Monday, 31 March 2008

കടമ്മനിട്ടക്ക് ആദരാഞ്ജലികള്‍

മലയാളത്തിന്റെ ഒരുകാലത്തെ ശബ്ദവും ഊര്‍ജ്ജവുമായിരുന്ന കവി കടമ്മനിട്ട രാമകൃഷ്ണന് ആദരാഞ്ജലികള്‍.
കച്ചിയറുത്തു കലപ്പപിടിച്ചു
കരിപ്പാടങ്ങളിലെരുതിന്‍ വാലില്‍
തൂങ്ങിനടക്കും വായാടികളുടെ കൊച്ചുകുരുന്നുകള്‍
ആഞ്ഞിലിമൂട്ടില്‍ മണ്ണപ്പം ചുട്ടാറ്റിലെ നീരില്‍മൂത്രമൊഴിച്ചു
വിശപ്പിന്‍ നെഞ്ചത്താഞ്ഞുതൊഴിച്ചു
വിളര്‍ത്തുമെലിഞ്ഞു വളര്‍ന്നു വരുന്നതു
കണ്ടു നടന്നൂ ഞാ‍ന്‍.........

Sunday, 30 March 2008

സാന്റ് പേപ്പറില്‍ മായാത്തത്.

അനുഗൃഹീതമായ തൂലികയിലൂടെ സ്വപ്നങ്ങള്‍ വിരിയിക്കാന്‍ കഴിയും റഫീക്കിന്. എത്ര മനോഹരമാണ് അയാളുടെ ഈ തേപ്പുപണി എന്ന് നോക്കുക.
ഉപ്പാപ്പയെ/പുറത്തേക്കെടുക്കുമ്പൊള്‍/ഉമ്മാമയുതിര്‍ത്ത/നെടുവീര്‍പ്പുകളുടെ/കനം.
ഹോ! എന്തൊരു കനമാണെന്നോ വരികള്‍ക്ക്!.
വല്ലപ്പോഴും/നിന്നെപ്പോലൊരാള്‍/വന്ന്/എന്‍റെയീതിരക്കുകള്‍/കൂട്ടിവായിക്കുമെന്ന്/കണക്കുകൂട്ടിയിട്ടുണ്ട്/വളരേ മുമ്പേ.... എന്നു പറഞ്ഞതു എന്നെയുദ്ദേശിച്ചായതുകാരണം എങ്ങിനെ കൂട്ടിവായിക്കാതിരിക്കും ഈ കവിയെ. അടുക്കളയിലുള്ള ചിരവയിലൂടെ തേങ്ങ ചിരവി അരച്ച് കറിയുണ്ടാക്കിത്തരുന്ന ഇയാള്‍ക്ക് കഴിഞ്ഞ കുറേ നാളുകളായി ഹോം വര്‍ക്കിന്റെ അഭാവം ഉണ്ട്. ശ്രദ്ധയില്ലാതെ എഴുതിയ കുറേ കവിതകള്‍ കൊണ്ട് മറച്ചതിനാല്‍ യഥാര്‍ത്ഥ മുത്തുകളെ തിരഞ്ഞുപിടിക്കാന്‍ വായനക്കാരന് ബുദ്ധിമുട്ടുണ്ടാക്കുകയാണ് കവി. ബ്ലോഗില്‍ സജീവരായ കവികളോട് മൊത്തത്തിലുള്ള ഒരഭിപ്രായം നിങ്ങള്‍ വയറിളക്കക്കം ശമിക്കാനുള്ള ഔഷധം തേടണമെന്നതാണ്. ഇത്ര കവിതയെഴുതണമെന്ന് നേര്‍ച്ചയുണ്ടെങ്കില്‍ എഴുതി പെട്ടിയില്‍ വെച്ച് പൂട്ടണം, അല്ലാതെ പാവം വായനക്കാരെ ബുദ്ധിമുട്ടിക്കുകയല്ല വേണ്ടത് എന്നാണ് എന്റെ എളിയ അഭിപ്രായം.
ബ്ലോഗിലെ കവികളെയോ കവിതകളെയോ കുറിച്ച് അധികം ധാരണയില്ലാത്തതിനാലാണ് ഹരിതകത്തെ കൂട്ടുപിടിക്കുന്നത്. ഇയാളുടെ കവിതകളെകുറിച്ച് അറിഞ്ഞത് വിശാഖ് ശങ്കറിന്റെ വിനിമയങ്ങളില്‍ നിന്നാണ്. കവിതാ ചര്‍ച്ചകളില്‍ സനല്‍ ശശിധരനെപ്പോലുള്ളവരുടെ ഇടപെടലുകള്‍ ശ്രദ്ധേയവുമാണ്.

Friday, 28 March 2008

തിര തിരേയ് ....തിരതിര

വായിച്ച് സ്തംഭിച്ചിരുന്നുപോയ കവിതകളില്‍ ഒന്നാണ് എന്‍.ജിയുടെ മധ്യവര്‍ത്തി പുല്ലിംഗം. യാത്രക്കിടയില്‍ ഒന്നു കയറിനോക്കിയപ്പോള്‍ ഹരിതകത്തില്‍ ഇന്ന് കണ്ടു. ആ സന്തോഷത്തില്‍ ഇത്രമാത്രം എഴുതി പോസ്റ്റിടാമെന്ന് കരുതി. ഇതിനെ കുറിച്ച് കുറച്ചധികം പറയാനുണ്ട്,തിരക്കൊഴിയുമ്പോള്‍. അതുവരെക്കും വായിക്കാന്‍ അന്‍വര്‍അലിയുടെ ലേഖനത്തില്‍ നിന്നും ഈ കവിതയുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങള്‍ ഇവിടെ പകര്‍ത്തിവെക്കുന്നു:
ഉടല്‍ ഒരു ഉള്‍നാടാണ്‌. സദാചാരവിലക്കുകളുടെ മാത്രമല്ല, ആത്മാവിന്റെയും/മനസ്സിന്റെയും ഉടയാടയ്‌ക്കുള്ളില്‍ തമസ്‌കരിക്കപ്പെട്ട ഉള്‍നാട്‌; ആത്മീയരതി-വിരതികളുടെ അനന്ത
സംഘര്‍ഷങ്ങള്‍ക്കിടയില്‍ മാനവികകവിത മിക്കവാറും മറന്ന `ത്വങ്‌മാംസരക്താസ്ഥിവിണ്‍മൂത്രരേതസ്സാര്‍ന്ന' ഇടം. എന്‍.ജി.യുടെ ഉടല്‍മൊഴികള്‍ മാനവികാകാശം വിട്ട്‌ `സസ്‌തനജീവികളുടെ വിയര്‍പ്പ്‌ രേതസ്സ്‌ പേറ്‌ പിറപ്പ്‌ എത്ര അശുദ്ധിയെന്ന്‌ ഭൂമിയിലാണ്ടു' (ഗര്‍ഭിണിപ്പെണ്ണുങ്ങള്‍) പോകുന്നു; `ഉദാരഗോളാന്തരപേടക' ത്തിലെ ഭ്രമക്കാഴ്‌ചകള്‍ക്കടിയില്‍നിന്ന്‌ ഭൂമിയിലെ സര്‍വജീവജാലങ്ങളുടെയും ലിംഗനീളങ്ങളും യോനിക്കയങ്ങളും (ആരൊക്കെയോ കൊല്ലപ്പെട്ട രാത്രി) കുഴിച്ചെടുക്കുന്നു.

ആത്മാവിനെ/മനസ്സിനെ കേവലമായി ആദര്‍ശ
വത്‌കരിക്കുന്ന മാനവികപാരമ്പര്യത്തോടുള്ള വിമര്‍ശനം ഈ കവിയില്‍ പുരുഷലൈംഗികതയുടെ ഒരു പുതുനോക്കുകോണായി പ്രവര്‍ത്തിക്കുന്നുണ്ട്‌. ശരീരമാകുന്ന ജീര്‍ണ്ണവസ്‌ത്രം നിരന്തരം ഉപേക്ഷിച്ച്‌ ആത്മാവ്‌ പുതുവസ്‌ത്രം ധരിക്കുമെന്ന ദര്‍ശനത്തെ തലതിരിച്ചിടുന്നു ഈ നോക്കുകോണ്‍. ആത്മാവെന്ന/ മനസ്സെന്ന കേവലവസ്‌ത്രം ഉരിഞ്ഞുകളഞ്ഞ ലൈംഗികഉടലുകളുടെ ഉള്‍നാടന്‍ മൊഴികളാണ്‌ `ഒരു മധ്യവര്‍ത്തി പുല്ലിംഗം സത്യവും മിഥ്യയും', `സൂചികുത്താനൊരിടം', `രാസം', `ഗര്‍ഭിണിപ്പെണ്ണുങ്ങള്‍' എന്നിവ. ഉപപ്രകരണമോ അനുഭാവമോ ആയി ഇനിയും നിരവധി കവിതകളില്‍ ലൈംഗികശരീരത്തിന്റെ നാട്ടിടവഴികള്‍ കാണാം.

അമര്‍ച്ച ചെയ്യാനാവാത്ത ഒരു ആഭ്യന്തരകലാപംപോലെ പുറത്തേക്ക്‌ നീണ്ട ഉള്ളാണ്‌ എന്‍.ജി.യുടെ കവിതകളിലെ `ലിംഗ'ബിംബം. `മോഹനം' എന്ന ആദ്യകാലകവിതയിലെ `ചിടുങ്ങാമണി' സംഭവബഹുലമായ ഒരു ലൈംഗിക `നായര്‍ചരിത' (`അച്ചീചരിത' ത്തിന്‌ ഒരു ബദല്‍പദം) ത്തിലെ നായകകഥാപാത്രമായി വളരുന്നു `ഒരു മധ്യവര്‍ത്തി പുല്ലിംഗ....'ത്തില്‍.

