വായിച്ച് സ്തംഭിച്ചിരുന്നുപോയ കവിതകളില്‍ ഒന്നാണ് എന്‍.ജിയുടെ മധ്യവര്‍ത്തി പുല്ലിംഗം. യാത്രക്കിടയില്‍ ഒന്നു കയറിനോക്കിയപ്പോള്‍ ഹരിതകത്തില്‍ ഇന്ന് കണ്ടു. ആ സന്തോഷത്തില്‍ ഇത്രമാത്രം എഴുതി പോസ്റ്റിടാമെന്ന് കരുതി. ഇതിനെ കുറിച്ച് കുറച്ചധികം പറയാനുണ്ട്,തിരക്കൊഴിയുമ്പോള്‍. അതുവരെക്കും വായിക്കാന്‍ അന്‍വര്‍അലിയുടെ ലേഖനത്തില്‍ നിന്നും ഈ കവിതയുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങള്‍ ഇവിടെ പകര്‍ത്തിവെക്കുന്നു:
ഉടല്‍ ഒരു ഉള്‍നാടാണ്. സദാചാരവിലക്കുകളുടെ മാത്രമല്ല, ആത്മാവിന്റെയും/മനസ്സിന്റെയും ഉടയാടയ്‌ക്കുള്ളില്‍ തമസ്‌കരിക്കപ്പെട്ട ഉള്‍നാട്; ആത്മീയരതി-വിരതികളുടെ അനന്ത
സംഘര്‍ഷങ്ങള്‍ക്കിടയില്‍ മാനവികകവിത മിക്കവാറും മറന്ന `ത്വങ്‌മാംസരക്താസ്ഥിവിണ്‍മൂത്രരേതസ്സാര്‍ന്ന' ഇടം. എന്‍.ജി.യുടെ ഉടല്‍മൊഴികള്‍ മാനവികാകാശം വിട്ട് `സസ്‌തനജീവികളുടെ വിയര്‍പ്പ് രേതസ്സ് പേറ് പിറപ്പ് എത്ര അശുദ്ധിയെന്ന് ഭൂമിയിലാണ്ടു' (ഗര്‍ഭിണിപ്പെണ്ണുങ്ങള്‍) പോകുന്നു; `ഉദാരഗോളാന്തരപേടക' ത്തിലെ ഭ്രമക്കാഴ്‌ചകള്‍ക്കടിയില്‍നിന്ന് ഭൂമിയിലെ സര്‍വജീവജാലങ്ങളുടെയും ലിംഗനീളങ്ങളും യോനിക്കയങ്ങളും (ആരൊക്കെയോ കൊല്ലപ്പെട്ട രാത്രി) കുഴിച്ചെടുക്കുന്നു.
ആത്മാവിനെ/മനസ്സിനെ കേവലമായി ആദര്‍ശ
വത്‌കരിക്കുന്ന മാനവികപാരമ്പര്യത്തോടുള്ള വിമര്‍ശനം ഈ കവിയില്‍ പുരുഷലൈംഗികതയുടെ ഒരു പുതുനോക്കുകോണായി പ്രവര്‍ത്തിക്കുന്നുണ്ട്. ശരീരമാകുന്ന ജീര്‍ണ്ണവസ്‌ത്രം നിരന്തരം ഉപേക്ഷിച്ച് ആത്മാവ് പുതുവസ്‌ത്രം ധരിക്കുമെന്ന ദര്‍ശനത്തെ തലതിരിച്ചിടുന്നു ഈ നോക്കുകോണ്‍. ആത്മാവെന്ന/ മനസ്സെന്ന കേവലവസ്‌ത്രം ഉരിഞ്ഞുകളഞ്ഞ ലൈംഗികഉടലുകളുടെ ഉള്‍നാടന്‍ മൊഴികളാണ് `ഒരു മധ്യവര്‍ത്തി പുല്ലിംഗം സത്യവും മിഥ്യയും', `സൂചികുത്താനൊരിടം', `രാസം', `ഗര്‍ഭിണിപ്പെണ്ണുങ്ങള്‍' എന്നിവ. ഉപപ്രകരണമോ അനുഭാവമോ ആയി ഇനിയും നിരവധി കവിതകളില്‍ ലൈംഗികശരീരത്തിന്റെ നാട്ടിടവഴികള്‍ കാണാം.
