി ബന്ധപ്പെട്ട് ഉണ്ട്.) എന്നെ വരവേറ്റത്. വിഷ്ണുപ്രസാദിനു ശേഷം ലതീഷ് മോഹനും, ടി.പി. വിനോദും അച്ചടിലോകത്തേക്ക് വന്നുവെന്നതും എടുത്തുപറയാന്‍ പറ്റിയ വിശേഷങ്ങളാണ്. ബുക്ക് റിപ്പബ്ലിക്കുമായി ബന്ധപ്പെട്ട് ടി.പി.വിനോദിന്റെ കവിതകളെ പലരും കുത്തിക്കീറി നാശകോശമാക്കിയെങ്കിലും വിഷ്ണുപ്രസാദിന്റെയും ലതീഷിന്റെയും കവിതകള്‍ പഠനത്തിന് വിധേയമാവാതെ ഇരിപ്പുണ്ട്. സമീപകാലത്തിറങ്ങിയ മലയാളം കവിതാ സമാഹാരങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍ മേല്‍പ്പറഞ്ഞ മൂന്നുപേരുടേയും പുസ്തകങ്ങള്‍ ബ്ലോഗ് എത്രമാത്രം കാര്യക്ഷമമായാണ് കവിത കൈകാര്യം ചെയ്യുന്നതെന്ന് മനസ്സിലാക്കാനുതകുന്ന മാനകമാണ്.
സമകാലിക കവിത കൈകാര്യം ചെയ്യുന്നവരോടുള്ള ചില നിര്‍ദ്ദേശങ്ങള്‍.
1) ശൈലികള്‍ മടുക്കാന്‍ പഠിക്കുക.
2) പലരും എഴുതാന്‍ മടിക്കുന്നത് എഴുതുന്നതാണ് കവിത എന്ന് വിശ്വസിക്കാതിരിക്കുക.
3) ലൈംഗികം,അരാജകം,ദുര്‍ഗ്രഹം,ഗൃഹാതുരം,നിസ്സംഗം എന്നിങ്ങനെ വിവിധ മുറികളില്‍ തളച്ചിടപ്പെട്ടവര്‍ കെട്ടുപൊട്ടിച്ച് ഒന്നോടുവാന്‍ ശ്രമിക്കുക.

Thursday 8 May 2008

വിഷ്ണുപ്രസാദം

വിഷ്ണുപ്രസാദിനെ അഭിനന്ദിക്കാന്‍ തമിഴന്മാര്‍ തന്നെ വേണ്ടിവന്നു അവസാനം. അയാള്‍ തീര്‍ച്ചയായും അതര്‍ഹിക്കുന്നു. ഇത് ബ്ലോഗ് എന്ന മാദ്ധ്യമത്തിനു കിട്ടിയ അംഗീകാരമായി തന്നെയാണ് കാണേണ്ടത്. തിരക്കു കാരണം ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. എങ്കിലും രാമചന്ദ്രന്റെ അവലോകനം വായിച്ചപ്പോള്‍ പങ്കെടുത്തപോലെ തന്നെ.:)