കുഞ്ഞുന്നാളില്‍ നിക്കറിടാത്തപ്പോള്‍ അമ്മായി തോണ്ടി `ക്‌ണിം' എന്നു കേള്‍പ്പിച്ച ലിംഗം; കൗമാരത്തില്‍ എലികളുടെയും മരപ്പട്ടികളുടെയും തട്ടിന്‍പുറം പ്രകാശമാനമാക്കിക്കൊണ്ട്‌ സചിത്രപുസ്‌തകത്തില്‍നിന്ന്‌ സാറു പറയാത്ത രീതിയില്‍ വൈദ്യുതി ഉത്‌പാദിപ്പിച്ച ലിംഗം; യൗവനത്തില്‍ പിസാഗോപുരത്തേക്കാള്‍ അത്ഭുതകരമായി വളര്‍ന്ന്‌ മൂക്കുകയറിടേണ്ട ജാതിയായി വിവാഹനിയമപ്രകാരം ഒരുവഴിക്കായ ലിംഗം; ശിഷ്‌ടകാലം സൂക്ഷ്‌മത്തില്‍ പല പൂച്ചെടികള്‍ തിന്ന്‌ ചന്ദ്രഗുപ്‌തമൗര്യനെപ്പോലെ, ചെങ്കിസ്‌ഖാനെപ്പോലെ പരാക്രമിയായ്‌ മേഞ്ഞുനടന്ന ലിംഗം; ഒടുവില്‍,

...കറുത്ത്‌ ചുരുണ്ട്‌
കുഴല്‍ തറഞ്ഞ്‌

വെളിച്ചമുണ്ടാകട്ടെ
എന്നരുളിച്ചെയ്‌തിട്ടും
ലിംഗാഗ്രേ
ഒരിറ്റു മൂത്രം തിരളാതെ

അനസ്‌തേഷ്യയില്‍നിന്നുണരാതെ
ഉദയം കാണാതെ
കാലിയായ്‌

പഴങ്കഥപറച്ചിലിന്റെ വഴക്കത്തില്‍ ആണുടലിന്റെ കേരളീയമാതൃകയെ ആത്മപരിഹാസത്തോടെ ആഖ്യാനപ്പെടുത്തുന്നു ഈ കവിത. പ്രത്യക്ഷത്തില്‍ എന്‍.ജി.യുടെ ഉത്തരകാലകവിതകളുടെ സങ്കീര്‍ണ്ണതലം ഇതിലില്ലെങ്കിലും, അമര്‍ച്ചചെയ്യപ്പെട്ട ആണുടലിന്റെ ഒരു അധോലോകം ആഴത്തില്‍ നിഴലിക്കുന്നുണ്ട്‌. ഉടനീളം അകാല്‍പ്പനികച്ചിരിയുള്ള ഗൃഹാതുരതയോടെ, ഒരു ഉദ്ധൃതലിംഗത്തില്‍ ആണ്‍കോയ്‌മയുടെ ആധുനിക-മധ്യവര്‍ത്തി അധോലോകങ്ങള്‍ വായിച്ചെടുക്കുന്നവനാണ്‌ `ഒരു മധ്യവര്‍ത്തി പുല്ലിംഗ....'ത്തിലെ വക്താവ്‌. `മോഹന' ത്തിലെ പുരുഷാഭിചാരം ആസുരഫലിതമുള്ള ഉണര്‍ത്തുതോറ്റമെങ്കില്‍ ഈ കവിതയിലേത്‌ സെന്‍നര്‍മ്മമുള്ള സ്വയം തര്‍പ്പണം-

ചെറായി ബീച്ചില്‍
മണ്ണുപടുത്ത ലിംഗം
ഒരസ്ഥിക്കുടം
മകുടം
തിരതിരേയ്‌ തിരതിര....

Sunday, 23 March 2008

രാജ് നീട്ടിയത്തിന്റെ കവിതകള്‍

ആധുനികതയുടെ ഹാങ്ങ്-ഓവര്‍ വിട്ടുമാറാത്ത ഒരു കവിയാണ് രാജ് നീട്ടിയത്ത്. പറയാനുള്ളത് ദുര്‍ഗ്രഹതയിലൂടെ പറയുന്നതാണ് കവിത്വം എന്ന വികലമായ കാഴ്ചപ്പാടില്‍ നിന്നും ഈ കവി എന്നുപുറത്തുകടക്കുന്നുവോ അപ്പോള്‍ മാത്രമേ ഇയാള്‍ക്ക് മികവുതെളിയിക്കാന്‍ പറ്റൂ എന്നാണ് എന്റെ വായനയില്‍ തോന്നിയത്. ചെറിയ ഒരു അഭിപ്രാ‍യം ഇയാളുടെ കവിതയെപ്പറ്റി പറഞ്ഞപ്പോള്‍ അസഹിഷ്ണുക്കളായവര്‍ ഇയാളെ കുറച്ച് ഉപദേശിക്കുന്നത് നന്ന്. ഖകമേ എന്ന കവിതയില്‍ അവസാനത്തെ ഖണ്ഡിക എന്തിനാണെന്ന് എനിക്കു പിടികിട്ടുന്നില്ല. വിജയനെ വച്ച് ഉപജീവനം കഴിക്കുന്ന എഴുത്തുകാര്‍ ഇന്നുമുണ്ടെന്ന് കാണുമ്പോഴാണ് വി.കെ.എന്‍ എത്രമാത്രം ദീര്‍ഘദര്‍ശിയായിരുന്നുവെന്നതില്‍ നാം അത്ഭുതപ്പെടുക!. ഈ പൂരക്കവിതയില്‍ എനിക്ക് ശബ്ദങ്ങള്‍ മാത്രമേ കേള്‍ക്കാന്‍ കഴിയുന്നുള്ളൂ. ശബ്ദത്തിന് പറ്റിയത് കവിതയല്ല,മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ ചെണ്ടയാണ്. സബ്ജക്റ്റ് കൊണ്ട് മികച്ച ഒന്നായിരുന്നു കുളത്തിലെ സ്വയംഭോഗം. പക്ഷെ നേരത്തെ പറഞ്ഞ മിഥ്യാധാരണകള്‍ കൊണ്ടും കാലഹരണപ്പെട്ട വാര്‍പ്പുതോതു കൊണ്ടും ഈ കവിതയെ കളഞ്ഞുകുളിച്ചു ഈ ചെറുപ്പക്കാരന്‍. എന്റെ ബ്ലോഗിലെ തന്നെ ഒരു കമന്റിലൂടെയാണ് ഗുല്‍മോഹര്‍ എന്ന ഹിന്ദിപ്പേരന്വേഷിച്ചുപോയത്. കാളിദാസനും മുന്‍പേ വന്നതാണ് പൂവും സ്ത്രീയുമായുള്ള ഉപമയും ഉല്പ്രേക്ഷയും. പുഴ ആണ് ഭേദപ്പെട്ട ഒരു രചന. ടി.പി.രാജീവന്റെ പുഴയെയും വെള്ളത്തേയും കുറിച്ചുള്ള കവിതകള്‍ കുറെ കണ്ടതിനാല്‍ ഒട്ടു പുതുമയും തോന്നിയില്ല. പറഞ്ഞില്ലെങ്കില്‍പ്പോലും ഇതൊക്കെ തന്നെ വൈശാലിക്കഥയിലെ കാമ്പ്.
വായനയുടെ കുറവും അനാവശ്യമായ പിടിവാശികളുമായിരിക്കും ഇയാളുടെ ഉള്ളിലെ കവിക്ക് വിലങ്ങുതടിയാവുന്നത് എന്ന് തോന്നുന്നു. കവിത വളര്‍ത്താനാണ് ഇത്രയും പറഞ്ഞത് രാജ്,തളര്‍ത്താനല്ല. ഭാവുകത്വപരമായി സമകാലികമായിരിക്കുക എന്നത് ഔട്ട് ഓഫ് ഫാഷനൊന്നും അല്ല കവിതയില്‍. ആശംസകള്‍.

Thursday, 20 March 2008

കവിത കൊത്തുമ്പോള്‍

രണ്ടദ്ധ്യായങ്ങളുള്ള നഗരത്തിലാണ് ടി.പി. അനില്‍കുമാറിനെ ആദ്യമായി കണ്ടു മുട്ടുന്നത്. വാക്കുകളുടെ ഉളികൊണ്ട് ഇയാള്‍ കവിതകളില്‍ കൊത്തുന്നത് നോക്കി നിന്നുപോകും. പെണ്ണായേ ജനിക്കൂ ഞാനിനി എന്ന് തോന്നിപ്പോകുന്ന വിധത്തില്‍ മികച്ചതാണ് ഇയാളുടെ സ്ത്രീ ബിംബ കല്‍പ്പനകള്‍. അയ്യപ്പനെ കുറിച്ച് പലരുമെഴുതിയ കവിതകളില്‍വെച്ച് ഇഷ്ടമായ ഒന്നാണ് അനില്‍കുമാറെഴുതിയത്. കാവ്യാസ്വാദനത്തില്‍ സ്വയം മറന്നു നില്‍ക്കുന്ന മൂത്താശാരിയെ മറക്കാന്‍ കഴിയില്ല തന്നെ. മുറിയുടെ മൂലക്കുള്ള പഞ്ചാരയിട്ടു കത്തിച്ച പെണ്ണിന്റെ ചാരം നിറച്ച ഒരു കുടത്തെ പറ്റിയുള്ള ചിന്തകള്‍ ആണ് ഈ കവിതയില്‍. ഇത് നഷ്ടപ്രണയങ്ങളെ കുറിച്ചുള്ള ചിന്തയാവാം. മനസ്സില്‍ നിന്നും എത്ര ശ്രമിച്ചാലും മായാത്ത ഓര്‍മ്മകള്‍ അയവിറക്കുകയാവാം.
അതുല്യമായ ഒരു രചനയാണ് കൊടുങ്കാറ്റിന്റെ കൂടെപ്പോയ വീട്. കടപുഴയ്ക്കപ്പെട്ട മരത്തെ കിതച്ചുനില്‍ക്കുന്ന ഒരു പട്ടിയോട് ഉപമിച്ചിരിക്കുന്നത് എത്ര സമര്‍ത്ഥമായാണെന്ന് നോക്കുക.
ചിലപ്പോള്‍ ഒരു സാധാരണ ചെടി നമ്മെ എത്രയോ അകലേക്ക് കൊണ്ടുപോകും. ഒരു പ്രവാസിയുടെ കയ്യൊപ്പ് പതിപ്പിക്കുന്നുണ്ട്,കവി, കൊണ്ടുവരേണ്ടസാധങ്ങളെക്കുറിച്ചു പറയുമ്പോള്‍. കുഴൂര്‍ ഷഷ്ഠിയും ഈ കവിതയും ചേര്‍ത്തുവെച്ച് വായിക്കുമ്പോള്‍ ഒരു പ്രത്യേക സുഖം ആണ്. നിന്റെ കയ്യിലെന്തെങ്കിലുമുണ്ടോ,ഇവിടെ നിന്നു കൊണ്ടുപോയതെങ്കിലും എന്ന് ചോദിക്കുന്ന ബന്ധുജനങ്ങളാണ് അനില്‍ കുമാറിന്റെ കവിതയിലെങ്കില്‍, അവയവങ്ങളെല്ലാം ആഘോഷത്തിനു കൊടുത്തയച്ച് നിശ്ചലനായി കിടക്കുന്നു നായകന്‍, കുഴൂരിന്റെ കവിതയില്‍.
ഇങ്ങനെയൊക്കെയല്ലേ പ്രവാസികള്‍ക്ക് അവരുടെ മനോവ്യാപാരങ്ങള്‍ അടയാളപ്പെടുത്താന്‍ കഴിയൂ രാമചന്ദ്രന്‍? .

