അനുഗൃഹീതമായ തൂലികയിലൂടെ സ്വപ്നങ്ങള്‍ വിരിയിക്കാന്‍ കഴിയും റഫീക്കിന്. എത്ര മനോഹരമാണ് അയാളുടെ ഈ തേപ്പുപണി എന്ന് നോക്കുക.
ഉപ്പാപ്പയെ/പുറത്തേക്കെടുക്കുമ്പൊള്‍/ഉമ്മാമയുതിര്‍ത്ത/നെടുവീര്‍പ്പുകളുടെ/കനം.
ഹോ! എന്തൊരു കനമാണെന്നോ വരികള്‍ക്ക്!.
വല്ലപ്പോഴും/നിന്നെപ്പോലൊരാള്‍/വന്ന്/എന്‍റെയീതിരക്കുകള്‍/കൂട്ടിവായിക്കുമെന്ന്/കണക്കുകൂട്ടിയിട്ടുണ്ട്/വളരേ മുമ്പേ.... എന്നു പറഞ്ഞതു എന്നെയുദ്ദേശിച്ചായതുകാരണം എങ്ങിനെ കൂട്ടിവായിക്കാതിരിക്കും ഈ കവിയെ. അടുക്കളയിലുള്ള ചിരവയിലൂടെ തേങ്ങ ചിരവി അരച്ച് കറിയുണ്ടാക്കിത്തരുന്ന ഇയാള്‍ക്ക് കഴിഞ്ഞ കുറേ നാളുകളായി ഹോം വര്‍ക്കിന്റെ അഭാവം ഉണ്ട്. ശ്രദ്ധയില്ലാതെ എഴുതിയ കുറേ കവിതകള്‍ കൊണ്ട് മറച്ചതിനാല്‍ യഥാര്‍ത്ഥ മുത്തുകളെ തിരഞ്ഞുപിടിക്കാന്‍ വായനക്കാരന് ബുദ്ധിമുട്ടുണ്ടാക്കുകയാണ് കവി. ബ്ലോഗില്‍ സജീവരായ കവികളോട് മൊത്തത്തിലുള്ള ഒരഭിപ്രായം നിങ്ങള്‍ വയറിളക്കക്കം ശമിക്കാനുള്ള ഔഷധം തേടണമെന്നതാണ്. ഇത്ര കവിതയെഴുതണമെന്ന് നേര്‍ച്ചയുണ്ടെങ്കില്‍ എഴുതി പെട്ടിയില്‍ വെച്ച് പൂട്ടണം, അല്ലാതെ പാവം വായനക്കാരെ ബുദ്ധിമുട്ടിക്കുകയല്ല വേണ്ടത് എന്നാണ് എന്റെ എളിയ അഭിപ്രായം.
ബ്ലോഗിലെ കവികളെയോ കവിതകളെയോ കുറിച്ച് അധികം ധാരണയില്ലാത്തതിനാലാണ് ഹരിതകത്തെ കൂട്ടുപിടിക്കുന്നത്. ഇയാളുടെ കവിതകളെകുറിച്ച് അറിഞ്ഞത് വിശാഖ് ശങ്കറിന്റെ വിനിമയങ്ങളില്‍ നിന്നാണ്. കവിതാ ചര്‍ച്ചകളില്‍ സനല്‍ ശശിധരനെപ്പോലുള്ളവരുടെ ഇടപെടലുകള്‍ ശ്രദ്ധേയവുമാണ്.
Sunday, 30 March 2008
Subscribe to:
Post Comments (Atom)
37 comments:
നമ്മുടെ പറമ്പുകളിലല്ലേ നാം വയറിളക്കുന്നത്?:)
നമ്മുടെ ഗൂഗിള്‍ പറമ്പുകള്‍ അല്ലേ പ്രമോദേ :))
ഉമ്പാച്ചിയെ പോലെ പ്രതിഭയുള്ള ഒരു യുവ കവിയിലേയ്ക്ക് നിങ്ങളെ എത്തിക്കാന്‍ ആയതില്‍ ഒരുപാട് സന്തോഷം.
ഉമ്പാച്ചികവിതകളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവയാണ് സാന്റ് പേപ്പര്‍, ചൂട്, രൂഹ് തുടങ്ങിയവ.