Wednesday 16 April 2008

ശംഖനാദം

സനല്‍ ശശിധരന്‍ മുഴക്കിയ ശംഖനാദം കേട്ടിട്ടുണ്ടോ?. ജീവിതകാലം മുഴുവന്‍ മൌനവ്രതത്തിലായി മരണശേഷം അടക്കിവെച്ച ശബ്ദമെല്ലാം കേള്‍പ്പിക്കുന്ന ശംഖ് നമുക്കിവിടെ കാണാം. മൌനത്തിന്റെ സൂചികൊണ്ട് ശബ്ദത്തിന്റെ കമ്പളം നെയ്തെടുത്ത്, മരണശേഷം സംഗീതത്തിന്റെ ചൂടുപകരുന്നു ഈ ശംഖ്. അഭിനന്ദനാര്‍ഹമായ നിരീക്ഷണങ്ങളിലൂടെയാണ് കവിത പുരോഗമിക്കുന്നത്. സമാധാനത്തിന്റെ വെള്ളനിറം അങ്ങനെയാണ് ശംഖിനു കിട്ടുന്നത്.
സമാധാനമായിരുന്നു/എന്റെ ധ്യാനം./ഉറഞ്ഞുതുള്ളുന്ന കടലില്‍,/ഉപ്പുവിളയുന്ന അതിന്റെ തിരകളില്‍/ഞാന്‍ സത്യാഗ്രഹം ചെയ്തു./അങ്ങനെയാണ് എനിക്കീ/വെളുത്ത പുറംതോട് കിട്ടിയത്./
ഇവിടെ ഇയാള്‍ ഗാന്ധിയുടെ ബിംബം സന്നിവേശിപ്പിച്ചത് ശ്വാസം വിടാതെയാണ് ഞാന്‍ വായിച്ചത്.
കാത്തിരിപ്പിനും മൌനത്തിനും ശേഷം വന്നു ഭവിക്കുന്നത് ശബ്ദമുഖരിതമായ കാഹളങ്ങളും വിജയഭേരികളുമാണ്. ‘എനിക്കുണ്ടാക്കാന്‍ കഴിയുന്നഏറ്റവും ഉദാത്തമായ ശബ്ദമായിഅതിനെ വാഴ്ത്തുന്നത്’ ശംഖ് കേള്‍ക്കുന്നു.

വയലാറിന്റെ മരവുമായി ഇണങ്ങുന്നുണ്ട് ഈ ശംഖ്. മരങ്ങളെ കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട് ഇയാള്‍. ഒന്ന് ഒരു മരത്തിന്റെ കഥയാണ്. മരം മരം, കഴുമരം , വിതച്ചതിന്റെ പാട്ട് എന്നിവ മറ്റ് ഉദാഹരണങ്ങള്‍.
മലയാളത്തിന്റെ പുതുകവിതക്ക് ഇയാളെ അവഗണിക്കാന്‍ കഴിയാത്ത ഒരു കാലം വരികതന്നെ ചെയ്യും.
നേരത്തെ ചിലയിടങ്ങളില്‍ സൂചിപ്പിച്ച പോലെ ഇയാള്‍ മനസ്സുവെച്ചാല്‍ മാറ്റിയെടുക്കാവുന്നതാണ് വയറിളക്കത്തിന്റെ അസ്കിത.