Wednesday, 19 March 2008

കോഴിയമ്മയെപ്പറ്റി

മികച്ച ഒരു കവിതയാണ് വിഷ്ണുപ്രസാദിന്റെ കോഴിയമ്മ. നിന്റെ ജീവിതം നിന്‍ കാര്യം മാത്രം, നേരമായി നിനക്കു ജീവിക്കാന്‍ എന്നൊക്കെ കടമ്മനിട്ടയുടെ അമ്മക്കോഴി പഠിപ്പിച്ചു വിട്ട മകള്‍ വളര്‍ന്ന് അമ്മയായപ്പോള്‍ ഇത്രക്കും തന്റേടം കാണിച്ചതിനാലാവണം, എനിക്ക് ഏറെ സന്തോഷം തോന്നി വായിച്ചപ്പോള്‍.
കോഴിയമ്മ സംഘബോധമില്ലാത്തവളാണോ എന്നു തോന്നും ആദ്യവായനയില്‍. പക്ഷെ മുട്ട കട്ടതിനെതിരെ സമരം ചെയ്യുവാനല്ല, ആശ്വസിപ്പിക്കുവാനാണ് ചുറ്റുമുള്ളവര്‍ ശ്രമിക്കുന്നത്. ഇവരുടെ വാക്കുകള്‍ കൊണ്ടും യാതൊരു പ്രയോജനവുമില്ലെന്ന ഉള്‍ക്കാഴ്ചയാണ് കോഴിയമ്മയെ നിങ്ങളൊക്കെ ആരാ എന്താ എന്ന് ചോദിപ്പിക്കുന്നത്. എന്തെങ്കിലും പ്രയോജനമുണ്ടോ ഈ കരച്ചില്‍ കൊണ്ട്,കോഴികള്‍ സംഘടിക്കുകയോ,ഭരണ ഘടന തിരുത്തുകയോ ഒക്കെ ചെയ്യുമോ എന്ന ചോദ്യവും കൂടിയായപ്പോള്‍ കോഴിയമ്മക്ക് സഹികെട്ടു. എന്റെ മുട്ട എന്റെ കരച്ചില്‍ എന്നത് ശക്തിയേറിയ ഒരു പ്രസ്താവനയാണ്. അതുകൊണ്ടാണോ എന്നറിയില്ല, നിങ്ങളൊക്കെ ആരാ എന്താ, എന്റെ ബ്ലോഗ് എന്റെ കവിത എന്ന് പരിഹസിക്കുന്ന മട്ടില്‍ വിഷ്ണുപ്രസാദ് ഒരു ദയാദാക്ഷിണ്യവുമില്ലാതെ പുള്ളിയുടെ ബ്ലോഗില്‍ കവിതകള്‍ എഴുതിനിറയ്ക്കുന്നത്.
ഇയാളുടെ സ്കൂള്‍ കവിതകളും വ്യത്യസ്തമാണ്. പിടിക്കപ്പെടുന്നതിന്റെ ത്രില്ലിനു വേണ്ടി കാത്തിരിക്കുന്ന ഈ കുട്ടിയെ എങ്ങനെ മറക്കും!.
ഒരു പാവം മീനിനെപ്പോലും തിന്നുവാനാവാത്ത സംസ്കൃതത്തെ അഭിസംബോധന ചെയ്യുകയാണ് ഇവിടെ. ഞാന്‍, എനിക്കു പുറത്തുള്ള ലോകം; ഈ ദ്വന്ദ്വവും അവ തമ്മിലുള്ള സംവാദവും സാധാരണമാണ് ഇയാളുടെ കവിതകളില്‍.

Tuesday, 18 March 2008

പരമ ദു:ഖം

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. ഇന്ന് ഇദ്ദേഹത്തിന്റെ പരമദു:ഖം വായിച്ചപ്പോള്‍ ഏറെ സന്തോഷിച്ചു. മലയാള കവിതക്ക് ഏറെ പരിചയമില്ലാത്ത എന്നാല്‍ മനുഷ്യന് ഏറെ പരിചയമുള്ള ഒരു അവസ്ഥയെയാണ് ഈ കവിതയില്‍ മനോഹരമായി പറഞ്ഞുവെച്ചിരിക്കുന്നത്. പ്രത്യേകിച്ച് ഒരു ഹേതുവുമില്ലാതെ കവി പൊട്ടിക്കരഞ്ഞുപോയി. ഈ കരച്ചില്‍ കൊണ്ട് ഒന്നും പ്രത്യേകിച്ച് സംഭവിച്ചുമില്ല. ആരും ചോദിച്ചുമില്ല,ഒരു പുല്ലുപോലും കുലുങ്ങിയുമില്ല,കവി ഇതാരോടും പറഞ്ഞുമില്ല. എന്താണ് കാരണമെന്നു തനിക്കു പോലും ചിന്തിക്കാന്‍ കഴിയാത്തത് എങ്ങനെ മറ്റുള്ളവരോടു പറയും?!
എത്ര ചാതുരിയാര്‍ന്ന കവിത!. മലയാള കവിതയുടെ ഈ മുത്തച്ഛനു നന്ദി.
ടി.പി.വിനോദിന്റെ കരച്ചിലിനോട് എന്ന കവിത ഇതിന്റെയൊപ്പം ചേര്‍ത്തുവായിക്കാവുന്നതാണ്. മറ്റൊരു കവിതയും ഈ വിഷയത്തെ അധികരിച്ച് എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.

Monday, 17 March 2008

വിവാഹ മോചനത്തിന്റെ തലേന്ന്

പി.അജിത്തിന്റെ കവിതകള്‍ ആദ്യമായി വായിച്ചത് ഹരിതകത്തില്‍ നിന്നാണ്. ഇത്രയും മനോഹരമായ ഭാഷ കയ്യിലുണ്ടായിരുന്ന ഇയാള്‍ ഇത്രകാലം എവിടെയാണ് ഒളിച്ചിരുന്നതെന്നു തോന്നി വായിച്ചപ്പോള്‍. എത്ര ചാതുരിയോടെയാണ് അജിത്ത് വിവാഹമോചനത്തിന്റെ തലേന്നത്തെ ദമ്പതികളുടെ മാനസിക,ശാരീരിക വ്യാപാരങ്ങള്‍ കോറിയിടുന്നത്. ‘നിന്റെ തുടകള്‍ക്കിടയില്‍ മാത്രം ഒതുങ്ങിക്കുതിച്ചു’ കിതച്ചു എന്ന ഓര്‍മ്മകളോടെ ചത്ത,കൊന്ന കുതിരയെയും നമുക്ക് മറക്കാന്‍ പറ്റില്ല. സംസ്കൃതത്തിനോട് പറയുന്നത് നോക്കുക.
മേഘസന്ദേശമായ്‌
ആകാശത്തില്‍ നീ അലയുമ്പോള്‍
മാനത്തുകണ്ണിയായ്‌
കലക്കവെള്ളത്തില്‍
ഞാന്‍ നീന്തിത്തുടിക്കും.
ചാവേറിന്റെ തെറിച്ച മുലകളും, കുട്ടിസ്രാങ്കിന്റെ ‘ഭാ‍’‘ര്യ’ യോടുള്ള വിരോധവുമൊക്കെ മലയാള കവിതയില്‍ അധികം കാണാന്‍ കഴിഞ്ഞിട്ടില്ല.സുന്ദരമായ താളത്തിലൂടെ ഉള്ളിലേക്കു കയറുന്നു പുലപ്പേടി.
2006 ഒക്ടോബര്‍ 22-നിറങ്ങിയ ദേശാഭിമാനി വാരിക കയ്യിലില്ലാത്തവര്‍ക്കായി അജിത്തിന്റെ ഈ കവിത ഇവിടെ എഴുതിവെക്കട്ടെ.
കല്യാണപ്പുരയിലെ സ്രാവ്:
---------------------------
മീഞ്ചാപ്പയില്‍ നിന്നും ഗുഡ്സ് ഓട്ടോയില്‍ കയറി
നേരേ പോരുകയായിരുന്നു
മുളങ്കാലുകളില്‍ ടാര്‍പോളിന്‍ വിരിച്ച
പന്തലിലേക്ക്
ഊരാങ്കുന്നിന്റെ മരക്കുതിരയില്‍ കയറി
സന്ധ്യ ഫ്യൂസ് കെട്ടുമ്പോള്‍
കല്യാണത്തലേന്ന്
രാത്രിയൂണിന്റെ ഒരുക്കങ്ങള്‍ക്കിടയിലേക്ക്
മുറിത്തേങ്ങകള്‍ കുതിച്ചു പായുന്ന
ചിരവയുടെ കുളമ്പടിയൊച്ചയില്‍
ഒരു തമാശയുടെ പൊട്ടിച്ചിരികേട്ട്
കണ്ണ് തുറന്നടച്ച്
തൊലി കളഞ്ഞ വെളുത്തുള്ളിയുടെ
പൊഴിഞ്ഞുവീണ മുത്തുകള്‍ക്ക് മിതെ
കഴുകിവെച്ച തക്കാളിയുടെ
പവിഴപ്പുറ്റുകള്‍ക്കിടയിലൂടെ
അരിഞ്ഞിട്ട കാബേജിന്റെ
കടല്‍പ്പൂക്കള്‍ക്കരികിലൂടെ
നിരനിരയായിട്ട അമ്മികളില്‍
അരക്കുന്ന പെണ്ണുങ്ങളുടെ
ചാഞ്ചാടുന്ന മുലകളിലുലഞ്ഞ്
മൂക്കുവിടര്‍ത്തി
മടക്കിക്കുത്തിയ മുണ്ടുകള്‍ ചുറ്റുന്ന
തെങ്ങിന്‍ ചോട്ടിലേക്ക് വഴുതിമാറാന്‍ ശ്രമിക്കവേ