അമര്‍ച്ച ചെയ്യാനാവാത്ത ഒരു ആഭ്യന്തരകലാപംപോലെ പുറത്തേക്ക് നീണ്ട ഉള്ളാണ് എന്‍.ജി.യുടെ കവിതകളിലെ `ലിംഗ'ബിംബം. `മോഹനം' എന്ന ആദ്യകാലകവിതയിലെ `ചിടുങ്ങാമണി' സംഭവബഹുലമായ ഒരു ലൈംഗിക `നായര്‍ചരിത' (`അച്ചീചരിത' ത്തിന് ഒരു ബദല്‍പദം) ത്തിലെ നായകകഥാപാത്രമായി വളരുന്നു `ഒരു മധ്യവര്‍ത്തി പുല്ലിംഗ....'ത്തില്‍.
കുഞ്ഞുന്നാളില്‍ നിക്കറിടാത്തപ്പോള്‍ അമ്മായി തോണ്ടി `ക്‌ണിം' എന്നു കേള്‍പ്പിച്ച ലിംഗം; കൗമാരത്തില്‍ എലികളുടെയും മരപ്പട്ടികളുടെയും തട്ടിന്‍പുറം പ്രകാശമാനമാക്കിക്കൊണ്ട് സചിത്രപുസ്‌തകത്തില്‍നിന്ന് സാറു പറയാത്ത രീതിയില്‍ വൈദ്യുതി ഉത്‌പാദിപ്പിച്ച ലിംഗം; യൗവനത്തില്‍ പിസാഗോപുരത്തേക്കാള്‍ അത്ഭുതകരമായി വളര്‍ന്ന് മൂക്കുകയറിടേണ്ട ജാതിയായി വിവാഹനിയമപ്രകാരം ഒരുവഴിക്കായ ലിംഗം; ശിഷ്‌ടകാലം സൂക്ഷ്‌മത്തില്‍ പല പൂച്ചെടികള്‍ തിന്ന് ചന്ദ്രഗുപ്‌തമൗര്യനെപ്പോലെ, ചെങ്കിസ്‌ഖാനെപ്പോലെ പരാക്രമിയായ് മേഞ്ഞുനടന്ന ലിംഗം; ഒടുവില്‍,
...കറുത്ത് ചുരുണ്ട്
കുഴല്‍ തറഞ്ഞ്
വെളിച്ചമുണ്ടാകട്ടെ
എന്നരുളിച്ചെയ്‌തിട്ടും
ലിംഗാഗ്രേ
ഒരിറ്റു മൂത്രം തിരളാതെ
അനസ്‌തേഷ്യയില്‍നിന്നുണരാതെ
ഉദയം കാണാതെ
കാലിയായ്
പഴങ്കഥപറച്ചിലിന്റെ വഴക്കത്തില്‍ ആണുടലിന്റെ കേരളീയമാതൃകയെ ആത്മപരിഹാസത്തോടെ ആഖ്യാനപ്പെടുത്തുന്നു ഈ കവിത. പ്രത്യക്ഷത്തില്‍ എന്‍.ജി.യുടെ ഉത്തരകാലകവിതകളുടെ സങ്കീര്‍ണ്ണതലം ഇതിലില്ലെങ്കിലും, അമര്‍ച്ചചെയ്യപ്പെട്ട ആണുടലിന്റെ ഒരു അധോലോകം ആഴത്തില്‍ നിഴലിക്കുന്നുണ്ട്. ഉടനീളം അകാല്‍പ്പനികച്ചിരിയുള്ള ഗൃഹാതുരതയോടെ, ഒരു ഉദ്ധൃതലിംഗത്തില്‍ ആണ്‍കോയ്‌മയുടെ ആധുനിക-മധ്യവര്‍ത്തി അധോലോകങ്ങള്‍ വായിച്ചെടുക്കുന്നവനാണ് `ഒരു മധ്യവര്‍ത്തി പുല്ലിംഗ....'ത്തിലെ വക്താവ്. `മോഹന' ത്തിലെ പുരുഷാഭിചാരം ആസുരഫലിതമുള്ള ഉണര്‍ത്തുതോറ്റമെങ്കില്‍ ഈ കവിതയിലേത് സെന്‍നര്‍മ്മമുള്ള സ്വയം തര്‍പ്പണം-
ചെറായി ബീച്ചില്‍
മണ്ണുപടുത്ത ലിംഗം
ഒരസ്ഥിക്കുടം
മകുടം
തിരതിരേയ് തിരതിര....