Friday 4 April 2008

പേരുകള്‍

ശ്രീകുമാര്‍ കരിയാടിന്റെ മനോഹരമായ ഒരു കവിതയാണ് പേരുകള്‍. പുഴമരണത്തെക്കുറിച്ച് പലരുമെഴുതിയ കവിതകളില്‍ മികച്ചു നില്‍ക്കുന്ന ഒന്നാണിത്. നീരോട്ടം കൃഷ്ണന്‍കുട്ടി,നീന്തല്‍ നാരായണപിള്ള,ചെറുമീന്‍ കാര്‍ത്തു,ചുഴിക്കുത്ത്‌ പൊന്നമ്മ,വളഞ്ഞൊഴുക്ക്‌ ബാലഗോപാല്‍,തരംഗഫേനം ശിശുപാലന്‍ കര്‍ത്താ,വെള്ളപ്പൊക്കത്തില്‍ സലിം,എന്തൊരാഴം. കെ. കുറുപ്പ്‌,കാല്‍വഴുതി ബഞ്ചമിന്‍, തോണി സുബ്രു, ഇവര്‍ പുഴക്കൊപ്പം ഒലിച്ചുപോയ പേരുകള്‍.!! പുഴയുടെ സ്വത്തുക്കള്‍ക്ക് പേരിട്ടതാവാം കവി. അതുമല്ലെങ്കില്‍ പുഴയൊഴുക്കുണ്ടായിരുന്നപ്പോള്‍ അതുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്ക് കിട്ടിയ ഓമനപ്പേരുകളുമാവാം.വരണ്ട ഭാരതപ്പുഴയ്ക്ക് കുറുകേ പാലത്തിലൂടെ സൈക്കിള്‍ ഓടിച്ചു പോകുമ്പോള്‍ ഇവരെക്കുറിച്ചോര്‍ക്കുകയാണിയാള്‍.
തീരമണല്‍/ചൂണ്ടുവിരല്‍/വിക്ഷുബ്ധമനസ്സ്‌/ഇവ ഘടിപ്പിച്ച ആ ഒറ്റയന്ത്രവുമായിചിന്തയില്‍നിന്ന് തിരിച്ചുവരുംദിവസവും രാത്രി/.ഇവിടെ ‘യന്ത്ര’മെന്ന വാക്ക് ഉപയോഗിച്ചതിലൂടെ മണ്ണുമാന്തലിലേക്ക് വിരല്‍ ചൂണ്ടൂന്നു ശ്രീകുമാര്‍. അവരുടെയൊക്കെ മരണത്തെപ്പറ്റി കഥകളെഴുതുകയെന്നതു മാത്രമേ ഇയാള്‍ക്കു ചെയ്യാനുള്ളൂ.
പണ്ട് തന്റെ നാട്ടിലുണ്ടായിരുന്ന, എന്നാല്‍ ഇന്ന് വംശനാശം സംഭവിച്ച പേരുകളെപ്പറ്റി റഫീക്ക് അഹമ്മദിന്റെ, ഒരു കവിതയുണ്ട്. അതിനെ കുറിച്ച് പിന്നീട് പറയാം. 'ശ്രീകുമാറിന്റെ ബ്ലോഗില്‍ കയറി ചില കവിതകള്‍ക്ക് ഞാന്‍ തെറി പറഞ്ഞു കമന്റിട്ടു. എവിടെ! അയാളുടെ ബുദ്ധി നോക്കണം. മറ്റുള്ളവര്‍ പുള്ളിയെ വിളിക്കുന്ന തെറികള്‍ പുള്ളിക്ക് രഹസ്യമായി വായിക്കാം. വേറെ ആരും കാണുകയുമില്ല. ബ്ലോഗിന് ഇങ്ങനെയും ഒരു സാധ്യതയുണ്ടെന്ന് മനസ്സിലായി.

Monday 31 March 2008

കടമ്മനിട്ടക്ക് ആദരാഞ്ജലികള്‍

മലയാളത്തിന്റെ ഒരുകാലത്തെ ശബ്ദവും ഊര്‍ജ്ജവുമായിരുന്ന കവി കടമ്മനിട്ട രാമകൃഷ്ണന് ആദരാഞ്ജലികള്‍.
കച്ചിയറുത്തു കലപ്പപിടിച്ചു
കരിപ്പാടങ്ങളിലെരുതിന്‍ വാലില്‍
തൂങ്ങിനടക്കും വായാടികളുടെ കൊച്ചുകുരുന്നുകള്‍
ആഞ്ഞിലിമൂട്ടില്‍ മണ്ണപ്പം ചുട്ടാറ്റിലെ നീരില്‍മൂത്രമൊഴിച്ചു
വിശപ്പിന്‍ നെഞ്ചത്താഞ്ഞുതൊഴിച്ചു
വിളര്‍ത്തുമെലിഞ്ഞു വളര്‍ന്നു വരുന്നതു
കണ്ടു നടന്നൂ ഞാ‍ന്‍.........

Sunday 30 March 2008

സാന്റ് പേപ്പറില്‍ മായാത്തത്.