മരപ്പലകയില്‍ വിരിച്ചിട്ട
നീളന്‍ വാഴയിലയില്‍ തെറിച്ചുവീണ്
ഒരു നൂറു രക്തപുഷ്പങ്ങളായ് നുറുങ്ങി
മഞ്ഞള്‍ പ്രസാദമായ് മാറി
ആളുകളുടെ നാവിന്‍തിരകളിലേക്ക്
കൂപ്പുകുത്തുമ്പൊഴും ചത്തിരുന്നില്ല

കൊന്നാലും ചാവില്ല.... ഉടുമ്പന്‍ സ്രാവാണ്
ജീവന്റെ തുള്ളികള്‍
എവിടെയോ വീണലിയുന്നത് മണത്ത്
കണ്ണുചിമ്മുന്ന തമാശയായ്
വിടര്‍ന്നടയുന്ന മൂക്കായ്
ശ്വസിക്കുന്ന ഓര്‍മ്മയായ്
ഓരോരുത്തരുടെയും കൂടെ
കല്‍പ്പടവുകളിറങ്ങി
കുണ്ടനിടവഴികളിലൂടെ
മുറ്റിയ ഇരുട്ടിലേക്ക്
ഊളിയിട്ടുപോയി.
------------------------
ഞാന്‍ ഈ കവിത, വാര്‍ത്തകളില്‍ അറുംകൊലകള്‍ നിറഞ്ഞുനിന്ന അടുത്തകാലത്ത് വീണ്ടും വായിച്ചപ്പോള്‍, പച്ചക്കറികളില്‍ മുയലിനോട് ചേര്‍ത്തുവെച്ചു മനസ്സില്‍.

Sunday, 16 March 2008

വൃത്തി

ഈ നാലുവരിപോലെ തുടച്ചു വൃത്തിയാക്കിയ കവിതകള്‍ കണ്ടുകിട്ടാന്‍ ബുദ്ധിമുട്ടാണ്. അനിത തമ്പിയുടെ പല കവിതകളിലും കടന്നു വരുന്നുണ്ട് ഈ വൃത്തിയാക്കലിന്റെ ഇതിവൃത്തം. അഴുക്ക്, മുറ്റമടിക്കുമ്പോള്‍ എന്നിവ ഉദാഹരണം. അഴുക്ക് എന്ന കവിതയില്‍ ‘പണ്ടേതോ ജന്തു ചത്ത കറ’ എന്ന് പറയുന്നതോടെയാണ് മരണത്തെക്കുറിച്ചുള്ള ചിന്തകള്‍ കടന്നു വരുന്നത്. മരിച്ച് മണ്ണടിഞ്ഞ് അഴകെല്ലാം അഴുക്കാവുന്നിടത്ത് വൃത്തിയുടെയും വെടിപ്പിന്റെയും ജീവിതത്തെ മറന്നേക്കാം,അതു വരെ ക്ഷമിച്ചേക്കാം എന്ന് നമ്മളും ചിന്തിച്ചുപോവുന്നു കവിത കഴിയുമ്പോള്‍.
ഏറെ ഇഷ്ടമുള്ള ഒരു കവിതയാണ് ചരിത്രം. അരിവാള്‍ചുറ്റികനക്ഷത്രത്തിലെ അകാല്‍പ്പനിക സൃഷ്ടിയായ ചുറ്റിക മാത്രം തന്റെ ഉത്ഭവത്തില്‍ മനം നൊന്ത് വെറും ചരിത്രമെന്നു പറഞ്ഞു ചുമരില്‍ തൂക്കിയിടാന്‍ മാത്രമുള്ള ചിത്രങ്ങളില്‍ ആണിയടിച്ചു കയറ്റുന്നു. എന്നാല്‍ കാല്‍പ്പനികമായ അരിവാള്‍, അര്‍ദ്ധചന്ദ്രനോടു ചേരുന്നു. നക്ഷത്രം കുഞ്ഞുങ്ങളുടെ കണ്ണിലേക്ക് വിരുന്നുപോവുകയും ചെയ്യുന്നു!. അനിതയുടെ കവിതകളില്‍ ‍അടിമുതല്‍ മുടിവരെ കവിത കാണാന്‍ പറ്റുന്നു. എന്നാല്‍ ഇന്നുകണ്ട ഒരു കവിതയില്‍ തലക്കെട്ടിലെ രണ്ടു വാക്കുകള്‍ക്കിടയിലുള്ള ഒരു ചിഹ്നത്തില്‍ മാത്രമാണ് എനിക്ക് എന്തെങ്കിലുമൊരു കവിതകാണാന്‍ കഴിഞ്ഞത്. എന്റെ തെറ്റ്.

Saturday, 15 March 2008

എന്‍.ജി.ഉണ്ണികൃഷ്ണന്റെ കവിതകള്‍.

പ്രതിഭാധനനായ ഒരു കവിയാണ് എന്‍.ജി. അദ്ദേഹത്തെ വേണ്ടവിധം ആദരിക്കാന്‍ മലയാളി കാവ്യാസ്വാദകര്‍ക്ക് കഴിഞ്ഞിട്ടില്ല ഇതു വരെ. എന്‍.ജിയുടെ കവിതകളെപ്പറ്റി വാതോരാതെ സംസാരിക്കുന്നു അന്‍വര്‍അലി ഈ ലേഖനത്തില്‍.
ഇദ്ദേഹത്തിന്റെ പിരിയാറായ എസ്.ഐ വായിക്കുക. കവി ഒരാളോട് വഴിചോദിക്കുന്നു. വഴികാണിച്ചുകൊടുക്കുകമാത്രമല്ല, സ്നേഹത്തോടെ സല്‍ക്കരിക്കുകയും ചെയ്യുന്നു അയാള്‍. അയാളോട് എന്തെന്നില്ലാത്ത ബഹുമാനം തോന്നി കവിക്ക്. അയാള്‍ എസ്.ഐ ആണെന്നറിഞ്ഞപ്പോള്‍ പഴയ ഒരു മുയല്‍ വേട്ടയെപ്പറ്റി ഓര്‍ക്കുന്നതിനാലാവണം കവി ഞെട്ടിത്തരിക്കുന്നു. പിരിയാറായി. ഒരു കൊല്ലം മാത്രമാണ് ഇയാള്‍ ഇനി ‘സര്‍’ ആയി ഇരിക്കുകയുള്ളു. കെ.പി.എ.സി സണ്ണിയുടെ നേര്‍ത്ത ശബ്ദമാണ് ഇയാള്‍ക്ക്. പക്ഷെ എസ്.ഐ. അല്ലേ? ഇയാള്‍, ബാറ്റണ്‍ ഏതെങ്കിലും തടവുകാരിയുടെ ഗുഹ്യത്തില്‍ കയറ്റിയിട്ടുണ്ടാകുമോ?. മൊട്ടു സൂചിപ്രയോഗത്തില്‍ തടവുകാരനെക്കൊണ്ട് അമ്പത്തൊന്നക്ഷരവും പറയിച്ചിട്ടുണ്ടാവുമോ? പിന്നെയും കവി വിചാരിക്കുന്നു മുയല്‍ വേട്ടയില്‍ ഇയാള്‍ പങ്കെടുത്തുകാണില്ലെന്ന്.
ആയ കാലത്ത് തെറി വിളിച്ച നാവ് കാവാ‍ലം ശ്രീകുമാറിനെക്കാള്‍ കേമമായി വായിക്കുമോ രാമായാണം? സ്വഭാവം എത്ര കടുത്തതാണെങ്കില്‍ കാലക്രമത്തില്‍ പുളിക്കുകയും മധുരിക്കുകയും ചെയ്യുമോ?

എന്‍.ജിയുടെ മനോഹരമായ ‘അമ്മ നട’ എന്ന കവിത ഈ ലക്കത്തെ മലയാളത്തിലുണ്ട്.അതിവിടെ പകര്‍ത്തട്ടെ. മാതൃസങ്കല്‍പ്പങ്ങളെയെല്ലാം കീഴ്മേല്‍ മറിക്കുന്നു ഈ കവിത. ഡി.എ.കൂട്ടിയ സന്തോഷത്തില്‍ വന്ന മകന്‍ അമ്മക്ക് ഒരു സര്‍പ്രൈസ് ആയിക്കോട്ടെ എന്ന്‍ കരുതി 100 രൂപാ നോട്ട് പിന്നിലൂടെ പറത്തിക്കൊടുക്കുമ്പോള്‍ നാമ ജപമൊക്കെ മതിയാക്കി ആര്‍ത്തിയോടെ അത് കൈപ്പിടിയിലൊതുക്കുന്നു അമ്മ.
അമ്മനട:
-----------------------------------
നിലവിളക്കിന്റെ തിരിനീട്ടിയമ്മ
നരക വാരിധീ നടുവില്‍ നിന്നെന്നെ
കരകേറ്റീടണേ ശിവശംഭോയെന്ന്

പറത്തി പിന്നീന്ന്
ഒരു നൂറു രൂപ

വളര്‍നഖങ്ങളില്‍ ഇരകുരുങ്ങുന്ന
നരിതന്‍ മിന്നലോ
കുതിച്ചു പുഷ്പം പോല്‍ വെടിയുണ്ടപ്പന്ത്
കരത്തിലാക്കീടും ബ്രസീലിന്‍ ഗോളിയോ

പറന്നിറങ്ങുന്ന പടപട രൂപ
പിടിച്ചടക്കുന്നു

ഇവളുടെ രക്ത ധമനിയും
ശ്വാസഗതി ഹൃദയവും
പരപരാനേരം വെളുക്കുന്നേരത്തെ
കുളിര്‍ നെടുമ്പാത
വൃക്ക,വിസര്‍ജ്ജനങ്ങളും ദഹനവും
കൃത്യഘടികാരം