Showing posts with label എന്‍.ജി.ഉണ്ണികൃഷ്ണന്‍. Show all posts
Showing posts with label എന്‍.ജി.ഉണ്ണികൃഷ്ണന്‍. Show all posts
Friday, 28 March 2008
Saturday, 15 March 2008
എന്‍.ജി.ഉണ്ണികൃഷ്ണന്റെ കവിതകള്‍.
പ്രതിഭാധനനായ ഒരു കവിയാണ് എന്‍.ജി. അദ്ദേഹത്തെ വേണ്ടവിധം ആദരിക്കാന്‍ മലയാളി കാവ്യാസ്വാദകര്‍ക്ക് കഴിഞ്ഞിട്ടില്ല ഇതു വരെ. എന്‍.ജിയുടെ കവിതകളെപ്പറ്റി വാതോരാതെ സംസാരിക്കുന്നു അന്‍വര്‍അലി ഈ ലേഖനത്തില്‍.
ഇദ്ദേഹത്തിന്റെ പിരിയാറായ എസ്.ഐ വായിക്കുക. കവി ഒരാളോട് വഴിചോദിക്കുന്നു. വഴികാണിച്ചുകൊടുക്കുകമാത്രമല്ല, സ്നേഹത്തോടെ സല്‍ക്കരിക്കുകയും ചെയ്യുന്നു അയാള്‍. അയാളോട് എന്തെന്നില്ലാത്ത ബഹുമാനം തോന്നി കവിക്ക്. അയാള്‍ എസ്.ഐ ആണെന്നറിഞ്ഞപ്പോള്‍ പഴയ ഒരു മുയല്‍ വേട്ടയെപ്പറ്റി ഓര്‍ക്കുന്നതിനാലാവണം കവി ഞെട്ടിത്തരിക്കുന്നു. പിരിയാറായി. ഒരു കൊല്ലം മാത്രമാണ് ഇയാള്‍ ഇനി ‘സര്‍’ ആയി ഇരിക്കുകയുള്ളു. കെ.പി.എ.സി സണ്ണിയുടെ നേര്‍ത്ത ശബ്ദമാണ് ഇയാള്‍ക്ക്. പക്ഷെ എസ്.ഐ. അല്ലേ? ഇയാള്‍, ബാറ്റണ്‍ ഏതെങ്കിലും തടവുകാരിയുടെ ഗുഹ്യത്തില്‍ കയറ്റിയിട്ടുണ്ടാകുമോ?. മൊട്ടു സൂചിപ്രയോഗത്തില്‍ തടവുകാരനെക്കൊണ്ട് അമ്പത്തൊന്നക്ഷരവും പറയിച്ചിട്ടുണ്ടാവുമോ? പിന്നെയും കവി വിചാരിക്കുന്നു മുയല്‍ വേട്ടയില്‍ ഇയാള്‍ പങ്കെടുത്തുകാണില്ലെന്ന്.