അനുഗൃഹീതമായ തൂലികയിലൂടെ സ്വപ്നങ്ങള്‍ വിരിയിക്കാന്‍ കഴിയും റഫീക്കിന്. എത്ര മനോഹരമാണ് അയാളുടെ ഈ തേപ്പുപണി എന്ന് നോക്കുക.
ഉപ്പാപ്പയെ/പുറത്തേക്കെടുക്കുമ്പൊള്‍/ഉമ്മാമയുതിര്‍ത്ത/നെടുവീര്‍പ്പുകളുടെ/കനം.
ഹോ! എന്തൊരു കനമാണെന്നോ വരികള്‍ക്ക്!.
വല്ലപ്പോഴും/നിന്നെപ്പോലൊരാള്‍/വന്ന്/എന്‍റെയീതിരക്കുകള്‍/കൂട്ടിവായിക്കുമെന്ന്/കണക്കുകൂട്ടിയിട്ടുണ്ട്/വളരേ മുമ്പേ.... എന്നു പറഞ്ഞതു എന്നെയുദ്ദേശിച്ചായതുകാരണം എങ്ങിനെ കൂട്ടിവായിക്കാതിരിക്കും ഈ കവിയെ. അടുക്കളയിലുള്ള ചിരവയിലൂടെ തേങ്ങ ചിരവി അരച്ച് കറിയുണ്ടാക്കിത്തരുന്ന ഇയാള്‍ക്ക് കഴിഞ്ഞ കുറേ നാളുകളായി ഹോം വര്‍ക്കിന്റെ അഭാവം ഉണ്ട്. ശ്രദ്ധയില്ലാതെ എഴുതിയ കുറേ കവിതകള്‍ കൊണ്ട് മറച്ചതിനാല്‍ യഥാര്‍ത്ഥ മുത്തുകളെ തിരഞ്ഞുപിടിക്കാന്‍ വായനക്കാരന് ബുദ്ധിമുട്ടുണ്ടാക്കുകയാണ് കവി. ബ്ലോഗില്‍ സജീവരായ കവികളോട് മൊത്തത്തിലുള്ള ഒരഭിപ്രായം നിങ്ങള്‍ വയറിളക്കക്കം ശമിക്കാനുള്ള ഔഷധം തേടണമെന്നതാണ്. ഇത്ര കവിതയെഴുതണമെന്ന് നേര്‍ച്ചയുണ്ടെങ്കില്‍ എഴുതി പെട്ടിയില്‍ വെച്ച് പൂട്ടണം, അല്ലാതെ പാവം വായനക്കാരെ ബുദ്ധിമുട്ടിക്കുകയല്ല വേണ്ടത് എന്നാണ് എന്റെ എളിയ അഭിപ്രായം.
ബ്ലോഗിലെ കവികളെയോ കവിതകളെയോ കുറിച്ച് അധികം ധാരണയില്ലാത്തതിനാലാണ് ഹരിതകത്തെ കൂട്ടുപിടിക്കുന്നത്. ഇയാളുടെ കവിതകളെകുറിച്ച് അറിഞ്ഞത് വിശാഖ് ശങ്കറിന്റെ വിനിമയങ്ങളില്‍ നിന്നാണ്. കവിതാ ചര്‍ച്ചകളില്‍ സനല്‍ ശശിധരനെപ്പോലുള്ളവരുടെ ഇടപെടലുകള്‍ ശ്രദ്ധേയവുമാണ്.