തിമിരക്കണ്ണിനു തിരയുന്നൂ
പൊട്ടച്ചെവി ഗ്രഹിക്കുന്നൂ
മകനു കൂടിയ പുതിയ ഡി.എ.വാര്‍ത്ത

ഇവളുടെ പലതരം മിരട്ടുകള്‍
ഇഹമേ വേണ്ടെന്ന നവരസങ്ങളും

ചിരിപ്പിക്കും പിന്നെക്കരയിക്കും
ചാപ്ലിന്‍ സിനിമയെപ്പോലെ

ചെറുസംഗതികള്‍
സ്വയം തെറുത്തിവള്‍
നിനക്കായ് നീട്ടിയ തിരിനാളം
കെടുമ്പൊളാ പിടച്ചിലാറ്റണേ
ഉറക്കത്തിലൊരു ഹൃദയസ്തംഭനം
ഇവള്‍ക്കേകീടണേ
ചരാചരങ്ങള്‍ രക്ഷിപ്പാന്‍
വിഷംകുടിച്ചോനേ
ശിവശംഭോ ശംഭോ!
----------------------------

Friday, 14 March 2008

ട്രാജഡി

മലയാള കവിതയുടെ ഭാവിവാഗ്ദാനങ്ങളിലൊരാളാണ് ടി.പി.വിനോദ്. വാക്കുകളെ നന്നായി കാച്ചിക്കുറുക്കുവാനറിയുന്ന ഈ രസതന്ത്രഗവേഷകന്റെ നല്ലൊരു കവിതയാണ് ട്രാജഡി. ഒരു നാടകത്തിന്റെ സ്റ്റേജ് ആണ് വിഷയം.അപ്രതീക്ഷിതമായി വൈദ്യുതിനിലക്കുന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ലൌഡ് സ്പീക്കറില്‍ നിന്നും പുറത്തു വരുന്നു മൌനം എന്നത് നല്ലൊരു പ്രയോഗമാണ്. സംഭവം ആകെ കുഴഞ്ഞുമറിയുകയും ശബ്ദവും ഒച്ചയും പിരിഞ്ഞുപോകുകയും ചെയ്തപ്പോള്‍ അവിടെ പൂര്‍ണ്ണമാകാതെ കിടക്കുന്ന നാടകത്തിന്റെ ഇതിവൃത്തം, അടുത്ത സ്റ്റേജിനെപ്പറ്റി ചിന്തിക്കുകയാണ്! അടുത്ത സ്റ്റേജിലും ഇങ്ങനെ പറ്റുമോ,എന്തു ചെയ്യും എന്നൊക്കെയാവുമോ ചിന്ത. തികച്ചും സാമൂഹ്യപരമായ ഒരു വിഷയമെന്ന നിലയിലാണ് ഞാനിതിനെ വായിച്ചത്.
മറ്റൊരു നല്ല കവിതയാണ് എണ്ണയെന്ന ആത്മകഥയെപ്പറ്റിയുള്ള പിണ്ണാക്കിന്റെ സംസാരം. പി.രാമന്റെയും ഗോപീകൃഷ്ണന്റെയുമൊക്കെ സ്വാധീനം ഈ കവിയില്‍ കാണാന്‍ പറ്റുന്നുണ്ട്.
വളരെ പിശുക്കിയാണ് വിനോദ് വാക്കുകള്‍ ഉപയോഗിക്കുന്നത്. ഈ ചെറിയ പ്രായത്തില്‍ ഇത്രയും പിശുക്ക് പാടില്ല എന്നാണ് ഞാന്‍ പറയുക. ‘അതുകൊണ്ടാവണം ഇത്,ഇതു കൊണ്ടാവണം അത്’എന്ന മട്ടിലുള്ള മെറ്റാഫറുകള്‍ കുറെ സ്ഥലങ്ങളില്‍ ശ്രദ്ധിച്ചു ഇയാളുടെ കവിതകളില്‍. ഉദാഹരണം: ഉടുത്തുകെട്ട്, വാക്കുകളുടെ നഴ്സറി,പ്രിസം,ഇനിയുമുണ്ട് കുറേ. ഒരു ചോദ്യം വിനോദ്, ഇങ്ങനെയൊക്കെ ഊഹിച്ചു പറയാനും നിഗമനത്തിലെത്താനും, കവിതയെഴുത്ത് സി.ഐ.ഡി പണിയൊന്നുമല്ലല്ലോ?
ഇയാളെഴുതിയ പുതിയ കവിതകളില്‍ പ്രകടമാകുന്ന മാറ്റങ്ങള്‍ വളരെ സ്വാഗതാര്‍ഹമാണ്. താന്‍ ജീവിക്കുന്ന സ്ഥലത്തെ ഒരിക്കലും അടയാളപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലാത്ത,ഏതു ഭാഷയിലേക്കു വേണമെങ്കിലും വിവര്‍ത്തനം ചെയ്താലും സംവേദകതക്ക് വ്യത്യാസമുണ്ടാകാത്തതരം കവിതകളെഴുതുന്ന ഈ ചെറുപ്പക്കാരന്‍, തന്റെ ചുറ്റുപാടുകളെ ശ്രദ്ധിക്കാന്‍ തുടങ്ങി എന്നതിനു തെളിവാണ് വിവര്‍ത്തനം. ഒരേ ശൈലിയില്‍ സ്വയം തളക്കാതെ വ്യത്യസ്തതകളിലേക്ക് മേഞ്ഞുനടക്കാന്‍ ധാരാ‍ളം സമയം കിടക്കുന്നു വിനോദ്. പാഴാക്കരുത്.

എങ്ങനെ ഒരാളെ ആന്റികമ്യൂണിസ്റ്റാക്കാം?

ഒരു കവിസുഹൃത്ത് എന്നെ വെല്ലുവിളിച്ചു,പ്രമോദിനെ ഒരു കമ്യൂണിസ്റ്റ്വിരുദ്ധനാക്കാമോ എന്ന്‍. എന്തു തരും എന്ന് ഞാന്‍ ചോദിച്ചു. എഴുതിഫലിപ്പിച്ചാല്‍ ചോദിക്കുന്നതെന്തും തരാം എന്ന് പറഞ്ഞു. എങ്കില്‍ അരക്കൈ നോക്കിക്കളയാം എന്ന് ഞാനും.
പ്രത്യക്ഷത്തില്‍ കമ്യൂണിസ്റ്റ് ആശയങ്ങളെന്ന് തോന്നിക്കുകയും ഉള്ളില്‍ പാര്‍ട്ടിവിരുദ്ധ ചിന്താഗതികള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു പ്രമോദ് തന്റെ കവിതകളിലൂടെ!. തെരഞ്ഞെടുപ്പില്‍ കള്ളവോട്ടു ചെയ്യുന്ന ഈ കവി അവരുടെ മുദ്രാവാക്യങ്ങളെത്തന്നെ പരിഹസിക്കുന്നു. പ്രതികാരം ചെയ്യാന്‍ കഴിവില്ലാത്ത ഈ അടിമയുടെ ആത്മഗതം മാത്രമാണ് മര്‍ദ്ദകന്‍ ഭയക്കുന്നുണ്ടാകുമെന്നത്. അരിക്കുപോയ കുട്ട്യപ്പ തിരിച്ചുവന്നില്ല,മാത്രമല്ല വിശപ്പ് അത് പോലെ നിലനില്‍ക്കുകയും ചെയ്യുന്നു. വിപ്ലവം കൊണ്ടും രക്തസാക്ഷിത്വംകൊണ്ടുമൊന്നും ഒരു പ്രയോജനവുമില്ല എന്നല്ലേ ഇതിന്റെയൊക്കെ സാരം? പരാജയപ്പെട്ട മറ്റുചില സമരങ്ങളെപ്പറ്റിയാണ് ഇവിടെ പറയുന്നത്. ജയിലില്‍ നിന്നും പൊളിഞ്ഞ കലം പോലെയാണ് കുഞ്ഞാക്കമ്മ വരുന്നത്. എന്നിട്ട് ഗ്രാമീണര്‍ നെയ്യുന്നത് മീന്‍കറിയെക്കുറിച്ചൊരു സ്വപ്ന വല. വലനെയ്യുക മാത്രം ചെയ്യുന്നു. കടലില്‍പ്പോകുകയും മീന്‍ പിടിക്കുകയും മീന്‍ അരിയുകയും കറിവെക്കുകയുമൊക്കെ, ചെയ്യാതെ ബാക്കി കിടപ്പുണ്ട്. സ്വപ്നം കാണുന്നതിനാണോ കുഞ്ഞാക്കമ്മ ഇത്രയും ത്യാഗമൊക്കെ സഹിച്ചത്.?
കമ്യൂണിസ്റ്റുകാരുടെ കൂട്ടുകെട്ട് മൂലം ഒന്ന് പ്രേമിക്കാന്‍ പോലും കഴിഞ്ഞില്ല എന്ന് സങ്കടപ്പെടുകയാണ് ഇയാള്‍. പ്രവര്‍ത്തനത്തിലല്ല,പഴക്കമേറിയ പാര്‍ട്ടിഗൃഹാതുരത്വത്തിലാണ് ആളെപ്പറ്റിക്കാന്‍ പുള്ളിയുടെ വൃഥാ ഉള്ള നോട്ടം. ബ്രാഞ്ചുസെക്രട്ടറി വെറുതെയല്ല ഡോക്ടരെക്കാണാന്‍ പറഞ്ഞത്. ഇപ്പോളിവിടെ എന്തൊക്കെയോ നടന്നേക്കുമെന്ന പ്രതീക്ഷകളെ അപ്പാടെ തകിടം മറിച്ചുകൊണ്ട്, കാന്തലോട്ട് കുഞ്ഞമ്പുവിന്റെ കാപ്പിയും കുടിച്ച്, ഗ്ലാസ് വടിച്ചു കമിഴ്ത്തുകയാണ് ഈ കമ്യൂണിസ്റ്റ് വിരുദ്ധന്‍.
ഇനി വെല്ലുവിളിച്ച സുഹൃത്തിനോട് ഒരേയൊരു കാര്യം: ഒരു ബീഡിയുണ്ടോ സഖാവേ... ഒരേയൊരെണ്ണം? :)

