മലയാള കവിതയുടെ ഭാവിവാഗ്ദാനങ്ങളിലൊരാളാണ് ടി.പി.വിനോദ്. വാക്കുകളെ നന്നായി കാച്ചിക്കുറുക്കുവാനറിയുന്ന ഈ രസതന്ത്രഗവേഷകന്റെ നല്ലൊരു കവിതയാണ് ട്രാജഡി. ഒരു നാടകത്തിന്റെ സ്റ്റേജ് ആണ് വിഷയം.അപ്രതീക്ഷിതമായി വൈദ്യുതിനിലക്കുന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ലൌഡ് സ്പീക്കറില്‍ നിന്നും പുറത്തു വരുന്നു മൌനം എന്നത് നല്ലൊരു പ്രയോഗമാണ്. സംഭവം ആകെ കുഴഞ്ഞുമറിയുകയും ശബ്ദവും ഒച്ചയും പിരിഞ്ഞുപോകുകയും ചെയ്തപ്പോള്‍ അവിടെ പൂര്‍ണ്ണമാകാതെ കിടക്കുന്ന നാടകത്തിന്റെ ഇതിവൃത്തം, അടുത്ത സ്റ്റേജിനെപ്പറ്റി ചിന്തിക്കുകയാണ്! അടുത്ത സ്റ്റേജിലും ഇങ്ങനെ പറ്റുമോ,എന്തു ചെയ്യും എന്നൊക്കെയാവുമോ ചിന്ത. തികച്ചും സാമൂഹ്യപരമായ ഒരു വിഷയമെന്ന നിലയിലാണ് ഞാനിതിനെ വായിച്ചത്.
മറ്റൊരു നല്ല കവിതയാണ് എണ്ണയെന്ന ആത്മകഥയെപ്പറ്റിയുള്ള പിണ്ണാക്കിന്റെ സംസാരം. പി.രാമന്റെയും ഗോപീകൃഷ്ണന്റെയുമൊക്കെ സ്വാധീനം ഈ കവിയില്‍ കാണാന്‍ പറ്റുന്നുണ്ട്.
വളരെ പിശുക്കിയാണ് വിനോദ് വാക്കുകള്‍ ഉപയോഗിക്കുന്നത്. ഈ ചെറിയ പ്രായത്തില്‍ ഇത്രയും പിശുക്ക് പാടില്ല എന്നാണ് ഞാന്‍ പറയുക. ‘അതുകൊണ്ടാവണം ഇത്,ഇതു കൊണ്ടാവണം അത്’എന്ന മട്ടിലുള്ള മെറ്റാഫറുകള്‍ കുറെ സ്ഥലങ്ങളില്‍ ശ്രദ്ധിച്ചു ഇയാളുടെ കവിതകളില്‍. ഉദാഹരണം: ഉടുത്തുകെട്ട്, വാക്കുകളുടെ നഴ്സറി,പ്രിസം,ഇനിയുമുണ്ട് കുറേ. ഒരു ചോദ്യം വിനോദ്, ഇങ്ങനെയൊക്കെ ഊഹിച്ചു പറയാനും നിഗമനത്തിലെത്താനും, കവിതയെഴുത്ത് സി.ഐ.ഡി പണിയൊന്നുമല്ലല്ലോ?
ഇയാളെഴുതിയ പുതിയ കവിതകളില്‍ പ്രകടമാകുന്ന മാറ്റങ്ങള്‍ വളരെ സ്വാഗതാര്‍ഹമാണ്. താന്‍ ജീവിക്കുന്ന സ്ഥലത്തെ ഒരിക്കലും അടയാളപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലാത്ത,ഏതു ഭാഷയിലേക്കു വേണമെങ്കിലും വിവര്‍ത്തനം ചെയ്താലും സംവേദകതക്ക് വ്യത്യാസമുണ്ടാകാത്തതരം കവിതകളെഴുതുന്ന ഈ ചെറുപ്പക്കാരന്‍, തന്റെ ചുറ്റുപാടുകളെ ശ്രദ്ധിക്കാന്‍ തുടങ്ങി എന്നതിനു തെളിവാണ് വിവര്‍ത്തനം. ഒരേ ശൈലിയില്‍ സ്വയം തളക്കാതെ വ്യത്യസ്തതകളിലേക്ക് മേഞ്ഞുനടക്കാന്‍ ധാരാളം സമയം കിടക്കുന്നു വിനോദ്. പാഴാക്കരുത്.
Showing posts with label ടി.പി.വിനോദ്. Show all posts
Showing posts with label ടി.പി.വിനോദ്. Show all posts
Friday, 14 March 2008
Subscribe to:
Posts (Atom)