Friday 28 March 2008

തിര തിരേയ് ....തിരതിര

വായിച്ച് സ്തംഭിച്ചിരുന്നുപോയ കവിതകളില്‍ ഒന്നാണ് എന്‍.ജിയുടെ മധ്യവര്‍ത്തി പുല്ലിംഗം. യാത്രക്കിടയില്‍ ഒന്നു കയറിനോക്കിയപ്പോള്‍ ഹരിതകത്തില്‍ ഇന്ന് കണ്ടു. ആ സന്തോഷത്തില്‍ ഇത്രമാത്രം എഴുതി പോസ്റ്റിടാമെന്ന് കരുതി. ഇതിനെ കുറിച്ച് കുറച്ചധികം പറയാനുണ്ട്,തിരക്കൊഴിയുമ്പോള്‍. അതുവരെക്കും വായിക്കാന്‍ അന്‍വര്‍അലിയുടെ ലേഖനത്തില്‍ നിന്നും ഈ കവിതയുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങള്‍ ഇവിടെ പകര്‍ത്തിവെക്കുന്നു:
ഉടല്‍ ഒരു ഉള്‍നാടാണ്‌. സദാചാരവിലക്കുകളുടെ മാത്രമല്ല, ആത്മാവിന്റെയും/മനസ്സിന്റെയും ഉടയാടയ്‌ക്കുള്ളില്‍ തമസ്‌കരിക്കപ്പെട്ട ഉള്‍നാട്‌; ആത്മീയരതി-വിരതികളുടെ അനന്ത
സംഘര്‍ഷങ്ങള്‍ക്കിടയില്‍ മാനവികകവിത മിക്കവാറും മറന്ന `ത്വങ്‌മാംസരക്താസ്ഥിവിണ്‍മൂത്രരേതസ്സാര്‍ന്ന' ഇടം. എന്‍.ജി.യുടെ ഉടല്‍മൊഴികള്‍ മാനവികാകാശം വിട്ട്‌ `സസ്‌തനജീവികളുടെ വിയര്‍പ്പ്‌ രേതസ്സ്‌ പേറ്‌ പിറപ്പ്‌ എത്ര അശുദ്ധിയെന്ന്‌ ഭൂമിയിലാണ്ടു' (ഗര്‍ഭിണിപ്പെണ്ണുങ്ങള്‍) പോകുന്നു; `ഉദാരഗോളാന്തരപേടക' ത്തിലെ ഭ്രമക്കാഴ്‌ചകള്‍ക്കടിയില്‍നിന്ന്‌ ഭൂമിയിലെ സര്‍വജീവജാലങ്ങളുടെയും ലിംഗനീളങ്ങളും യോനിക്കയങ്ങളും (ആരൊക്കെയോ കൊല്ലപ്പെട്ട രാത്രി) കുഴിച്ചെടുക്കുന്നു.

ആത്മാവിനെ/മനസ്സിനെ കേവലമായി ആദര്‍ശ
വത്‌കരിക്കുന്ന മാനവികപാരമ്പര്യത്തോടുള്ള വിമര്‍ശനം ഈ കവിയില്‍ പുരുഷലൈംഗികതയുടെ ഒരു പുതുനോക്കുകോണായി പ്രവര്‍ത്തിക്കുന്നുണ്ട്‌. ശരീരമാകുന്ന ജീര്‍ണ്ണവസ്‌ത്രം നിരന്തരം ഉപേക്ഷിച്ച്‌ ആത്മാവ്‌ പുതുവസ്‌ത്രം ധരിക്കുമെന്ന ദര്‍ശനത്തെ തലതിരിച്ചിടുന്നു ഈ നോക്കുകോണ്‍. ആത്മാവെന്ന/ മനസ്സെന്ന കേവലവസ്‌ത്രം ഉരിഞ്ഞുകളഞ്ഞ ലൈംഗികഉടലുകളുടെ ഉള്‍നാടന്‍ മൊഴികളാണ്‌ `ഒരു മധ്യവര്‍ത്തി പുല്ലിംഗം സത്യവും മിഥ്യയും', `സൂചികുത്താനൊരിടം', `രാസം', `ഗര്‍ഭിണിപ്പെണ്ണുങ്ങള്‍' എന്നിവ. ഉപപ്രകരണമോ അനുഭാവമോ ആയി ഇനിയും നിരവധി കവിതകളില്‍ ലൈംഗികശരീരത്തിന്റെ നാട്ടിടവഴികള്‍ കാണാം.

അമര്‍ച്ച ചെയ്യാനാവാത്ത ഒരു ആഭ്യന്തരകലാപംപോലെ പുറത്തേക്ക്‌ നീണ്ട ഉള്ളാണ്‌ എന്‍.ജി.യുടെ കവിതകളിലെ `ലിംഗ'ബിംബം. `മോഹനം' എന്ന ആദ്യകാലകവിതയിലെ `ചിടുങ്ങാമണി' സംഭവബഹുലമായ ഒരു ലൈംഗിക `നായര്‍ചരിത' (`അച്ചീചരിത' ത്തിന്‌ ഒരു ബദല്‍പദം) ത്തിലെ നായകകഥാപാത്രമായി വളരുന്നു `ഒരു മധ്യവര്‍ത്തി പുല്ലിംഗ....'ത്തില്‍.