Wednesday, 12 March 2008

മേസ്തിരിയും പാട്ടും

ലാളിത്യമാണ് എസ്.ജോസഫിന്റെ കവിതകളുടെ മുഖമുദ്ര. ജനപ്രിയനായ കവിയാണ് ഇന്ന്‍ ജോസഫ്. ചെറുപ്പമായിരുന്നപ്പോള്‍, കൂടെ നടന്നിരുന്ന തലമൂത്ത കവികളെല്ലാം കളിയാക്കുമായിരുന്നു,ഇതെന്തോന്ന് കവിതയെടേയ് എന്നൊക്കെ പറഞ്ഞ്. ആ കളിയാക്കിയ വിരുതന്മാരൊക്കെ അമ്പരന്നിരിപ്പുണ്ടാകും ഇപ്പോള്‍ ജോസഫിന്റെ പുസ്തകങ്ങള്‍ ചടപടേ എന്ന് വിറ്റഴിയുമ്പോള്‍. പഴയ വിമര്‍ശനങ്ങളൊക്കെയാവാം ഇയാളെ സ്വയം നവീകരണത്തിനും അതുവഴി നല്ലൊരു കവിയെന്ന നിലയിലേക്കുള്ള വളര്‍ച്ചക്കും സഹായിച്ചത്.
പാട്ട് നോക്കുക. ഇത്ര ലളിതമായ ശൈലിയില്‍ എത്ര ഗംഭീരമായാണ് ഇയാളെഴുതുന്നത്! സംഗതി ഇത്രയേ ഉള്ളൂ, ഒരാള്‍ ഒരു പാട്ടുപാടുന്നു. അര്‍ത്ഥമെന്താണാ പാട്ടിന്റെയെന്നൊന്നും അറിയില്ല. എങ്കിലും നമുക്ക് കേട്ടിരിക്കാം. അങ്ങനെയൊക്കെ തന്നെയല്ലേ നമ്മുടെ അനുഭവങ്ങളും?നാം പലപ്പോഴും പാട്ടുകള്‍ ആസ്വദിക്കുന്നതും പാടുന്നതുമൊന്നും അര്‍ത്ഥത്തിലൂന്നിക്കൊണ്ടായിരിക്കണമെന്നില്ലല്ലോ. ചില ഗാനങ്ങള്‍ കേട്ട് നമ്മള്‍ മതിമറന്ന് അങ്ങനെ ഇരിക്കും. നമ്മെ ആകര്‍ഷിക്കുന്ന എന്തോ ഒന്നുണ്ടാവും ആ പാട്ടില്‍. ഈ മരത്തിന് എത്ര ഇലകളുണ്ടെന്ന് പറയാനൊക്കാത്തതു പോലെ നമുക്ക് വ്യക്തമായി പറയുവാന്‍ പറ്റാത്ത എന്തോ ഒന്നുണ്ട് ഈ പാട്ടിലും.!!
ജോസഫിന്റെ കവിതകളില്‍ എറ്റവും ഇഷ്ടമായത് ‘മേസ്തിരി’യെ യാണ്. ഇന്റര്‍നെറ്റില്‍ തപ്പിനോക്കി ലിങ്കൊന്നും കാണാത്തതിനാല്‍ അതങ്ങനെ തന്നെ ഇവിടെ എഴുതിവെക്കുന്നു. ഇത്രയും ശ്രമകരമായ ഒരു ജോലി,മടിയനായ ഈ ഞാന്‍ ചെയ്യണമെങ്കില്‍ എത്രമാത്രം ഈ കവിതയെ ഇഷ്ടപ്പെടുന്നു എന്ന് മനസ്സിലാക്കാമല്ലോ.
മേസ്തിരി
ഒരു മേസ്തിരിയോടൊപ്പം പണിക്കു പോയി
ഉച്ചയ്ക്ക് ചോറുണ്ടു കഴിഞ്ഞ്
തൊഴുത്തിന്റെ തിണ്ണയിലിരുന്നു.
ഒരു കിളി വാഴപ്പഴം കൊത്തിത്തിന്നുന്നു
അതിനെ പിടിക്കാന്‍ പറ്റുമോ?
കപ്പളത്തിന്റെ പഴുത്ത കൈപറന്നു വീഴുന്നു.
അതുകൊണ്ട് ഒരോടക്കുഴലുണ്ടാക്കാം.
വൈകിട്ട് ഷാപ്പില്‍ വച്ച് മേസ്തിരി പറഞ്ഞു:
നിന്നെ ഈ പണിക്കു കൊള്ളില്ല.
നീ എന്തൊക്കെയോ പിറുപിറുക്കുന്നു.
ഇടയ്ക്കിടയ്ക്ക് ഓര്‍ത്തുനില്‍ക്കുന്നു
ചുറ്റികയ്ക്കു പകരം തൂമ്പാ കൊണ്ടു വരുന്നു
ചാന്തിനു പകരം ചുടുകട്ട കൊണ്ടുവരുന്നു
ഇരുമ്പുചട്ടിയുമായി എങ്ങോട്ടോ പോകുന്നു.

മേസ്തിരി ഈയിടെ മരിച്ചു.
വാഴപ്പഴം തിന്നുന്ന കിളിയും
കപ്പളത്തിന്റെ കൈയും
ഓര്‍മയിലുണ്ട്.

------------------------------------
മേസ്തിരിമാരോട് പോയി പണിനോക്കാന്‍ പറ ജോസഫേ, താങ്കള്‍ എഴുതുക.
ഇനി ഒരു നിര്‍ദ്ദേശം: ഒരേ രീതിയില്‍ അങ്ങനെ എഴുതി വിടരുത്. ഒരു നിയന്ത്രണമൊക്കെ വേണം എന്തിനും. എളുപ്പത്തില്‍ എഴുതാന്‍ പറ്റുമെന്ന് വെച്ച് എല്ലാറ്റിനെയും പിടിച്ച് കവിതയാക്കരുത്. വിമര്‍ശനം താങ്കളെ വളര്‍ത്തും എന്നറിയാവുന്നതുകൊണ്ടാണ് ഇത്രയും പറഞ്ഞത് കേട്ടോ.:). ജോസഫിന്റെ ബ്ലോഗ് ഇവിടെ.

മുഷ്ടിചുരുട്ടുമ്പോള്‍

ഗോപീകൃഷ്ണന്റെ മനോഹരമായ കവിതകളിലൊന്നാണ് മുഷ്ടി. സ്തുത്യര്‍ഹമായ ഭാഷയും ആശയവും നിറഞ്ഞതാണ് ഈ കവിത. കയ്യിലെ വിരലുകളെ,ഹരിതകം കൊതിച്ചു നില്‍ക്കുന്ന ഇലകളോട് താരതമ്യപ്പെടുത്തിയിരിക്കുന്നതിനെ എങ്ങനെ അഭിനന്ദിച്ചാലാണ് മതിവരിക!. ഉറുമ്പുകളെപ്പോലെ വളരെ അദ്ധ്വാനിച്ച് അത് ഭക്ഷണം ശേഖരിക്കുകയും കിളികളെപ്പോലെ അനായാസം വായിലെത്തിക്കുകയും ചെയ്യുന്നു. വളരെ ശാസ്ത്രീയവും അക്കാദമികവുമായ ഭാഷ കൈമുതലായുള്ള ഈ കവി വിരലുകളെ സ്നേഹത്തിന്റെ ഇന്ധനമുപയോഗിച്ച് പ്രിയപ്പെട്ടവരുടെ ശരീരത്തില്‍ സഞ്ചരിക്കുന്ന വാഹനമായി നോക്കിക്കാണുന്നു. ഇത്തരം കവിതകളെ നോക്കി നിന്നു പോകും എത്ര പരിചയിച്ചാലും. അനുഭവങ്ങളുടെ രഹസ്യമറിയാന്‍ ഭാഷയിലൂടെ പരതിനടക്കുകയും ചെയ്യുന്നു ഈ വിരലുകള്‍. കവിതയുടെ അവസാനത്തെ വരികളിലെ വിദഗ്ദ്ധമായ ഒരു ‘ട്വിസ്റ്റി’ലൂടെ നമ്മെ അത്ഭുതപ്പെടുത്തുന്നു ഗോപി. അപ്പോള്‍, പരിഹാസ്യരായി കൊലക്കയറില്‍ കഴുത്തുമുറുകുമ്പോളും പുറത്ത് ചുരുണ്ടു മുറുകിയ മുഷ്ടികള്‍ ആകാശത്തിലേക്കുയര്‍ന്ന് അതൊരു പുതിയ തലച്ചോറാകുന്നതും ഒരുപാട് മുദ്രാവാക്യങ്ങളുടെ മുഴക്കങ്ങള്‍ കാതുകളില്‍ ഇരമ്പുന്നതും നാം അറിയുന്നു.
മറ്റൊരു ഗംഭീരന്‍ കവിതയാണ് മണ്ടന്‍. ഗോപിയോടു എന്തെങ്കിലും വിരോധമുള്ളതുകൊണ്ടാണോ കാവ്യത്തിലിതു പോസ്റ്റ്ചെയ്ത സുനില്‍കൃഷ്ണാ, താങ്കള്‍, ‘മണ്ടന്‍,പി.എന്‍.ഗോപീകൃഷ്ണന്‍’ എന്ന് തലക്കെട്ടു കൊടുത്തത്?:).വളരെ തന്മയത്വത്തോടെ എഴുതിയിരിക്കുന്നു ഈ കവിത. എനിക്കുണ്ട് ഇപ്പോഴും, ഇലക്ട്രോണിക് സാധനങ്ങളൊക്കെ ഉപയോഗിക്കുമ്പോള്‍ ഒരു കൈവിറ. ഈ കവിതയിലെ 3-ആം ഖണ്ഡത്തിന്റെ അവസാനമുള്ള
‘സൈന്യം അതിര്‍ത്തിയിലല്ല
അകത്താണ്‌’
എന്ന വരികളിലാണ് ഗോപീകൃഷ്ണന്റെ തനതു ശൈലി നമുക്ക് ദര്‍ശിക്കാനാവുക. അവസാനത്തെ ഖണ്ഡത്തില്‍ മൊത്തം പ്രതികാരത്തിനായുള്ള ഒരുക്കമാണ്. ഇവിടെയും കാണുന്നു നാം ഒരു മുഷ്ടി ചുരുട്ടല്‍.