നല്ലതിന്റെ കൂട്ടത്തില്‍ കുറേ മോശം കവിതകളും എഴുതും ചില കവികള്‍.അത്തരം കവിതകള്‍ ഏറ്റവും മികച്ചതിലേയ്ക്ക് എത്തുവാനുള്ള അവരുടെ ഒരു തയ്യാറെടുപ്പായിരിക്കാം.നിരാശപ്പെടുത്തുന്ന ഏതാനും കവിതകള്‍ക്കു ശേഷം വീണ്ടും തുളച്ചു കയറുന്ന ഒരു കവിത അവരില്‍ നിന്നും ലഭിക്കുമ്പോള്‍ ഉള്ള ഒരു ത്രില്ലുണ്ടല്ലോ (ഉമ്പാച്ചിയില്‍ നിന്നും അതു പല തവണ ലഭിച്ചിട്ടുണ്ട്) അതിനു വേണ്ടി നമുക്ക് കാത്തിരിക്കാം:)
പ്രമോദ്:വയറിളക്കത്തില്‍ താങ്കളുടെ കണ്ണുടക്കിയതില്‍ അത്ഭുതപ്പെടുന്നില്ല. കാരണം ഈയിടെയായി തീട്ടവും വളിയുമൊക്കെയാണല്ലോ താങ്കളുടെ കാവ്യഭാവനയെ ഉദ്ദീപിപ്പിക്കുന്നത്. :)
വിശാഖ് ശങ്കര്‍:താങ്കളുടെ പരിശ്രമങ്ങള്‍ക്ക് നന്ദി.
നല്ലതു മാത്രം തിരയുന്ന വിതയുടെ ബുദ്ധിമുട്ട് മനസ്സിലായി.എഴുതുന്നതൊക്കെ ബ്ലോഗിലിടുന്നത് വായനക്കാരുടെ അഭിപ്രായം അറിയാന്‍ കൂടിയാണ്.എഴുത്തുകാരന് രുചിക്കാത്തവ പലതും വായനക്കാര്‍ ഏറ്റുവാങ്ങുന്നതും കണ്ടിട്ടുണ്ട്.
എന്തുകൊണ്ട് ധാരാളം എഴുതുന്നു എന്നതിന് എന്റെ ബ്ലോഗില്‍ ഒന്നു രണ്ടു തവണ ഞാന്‍ വിശദമാക്കിയിട്ടുണ്ട്.പബ്ലിഷ് ചെയ്യണോ വേണ്ടയോ എന്നൊക്കെ അതാത് ബ്ലോഗര്‍മാര്‍ തീരുമാനിക്കട്ടെ.അതല്ലേ അതിന്റെ ശരി.ഒന്നുമില്ലായ്മയില്‍ രണ്ടു വരിയെങ്കില്‍ രണ്ടു വരി കവിതയെക്കുറിച്ച് വരുന്നത് സന്തോഷകരം തന്നെ.പക്ഷേ ഇതും ഒരു വയറിളക്കം മാത്രമായി മാറുന്നുണ്ടോ?ചിത്രകാരന്റെ കമന്റു ഭരണിയില്‍ നിന്ന് എത്ര ദൂരമുണ്ട് വിതച്ചതിലേക്ക്...
വിഷ്ണുപ്രസാദേ ഒരു മാന്യദേഹം എന്റെ കവിതയെ സൂകര പ്രസവം എന്നാണ് വിശേഷിപ്പിക്കുന്നത്.സംസ്കൃതത്തിന്റെ ആഢ്യത്വമുള്ളതുകൊണ്ട് ഞാന്‍ വിനയപുരസ്സരം സ്വീകരിച്ചു ആ വിശേഷണം.വയറിളക്കം ഛേ...അതിലെ ള..ള..ള...എന്ന ശബ്ദം കേള്‍ക്കുന്നു :)
ഉപരിപ്ലവത കുറ്റകരമായ ഒരു സ്വഭാവമൊന്നും അല്ല. ചെവിക്കുപിടിച്ചു ഞാന്‍ ശരിയാക്കപ്പോവറേന്‍ എന്ന് പശ്ചാത്തല സംഗീതം അവിരാമം മുഴങ്ങുന്ന ഒരു കവിതാ നിരൂപണബ്ലോഗിലെ ഉയിരും ഉയിര്‍പ്പും ഉമ്മാക്കികളുമായി ആ ഐറ്റം സ്ഥിരം വേലയാവുമ്പോള്‍ ചിരി വരും, വന്നു കണ്ടും കൊണ്ടുമിരിക്കും, പിന്നെയങ്ങ് കീഴടക്കും. അത്രമാത്രം.
എന്തു ഭംഗിയാണ്, എത്ര ശക്തമാണ് എന്നിങ്ങനെ സര്‍ട്ടിഫൈ ചെയ്യുന്നതിലൂടെ മാത്രം നല്ല നിരൂപണം ഉണ്ടാകുകയില്ലെന്ന് താങ്കള്‍ക്ക് അറിയാതെ വരില്ലെന്ന് തോന്നുന്നു, താങ്കളുടെ വായനയുടെ വിസ്തീര്‍ണ്ണത്തെക്കുറിച്ച് ഈ ബ്ലോഗിലൂടെ കിട്ടുന്ന സൂചനയില്‍ നിന്നും. എന്നിട്ടുമെന്തേ ഇതിനുമുകളിലുള്ള പോസ്റ്റു പോലെ ഉടലെടുക്കുന്നു ഇതിലെ ഭൂരിഭാഗം പോസ്റ്റുകളും?