കുഞ്ഞുന്നാളില്‍ നിക്കറിടാത്തപ്പോള്‍ അമ്മായി തോണ്ടി `ക്‌ണിം' എന്നു കേള്‍പ്പിച്ച ലിംഗം; കൗമാരത്തില്‍ എലികളുടെയും മരപ്പട്ടികളുടെയും തട്ടിന്‍പുറം പ്രകാശമാനമാക്കിക്കൊണ്ട്‌ സചിത്രപുസ്‌തകത്തില്‍നിന്ന്‌ സാറു പറയാത്ത രീതിയില്‍ വൈദ്യുതി ഉത്‌പാദിപ്പിച്ച ലിംഗം; യൗവനത്തില്‍ പിസാഗോപുരത്തേക്കാള്‍ അത്ഭുതകരമായി വളര്‍ന്ന്‌ മൂക്കുകയറിടേണ്ട ജാതിയായി വിവാഹനിയമപ്രകാരം ഒരുവഴിക്കായ ലിംഗം; ശിഷ്‌ടകാലം സൂക്ഷ്‌മത്തില്‍ പല പൂച്ചെടികള്‍ തിന്ന്‌ ചന്ദ്രഗുപ്‌തമൗര്യനെപ്പോലെ, ചെങ്കിസ്‌ഖാനെപ്പോലെ പരാക്രമിയായ്‌ മേഞ്ഞുനടന്ന ലിംഗം; ഒടുവില്‍,

...കറുത്ത്‌ ചുരുണ്ട്‌
കുഴല്‍ തറഞ്ഞ്‌

വെളിച്ചമുണ്ടാകട്ടെ
എന്നരുളിച്ചെയ്‌തിട്ടും
ലിംഗാഗ്രേ
ഒരിറ്റു മൂത്രം തിരളാതെ

അനസ്‌തേഷ്യയില്‍നിന്നുണരാതെ
ഉദയം കാണാതെ
കാലിയായ്‌

പഴങ്കഥപറച്ചിലിന്റെ വഴക്കത്തില്‍ ആണുടലിന്റെ കേരളീയമാതൃകയെ ആത്മപരിഹാസത്തോടെ ആഖ്യാനപ്പെടുത്തുന്നു ഈ കവിത. പ്രത്യക്ഷത്തില്‍ എന്‍.ജി.യുടെ ഉത്തരകാലകവിതകളുടെ സങ്കീര്‍ണ്ണതലം ഇതിലില്ലെങ്കിലും, അമര്‍ച്ചചെയ്യപ്പെട്ട ആണുടലിന്റെ ഒരു അധോലോകം ആഴത്തില്‍ നിഴലിക്കുന്നുണ്ട്‌. ഉടനീളം അകാല്‍പ്പനികച്ചിരിയുള്ള ഗൃഹാതുരതയോടെ, ഒരു ഉദ്ധൃതലിംഗത്തില്‍ ആണ്‍കോയ്‌മയുടെ ആധുനിക-മധ്യവര്‍ത്തി അധോലോകങ്ങള്‍ വായിച്ചെടുക്കുന്നവനാണ്‌ `ഒരു മധ്യവര്‍ത്തി പുല്ലിംഗ....'ത്തിലെ വക്താവ്‌. `മോഹന' ത്തിലെ പുരുഷാഭിചാരം ആസുരഫലിതമുള്ള ഉണര്‍ത്തുതോറ്റമെങ്കില്‍ ഈ കവിതയിലേത്‌ സെന്‍നര്‍മ്മമുള്ള സ്വയം തര്‍പ്പണം-

ചെറായി ബീച്ചില്‍
മണ്ണുപടുത്ത ലിംഗം
ഒരസ്ഥിക്കുടം
മകുടം
തിരതിരേയ്‌ തിരതിര....