അഭിരാമിയുടെ കവിതകള്‍

ഈ കൊച്ചുകുട്ടിയുടെ കവിതകളെ ഞാന്‍ ഏറെ ബഹുമാനിക്കുന്നു. പാല്‍പ്പാത്രം തുറന്നപ്പോള്‍ മത്തായി കണ്ട കിടാവിന്റെ കരച്ചിലും പെന്‍സില്‍ സദ്ദാമിന്റെ അല്ലാഹു അക്ബര്‍ എന്ന വിളിയും തെലുങ്കനായ നിസാര്‍ വരച്ച സ്വപ്നത്തിന്റെ നിറമുള്ള ചിത്രവുമെന്നു വേണ്ട അഭിരാമിയുടെ എല്ലാ കവിതകളും മനസ്സില്‍ക്കൊള്ളുന്നു. കോളേജുകാരിപ്പെണ്‍കുട്ടിയെപ്പറ്റി എഴുതിയിരിക്കുന്നത് നോക്കുക,ഒരു ആറാം ക്ലാസ്സുകാരിപ്പെണ്‍കുട്ടി!.അല്ലെങ്കില്‍ വേണ്ട,ഞാന്‍ ഒന്നും പറയുന്നില്ല.വായിക്കാത്തവര്‍ വായിക്കുക. എന്തൊരാത്മവിശ്വാസവും ഓമനത്തവുമാണ് ആ ശബ്ദത്തിന്!. തുടര്‍ന്നും നിന്റെ വാക്കുകള്‍ക്കായി കവിതാസ്വാദകര്‍ കാത്തുനില്‍ക്കും,തീര്‍ച്ചയായും.
പ്ലൂട്ടോ എന്ന് ഗൂഗിളില്‍ അന്വേഷിച്ചപ്പോള്‍ കണ്ട രണ്ടു കവിതകളെ ഞാന്‍ നിങ്ങള്‍ക്ക് വായിക്കാന്‍ തരുന്നു. ഒന്ന് ഇതാണ്. മറ്റേത് ഇതും.
അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ?

Tuesday, 11 March 2008

തിരിച്ചുതന്നിരിക്കുന്നു മുപ്പത്തിമൂന്ന് ശതമാനം

ജയശ്രീയുടെ പരിത്യക്ത എന്ന കവിത മികച്ചതാണ്. അതിനാലാണ് ഈ കുറിപ്പിന്റെ തലക്കെട്ട് ഇങ്ങനെയായത്. ആരുടെ ഉറുമ്പാണു ഞാന്‍ എന്ന ആത്മഗതത്തിലവസാനിക്കുന്ന ആരോ എന്ന നല്ല കവിതയില്‍ കവയിത്രിക്ക് കുറച്ചുകൂടി ശ്രദ്ധചെലുത്താമായിരുന്നു. ആദ്യഖണ്ഡത്തിലെ ‘മല വീണു മൂടല്‍’ കൃത്രിമമായി തോന്നി. രണ്ടാം ഖണ്ഡത്തിലെ താളവ്യത്യാസം വളരെ മികച്ചതാണ്. ഇനി പാ‍ട്ടിന്റെ പാടവരമ്പിലൂടെ നമുക്ക് അല്‍പ്പമൊന്ന് പിറകോട്ട് പോകാം. നാടന്‍ പാട്ടിന്റെ മടിശ്ശീല കിലുക്കുന്ന സിനിമാരംഗം കവയിത്രിയെ കൂട്ടിക്കൊണ്ടുപോകുന്നു ഭൂതകാലത്തിലേക്ക്. നമുക്കും അങ്ങനെയാണല്ലോ പലപ്പോഴും. അങ്ങനെ പോയിപ്പോയി നാം ‘മലയാള നാട് ’വായിക്കുന്നു. അറിയില്ലേ ‘മലയാള നാടിനെ’.?എസ്.കെ.നായരുടെ നേതൃത്വത്തില്‍ കൊല്ലത്തു നിന്നും ഇറങ്ങിയിരുന്ന, അന്ന് ‘മാതൃഭൂമിയി’ലൊക്കെ കാണാമായിരുന്ന ആഢ്യത്തത്തിനെതിരെ നീന്തിക്കൊണ്ട് മലയാളിയുടെ വായനയെ ജനകീയവല്‍ക്കരിച്ച,വിജയന്റെ ധര്‍മ്മപുരാണവും,കൃഷ്ണന്‍ നായരുടെ വാരഫലവും ആദ്യം അച്ചടിച്ചുവന്ന മലയാള നാടിനെ?. അങ്ങനെയങ്ങനെ നമുക്ക് ഈ കവിതയിലൂടെ നൂണ്ടിറങ്ങാം.
മനോഹരമായ ഭാഷയും കവിത്വവുമുണ്ട് ഈ കവയിത്രിക്ക്. കവിതയിലൂടെ കഥ പറയുമ്പോള്‍ കഴിവതും ചുരുക്കിപ്പറയാന്‍ ശ്രമിക്കണമെന്നും കവിതയെഴുതുമ്പോള്‍ അലസതയെ മാറ്റി നിര്‍ത്തണമെന്നുമാണ് ജയശ്രീയോട് പറയാനുള്ളത്.

പൂത്ത പടി.

മരങ്ങളെന്നു കേള്‍ക്കുമ്പോള്‍ ഓര്‍മ്മവരും ഇപ്പോള്‍ വീരാന്‍ കുട്ടിയെ. അത്രമാത്രം എഴുതിയിട്ടുണ്ട് മരങ്ങളെപ്പറ്റി ഈ കവി. അതിനാലാവണം ചില തമാശക്കാര്‍ ഇദ്ദേഹത്തെ prominent environmental poet in malayalam എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. എത്ര അനായാസമാണ് ഉണങ്ങിയ ഒരുമരത്തെ കവി എന്നും പൂത്തുനില്‍ക്കുന്ന ഒരു മരമാക്കി മാറ്റുന്നതെന്നു നോക്കുക. അഭിനന്ദനീയമായ ഉപമയുടെ മിഴിവുണ്ട് പെണ്മരങ്ങള്‍ക്ക്. കൊച്ചുകൊച്ചു നിരീക്ഷണങ്ങളിലൂടെ വീരാന്‍ കുട്ടി അതിവിദദ്ധമായി കവിക്കുന്നു. വന്നു വന്ന് ഇപ്പോള്‍ മരങ്ങളെപ്പറ്റി ചെറുപ്പക്കാര്‍ക്കാര്‍ക്കും എഴുതാന്‍ പറ്റില്ല എന്നായി. എങ്കിലും ലതീഷ് മോഹന്‍ ആമരമീമരം എഴുതി എന്നത് വേറെ കാര്യം. ഇനി കെ.ആര്‍.ടോണി ഉങ്ങ് എഴുതിയത് തന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന് വീരാന്‍ കുട്ടിക്കു തോന്നിയാലും തെറ്റുപറയാന്‍ പറ്റില്ല. മരങ്ങളെ ചുറ്റിപ്പറ്റി മാത്രം നില്‍ക്കാതെ മറ്റുമേഖലകളില്‍ കൂടി സര്‍ഗധനനായ ഈ കവി ശ്രദ്ധചെലുത്തിയെങ്കില്‍!.

Monday, 10 March 2008

പച്ചക്കറികളിലെ മുയലിനെപ്പറ്റി

ടി.പി.രാജീവന്റെ പച്ചക്കറികളില്‍ മുയല്‍ വായിച്ചപ്പോള്‍ വല്ലാത്ത ഒരു വികാരമാണ് ഉണ്ടായത്. ചെറുപ്പം മുതല്‍ മുയലുകളെ ഇഷ്ടമായതിനാലോ മുയലുകളുടെ നിഷ്കളങ്കതയും നിസ്സഹായതയും മനസ്സില്‍ പ്രതിഷ്ഠ നേടിയതിനാലോ എന്നറിയില്ല തക്കാളിയെ ഉപമിക്കാന്‍ പറ്റിയ മറ്റൊരു ജീവിയുമില്ല എന്ന് വായിച്ചപ്പോള്‍ തോന്നി. അറുക്കാനായ് കൊണ്ടുപോകുന്ന മുയലുകളോടാണ് കറിവെക്കാന്‍ കൊണ്ടുപോകുന്ന തക്കാളിയെ താരതമ്യപ്പെടുത്തുന്നത്. കശാപ്പുചെയ്യപ്പെടുന്നത് ആരുടെയോ കാര്യലാഭത്തിനുതന്നെ വേണ്ടിത്തന്നെയാവുമെന്ന് അറിയാം. ചേനയെപ്പോലെ ഒന്ന് ചൊറിയിപ്പിക്കുകയോ പാവക്ക പോലെ ഒന്ന് കയ്പ്പിക്കുകയോ ചക്കപോലെ മുള്ളുകൊണ്ട് വേദനിപ്പിക്കുകയോ വാഴക്ക പോലെ കറതെറിപ്പിക്കുകയോ പോലും ചെയ്യാതെ ഒരു പ്രതിഷേധശബ്ദം പോലുമുയര്‍ത്താതെ തങ്ങള്‍ കൊലക്കത്തിക്ക് ഇരയാവുന്നു എന്ന് തിരിച്ചറിയുന്നു തക്കാളികള്‍. കെ.ജി.എസ്സിന്റെ ‘കഷണ്ടി’ യിലെ വരികളാണ് ഓര്‍മ്മ വന്നത്:കുട്ടുകാരാ,പറയേണ്ടതു പറയാതെ/ ഒരു പട്ടിപോലുമല്ലാതെ/ വാലുപോലുമില്ലാതെ/നരകത്തില്‍പ്പോലും പോകാതെ/ഈ സൌധങ്ങളില്‍ നാം ചീഞ്ഞുനാറുന്നു.
പച്ചക്കറികളില്‍ മുയല്‍ എന്ന് തിരിച്ചറിയുന്നത് നല്ലൊരു കാര്യമാണ്. ഈ തിരിച്ചറിവിനു ശേഷമെടുക്കുന്ന നിലപാടുകളാണ് പ്രധാനപ്പെട്ടത്.