ആയ കാലത്ത് തെറി വിളിച്ച നാവ് കാവാലം ശ്രീകുമാറിനെക്കാള്‍ കേമമായി വായിക്കുമോ രാമായാണം? സ്വഭാവം എത്ര കടുത്തതാണെങ്കില്‍ കാലക്രമത്തില്‍ പുളിക്കുകയും മധുരിക്കുകയും ചെയ്യുമോ?
എന്‍.ജിയുടെ മനോഹരമായ ‘അമ്മ നട’ എന്ന കവിത ഈ ലക്കത്തെ മലയാളത്തിലുണ്ട്.അതിവിടെ പകര്‍ത്തട്ടെ. മാതൃസങ്കല്‍പ്പങ്ങളെയെല്ലാം കീഴ്മേല്‍ മറിക്കുന്നു ഈ കവിത. ഡി.എ.കൂട്ടിയ സന്തോഷത്തില്‍ വന്ന മകന്‍ അമ്മക്ക് ഒരു സര്‍പ്രൈസ് ആയിക്കോട്ടെ എന്ന്‍ കരുതി 100 രൂപാ നോട്ട് പിന്നിലൂടെ പറത്തിക്കൊടുക്കുമ്പോള്‍ നാമ ജപമൊക്കെ മതിയാക്കി ആര്‍ത്തിയോടെ അത് കൈപ്പിടിയിലൊതുക്കുന്നു അമ്മ.
അമ്മനട:
-----------------------------------
നിലവിളക്കിന്റെ തിരിനീട്ടിയമ്മ
നരക വാരിധീ നടുവില്‍ നിന്നെന്നെ
കരകേറ്റീടണേ ശിവശംഭോയെന്ന്
പറത്തി പിന്നീന്ന്
ഒരു നൂറു രൂപ
വളര്‍നഖങ്ങളില്‍ ഇരകുരുങ്ങുന്ന
നരിതന്‍ മിന്നലോ
കുതിച്ചു പുഷ്പം പോല്‍ വെടിയുണ്ടപ്പന്ത്
കരത്തിലാക്കീടും ബ്രസീലിന്‍ ഗോളിയോ
പറന്നിറങ്ങുന്ന പടപട രൂപ
പിടിച്ചടക്കുന്നു
ഇവളുടെ രക്ത ധമനിയും
ശ്വാസഗതി ഹൃദയവും
പരപരാനേരം വെളുക്കുന്നേരത്തെ
കുളിര്‍ നെടുമ്പാത
വൃക്ക,വിസര്‍ജ്ജനങ്ങളും ദഹനവും
കൃത്യഘടികാരം
തിമിരക്കണ്ണിനു തിരയുന്നൂ
പൊട്ടച്ചെവി ഗ്രഹിക്കുന്നൂ
മകനു കൂടിയ പുതിയ ഡി.എ.വാര്‍ത്ത
ഇവളുടെ പലതരം മിരട്ടുകള്‍
ഇഹമേ വേണ്ടെന്ന നവരസങ്ങളും
ചിരിപ്പിക്കും പിന്നെക്കരയിക്കും
ചാപ്ലിന്‍ സിനിമയെപ്പോലെ
ചെറുസംഗതികള്‍
സ്വയം തെറുത്തിവള്‍
നിനക്കായ് നീട്ടിയ തിരിനാളം
കെടുമ്പൊളാ പിടച്ചിലാറ്റണേ
ഉറക്കത്തിലൊരു ഹൃദയസ്തംഭനം
ഇവള്‍ക്കേകീടണേ
ചരാചരങ്ങള്‍ രക്ഷിപ്പാന്‍
വിഷംകുടിച്ചോനേ
ശിവശംഭോ ശംഭോ!
----------------------------

Labels:
അമ്മ നട,
എന്‍.ജി.ഉണ്ണികൃഷ്ണന്‍,
പിരിയാറായ എസ്.ഐ.
Subscribe to:
Posts (Atom)