Wednesday 16 April 2008

ശംഖനാദം

സനല്‍ ശശിധരന്‍ മുഴക്കിയ ശംഖനാദം കേട്ടിട്ടുണ്ടോ?. ജീവിതകാലം മുഴുവന്‍ മൌനവ്രതത്തിലായി മരണശേഷം അടക്കിവെച്ച ശബ്ദമെല്ലാം കേള്‍പ്പിക്കുന്ന ശംഖ് നമുക്കിവിടെ കാണാം. മൌനത്തിന്റെ സൂചികൊണ്ട് ശബ്ദത്തിന്റെ കമ്പളം നെയ്തെടുത്ത്, മരണശേഷം സംഗീതത്തിന്റെ ചൂടുപകരുന്നു ഈ ശംഖ്. അഭിനന്ദനാര്‍ഹമായ നിരീക്ഷണങ്ങളിലൂടെയാണ് കവിത പുരോഗമിക്കുന്നത്. സമാധാനത്തിന്റെ വെള്ളനിറം അങ്ങനെയാണ് ശംഖിനു കിട്ടുന്നത്.
സമാധാനമായിരുന്നു/എന്റെ ധ്യാനം./ഉറഞ്ഞുതുള്ളുന്ന കടലില്‍,/ഉപ്പുവിളയുന്ന അതിന്റെ തിരകളില്‍/ഞാന്‍ സത്യാഗ്രഹം ചെയ്തു./അങ്ങനെയാണ് എനിക്കീ/വെളുത്ത പുറംതോട് കിട്ടിയത്./
ഇവിടെ ഇയാള്‍ ഗാന്ധിയുടെ ബിംബം സന്നിവേശിപ്പിച്ചത് ശ്വാസം വിടാതെയാണ് ഞാന്‍ വായിച്ചത്.
കാത്തിരിപ്പിനും മൌനത്തിനും ശേഷം വന്നു ഭവിക്കുന്നത് ശബ്ദമുഖരിതമായ കാഹളങ്ങളും വിജയഭേരികളുമാണ്. ‘എനിക്കുണ്ടാക്കാന്‍ കഴിയുന്നഏറ്റവും ഉദാത്തമായ ശബ്ദമായിഅതിനെ വാഴ്ത്തുന്നത്’ ശംഖ് കേള്‍ക്കുന്നു.

വയലാറിന്റെ മരവുമായി ഇണങ്ങുന്നുണ്ട് ഈ ശംഖ്. മരങ്ങളെ കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട് ഇയാള്‍. ഒന്ന് ഒരു മരത്തിന്റെ കഥയാണ്. മരം മരം, കഴുമരം , വിതച്ചതിന്റെ പാട്ട് എന്നിവ മറ്റ് ഉദാഹരണങ്ങള്‍.
മലയാളത്തിന്റെ പുതുകവിതക്ക് ഇയാളെ അവഗണിക്കാന്‍ കഴിയാത്ത ഒരു കാലം വരികതന്നെ ചെയ്യും.
നേരത്തെ ചിലയിടങ്ങളില്‍ സൂചിപ്പിച്ച പോലെ ഇയാള്‍ മനസ്സുവെച്ചാല്‍ മാറ്റിയെടുക്കാവുന്നതാണ് വയറിളക്കത്തിന്റെ അസ്കിത.

Friday 4 April 2008

പേരുകള്‍

ശ്രീകുമാര്‍ കരിയാടിന്റെ മനോഹരമായ ഒരു കവിതയാണ് പേരുകള്‍. പുഴമരണത്തെക്കുറിച്ച് പലരുമെഴുതിയ കവിതകളില്‍ മികച്ചു നില്‍ക്കുന്ന ഒന്നാണിത്. നീരോട്ടം കൃഷ്ണന്‍കുട്ടി,നീന്തല്‍ നാരായണപിള്ള,ചെറുമീന്‍ കാര്‍ത്തു,ചുഴിക്കുത്ത്‌ പൊന്നമ്മ,വളഞ്ഞൊഴുക്ക്‌ ബാലഗോപാല്‍,തരംഗഫേനം ശിശുപാലന്‍ കര്‍ത്താ,വെള്ളപ്പൊക്കത്തില്‍ സലിം,എന്തൊരാഴം. കെ. കുറുപ്പ്‌,കാല്‍വഴുതി ബഞ്ചമിന്‍, തോണി സുബ്രു, ഇവര്‍ പുഴക്കൊപ്പം ഒലിച്ചുപോയ പേരുകള്‍.!! പുഴയുടെ സ്വത്തുക്കള്‍ക്ക് പേരിട്ടതാവാം കവി. അതുമല്ലെങ്കില്‍ പുഴയൊഴുക്കുണ്ടായിരുന്നപ്പോള്‍ അതുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്ക് കിട്ടിയ ഓമനപ്പേരുകളുമാവാം.വരണ്ട ഭാരതപ്പുഴയ്ക്ക് കുറുകേ പാലത്തിലൂടെ സൈക്കിള്‍ ഓടിച്ചു പോകുമ്പോള്‍ ഇവരെക്കുറിച്ചോര്‍ക്കുകയാണിയാള്‍.
തീരമണല്‍/ചൂണ്ടുവിരല്‍/വിക്ഷുബ്ധമനസ്സ്‌/ഇവ ഘടിപ്പിച്ച ആ ഒറ്റയന്ത്രവുമായിചിന്തയില്‍നിന്ന് തിരിച്ചുവരുംദിവസവും രാത്രി/.ഇവിടെ ‘യന്ത്ര’മെന്ന വാക്ക് ഉപയോഗിച്ചതിലൂടെ മണ്ണുമാന്തലിലേക്ക് വിരല്‍ ചൂണ്ടൂന്നു ശ്രീകുമാര്‍. അവരുടെയൊക്കെ മരണത്തെപ്പറ്റി കഥകളെഴുതുകയെന്നതു മാത്രമേ ഇയാള്‍ക്കു ചെയ്യാനുള്ളൂ.
പണ്ട് തന്റെ നാട്ടിലുണ്ടായിരുന്ന, എന്നാല്‍ ഇന്ന് വംശനാശം സംഭവിച്ച പേരുകളെപ്പറ്റി റഫീക്ക് അഹമ്മദിന്റെ, ഒരു കവിതയുണ്ട്. അതിനെ കുറിച്ച് പിന്നീട് പറയാം. 'ശ്രീകുമാറിന്റെ ബ്ലോഗില്‍ കയറി ചില കവിതകള്‍ക്ക് ഞാന്‍ തെറി പറഞ്ഞു കമന്റിട്ടു. എവിടെ! അയാളുടെ ബുദ്ധി നോക്കണം. മറ്റുള്ളവര്‍ പുള്ളിയെ വിളിക്കുന്ന തെറികള്‍ പുള്ളിക്ക് രഹസ്യമായി വായിക്കാം. വേറെ ആരും കാണുകയുമില്ല. ബ്ലോഗിന് ഇങ്ങനെയും ഒരു സാധ്യതയുണ്ടെന്ന് മനസ്സിലായി.