കുഴൂര്‍ ഷഷ്ഠിയും കുറച്ചു കാര്യങ്ങളും

ആധുനിക മലയാളകവിതയില്‍ പി.രാമനുശേഷമുള്ള തലമുറയിലെ സര്‍ഗധനരായ കവികളില്‍ ശ്രദ്ധേയനാണ് കുഴൂര്‍ വില്‍സന്‍ എന്നതിന്റെ തെളിവായി കുഴൂര്‍ ഷഷ്ഠിയുടെ അന്ന് നാട്ടിലുള്ള നിനക്ക് എന്ന കവിത മാത്രം മതി. സ്വന്തം മണ്ണിനെയും മനുഷ്യരേയും വിട്ട് അന്യദേശത്ത് താമസിക്കുന്ന ഒരുവന്റെ മനസ്സിനെ അങ്ങനെ തന്നെ പകര്‍ത്തിയെടുത്തിരിക്കുന്നു കുഴൂര്‍ ഈ കവിതയില്‍. കുഴൂര്‍ ഷഷ്ഠി ആഘോഷിക്കാന്‍ കൊടുത്തയച്ച കാലിനെയും കയ്യിനെയും നാവിനെയും തിരിച്ചയക്കാന്‍ പറയുന്നു അവസാനം കവി. ഇത് വായിക്കുമ്പോള്‍ നമ്മളും നിശ്ചലരായിപ്പോകും,കാരണം കവിതയിലൂടെ നമ്മളും കൊടുത്തയക്കുകയാണ് നമ്മുടെ അവയവങ്ങളെ കവിക്കൊപ്പം. ഇവിടെയാണ് വിത്സന്റെ വിജയം. ഇയാള്‍ എഴുതിയ കണ്ണ്, രാജ്യം,നിലത്ത് വെച്ചിട്ടില്ല തുടങ്ങിയ ‘സ്കൂള്‍ കവിതകള്‍’ മികച്ചതാണ്. പൊട്ടിമേരിയെയും രാമചന്ദ്രനെയും തന്നെയുമൊക്കെ ഒറ്റക്കാക്കി അവര്‍ 43 പേര്‍ ജയിച്ചുകയറിയപ്പോള്‍ മീനാക്ഷിട്ടീച്ചര്‍ ചോദിക്കുന്നു,‘നിനക്കെന്തിന്റെയായിരുന്നു കുറവ്?’ കാന്‍സര്‍ ബാധിച്ച് മുലമുറിച്ചു മാറ്റപ്പെട്ട ടീച്ചറോട് ‘കണ്ണു പറ്റിയതാണ് ടീച്ചറേ’ എന്ന് ഉത്തരം നല്‍കുന്നു കവിതയിലെ നായകന്‍. ഉത്തരം ശരിയാണെങ്കില്‍ ഇനി എന്നെ ഏഴിലേക്ക് പറഞ്ഞുവിട് എന്ന് പറയുമ്പോള്‍ ഒരുതരം നിസ്സംഗത ആണ് വായനക്കാരനെ മഥിക്കുന്നത്. ഒരു കൂട്ടമണിയടിയോടെ ഒരു സാമ്രാജ്യം അപ്രത്യക്ഷമാവുമ്പോള്‍ സ്കൂള്‍ അസംബ്ലികളില്‍ വരിവരിയായി നില്‍ക്കുന്ന കുട്ടികളുടെ മനസ്സിലെ ‘രാജ്യം’എന്ന സങ്കല്‍പ്പത്തെ വിദഗ്ദ്ധമായി വരച്ചുതീര്‍ക്കുന്നു കവി. മറന്നുവെച്ച കുടയുടെ ആകുലതകള്‍ കാണാം നിലത്ത് വെച്ചിട്ടില്ല എന്ന കവിതയില്‍. തത്വചിന്താപരമായ സംവേദനങ്ങള്‍ മുറിച്ചുകടക്കല്‍ എന്ന കവിത സാദ്ധ്യമാക്കുന്നു. ഇപ്പോള്‍ കുഴൂര്‍ കവിതകളില്‍ പൊതുവെ കണ്ടു വരുന്ന അപേക്ഷയിലൂടെയുള്ള അഭിസംബോധനകള്‍ പരമാവധി കുറക്കാന്‍ ഈ കവി ശ്രമിച്ചിരുന്നെങ്കില്‍ എന്ന് തോന്നിപ്പോകാറുണ്ട് പലപ്പോഴും. നോസ്മോക്കിങ്ങില്‍ ദൈവത്തെ വിളിച്ച്, ശരീരമേ ശരീരമേ ശരീരത്തിന്റെ ആത്മാവേ എന്നും ആരുടേയുമല്ല, എന്നെ വിടൂഞാന്‍ ആരുടേയുമല്ല , എന്നെ വിടൂ എന്നും വിലപിച്ച് കെട്ടുവള്ളി കളയല്ലേ ഒടുക്കത്തെ വായനക്കാരാ എന്ന കവിതയില്‍ എത്രമാത്രം വിളികളാണ് വിളിക്കുന്നത് എന്നു നോക്കുക. മതപരമെന്ന് തോന്നിയേക്കാവുന്ന ഇത്തരം അപേക്ഷകളില്‍ കുരുങ്ങിക്കിടക്കാതെയും, ഈ ശൈലിയെ തന്റെ തനതു ശൈലിയായി പ്രതിഷ്ഠിക്കാതെയും കവിതയിലേക്കെത്താന്‍ മറ്റു സങ്കേതങ്ങളെ തേടിയിരുന്നെങ്കില്‍ ഈ കവി!.

Saturday, 8 March 2008

ആടിയാടി അലഞ്ഞ മരങ്ങള്‍

അന്‍വര്‍ അലിയുടെ മികച്ച രചനകളില്‍ ഒന്നാണ് ആടിയാടി അലഞ്ഞ മരങ്ങളേ... മഹാകവി കുമാരനാശാന്‍ 1919-ല്‍ എഴുതിയ, പ്രരോദനത്തിലെ ‘നീലപ്പുല്‍ത്തറകള്‍ക്കുമേല്‍’ എന്ന വരികളിലൂടെയാണ് ഈ കവിതയുടെ തുടക്കം. ആധുനിക മലയാളഭാഷയെയും സാഹിത്യത്തെയും രൂപപ്പെടുത്തിയെടുക്കുന്നതില്‍ നിസ്തുലമായ സേവനങ്ങള്‍ ചെയ്ത ഭാഷാപണ്ഡിതനും,കവിതാ നിരൂപകനും കവിശ്രേഷ്ഠനുമൊക്കെയായ ശ്രീ.എ.ആര്‍.രാജരാജവര്‍മ്മയുടെ സ്മരണാര്‍ത്ഥം എഴുതിയ പ്രരോദനത്തില്‍, അദ്ദേഹത്തെ, തന്റെ കീഴില്‍ വളരുന്ന പുല്‍ച്ചെടികള്‍ക്ക് തണലും സംരക്ഷണയുമേകി മരുവുന്ന ഒരു പടുകൂറ്റന്‍ മാവിനോടാണ് കുമാരനാശാന്‍ ഉപമിച്ചിരിക്കുന്നത്. പ്രരോദനത്തില്‍ ഏ.ആറിനെ ഉപമിച്ചിരിക്കുന്ന പടുകൂറ്റന്‍ മാവ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് അങ്കണത്തില്‍ 2006 വരെ ഉണ്ടായിരുന്നു. അതിന്റെ ചുവട്ടില്‍ കവികളുടെയും നിരൂപകരുടെയും മറ്റ് സാഹിത്യകുതുകികളുടെയും ചിന്തകരുടെയുമൊക്കെ ഒരു സംഘം എന്നും മേളിച്ചിരുന്നു. അന്‍വര്‍ അലിയും ആ സംഘത്തിലെ അംഗമായിരുന്നിരിക്കണം യൂണിവേഴ്സിറ്റി കോളേജില്‍ പഠിച്ചിരുന്ന കാലത്ത്.!
നഷ്ടബോധത്തിന്റെ ഒരു കാറ്റ് അനുഭവിക്കാനാകുന്നുണ്ട് ഈ കവിതയിലൂടെ നടക്കുമ്പോള്‍. സമൃദ്ധിയുടെ പഴമയോടും,ഒരായിരം സൂര്യനുവേണ്ടി ജീവന്‍ ബലികൊടുത്തവരോടും,ഉളിയുടക്കുന്ന ദൃഢതയോടും, പിന്നെ കാറ്റിന്‍പിറകേ അലഞ്ഞു തിരിയാന്‍ പോയ ഇളമുറകളോടും അടിപതറിയ നിലപാടുകളോടും കവി സങ്കടം പറയുന്നു.
“ആടിയാടിയലഞ്ഞ് നാവുകുഴഞ്ഞ്
എടുപിടീന്നൊരുനാള്‍...
ശരി, പിന്നെക്കാണാംന്ന്
പൊറിഞ്ഞിട്ടേലും പോകാരുന്നില്ലേ?”
എത്ര ഗംഭീരമായ ഭാഷയാണിത്!.
ഇത് വായിച്ചപ്പോള്‍ ജോണിനെയും മറ്റുംഓര്‍ത്തുപോയതിനാലാണോ എന്നറിയില്ല,കണ്ണുനിറയുന്നു. അകാലത്തില്‍ അസ്തമിച്ചുപോയ ചില സുഹൃത്തുക്കളെ ഓര്‍ക്കുകയാവില്ലേ കവിയും ഇവിടെ?
എന്തൊക്കെ സ്വപ്നങ്ങളായിരുന്നിരിക്കണം! ദൈവം തമ്പുരാനേ എന്ന വിളിയില്‍ കാണാനാകുന്നുണ്ട് എല്ലാം.
ആഴിയാഴിയഴഞ്ഞ് ...എഴുപിഴീന്ന്..
വ്യക്തിപരമായ ദു:ഖത്തേക്കാള്‍ സാഹിത്യ സാംസ്കാരിക രംഗത്തുണ്ടായ നഷ്ടങ്ങളെപ്പറ്റി സംവദിക്കുകയും എന്തൊക്കെ ആയിത്തീരേണ്ടവരാണ് നാം എന്നതിനെക്കുറിച്ചുള്ള ഒരു ബോധം നമ്മിലുണ്ടാക്കുകയും ചെയ്യുന്നു ഈ കവിത.