കവിതയുടെ രൂപപരമായ തലത്തെക്കുറിച്ച് ഇവിടെയൊരിടത്തും പരാമര്‍ശങ്ങള്‍ കാണാറില്ല. കവിതയുടെ ആശയതലം താങ്കളുടെ
വായനയെ എങ്ങനെ സ്പര്‍ശിച്ചിരിക്കുന്നുവെന്നതിനുള്ള സാക്ഷ്യം പറച്ചിലുകള്‍ മാത്രം തീര്‍ത്തും Subjective ആയ വാചകങ്ങളിലൂടെ അവതരിപ്പിക്കുന്നത് നിരാശപ്പെടുത്തുന്നു. വായനകൊണ്ടുണ്ടാകുന്ന വികാരങ്ങളുടെ Outlet ആയി മാത്രം നിലനില്‍ക്കാനാവുമോ ഗൌരവമുള്ള ഒരു ആസ്വാദനത്തിനു പോലും?
വിയോജിപ്പുള്ള കമന്റുകളെ നേരിടാന്‍ ഇവിടെ കാണിക്കുന്ന കാര്‍ക്കശ്യം കാവ്യാസ്വാദനത്തെ കാമ്പുള്ളതാക്കാന്‍ കാണിച്ചിരുന്നെങ്കില്‍ എത്രനന്നാവുമായിരുന്നു എന്നു തോന്നിയിട്ടുണ്ട്. അല്ലെങ്കില്‍ ഇപ്പോഴുള്ള പോലെ കുറേ കവിതയൊക്കെ വായിച്ചിട്ടുണ്ടെന്ന് പ്രതീതിപ്പിക്കുന്ന ഒരണ്ണന്‍ ദാ നമ്മുടെ ബ്ലോഗിലെഴുതുന്ന കവികളേംകൂടി കണ്ടിരിക്കുന്നു ..ശ് ശ് ശ്യോാാാ...എന്ന കൌതുകം മാത്രമായി ചുരുങ്ങിച്ചുരുങ്ങിയിരിക്കും ഈ ബ്ലോഗ് വായിക്കുന്നതിലെ ത്രില്‍.
നന്നാവാനുള്ള പറച്ചിലായി എടുത്താല്‍ മതി..:) ഉപദേശം വണ്‍വേ റോഡാണ് എന്ന് തോന്നേണ്ട കാര്യമില്ലല്ലോ? അതൊരു റോഡേ അല്ല എന്ന തോന്നലുണ്ടാവട്ടെ ഇവിടത്തെ ഗതാഗത സംവിധാനത്തിന് എന്ന് ആശംസിക്കുന്നു...:)
ബ്ലോഗിനെ കുറിച്ചുള്ള എന്റെ അറിവ് വെച്ച് വായനക്കാരനു ഫ്രീ ആയിട്ട് കിട്ടുന്ന ഒരു വായനയല്ലേ?
കാശ് മുടക്കി ഒരു മാഗസിന്‍ വായിക്കുമ്പോഴോ വയറിളക്കത്തെക്കുറിച്ച് പരിഭവിക്കാന്‍ വായനക്കാരനു അവകാശമുള്ളൂ എന്നാണ് എന്റെ ഒരു വിലയിരുത്തല്‍.
വിമര്‍ശനം പാടില്ല എന്നൊന്നുമല്ല പറയുന്നത്, ആ ഒരു ആസ്പെക്റ്റും കൂടി കണക്കിലെടുക്കണം പ്രത്യേകിച്ചു ഈ സെന്റന്‍സ് വായിച്ചപ്പോള്‍ തോന്നിയത് കൊണ്ട് പറയുന്നതാണ്
എഴുതി പെട്ടിയില്‍ വെച്ച് പൂട്ടണം, അല്ലാതെ പാവം വായനക്കാരെ ബുദ്ധിമുട്ടിക്കുകയല്ല വേണ്ടത് എന്നാണ് എന്റെ എളിയ അഭിപ്രായം.
ബ്ലോഗില്‍ എന്തും എഴുതാം, എഴുതി എഴുതി തെളിയാം. ഇപ്പോള്‍ താങ്കളീ കാണിക്കുന്നതും അതു തന്നെയല്ലേ? വിമര്‍ശനവും ഒരു വയറിളക്കം പോലെയായി :)
പത്രമാധ്യമങ്ങളില്‍ നിന്നു വന്നതുകൊണ്ടാവും ബ്ലോഗിന്റെ ഈയൊരു ഗുട്ടന്‍സ് പിടികിട്ടാത്തത്?
അതുകൊണ്ടാവുമോ താങ്കളുടെ വിമര്‍ശനങ്ങളെ ആരെങ്കിലും വിമര്‍ശിക്കുമ്പോള്‍ അല്പം അസഹിഷ്ണുത താങ്കള്‍ പ്രകടിപ്പിക്കുന്നതും?
പഴ്യ കാലമല്ല, എന്തും വിമര്‍ശിച്ചാല്‍ കുമ്പിട്ട് നിന്ന് ‘ഒ, തമ്പ്രാന്‍’ എന്നൊന്നും ‘കുട്ടികള്‍’ വകവെച്ച് തരില്ല ;)
വിനോദിന്റെ(ലാപുട) നിരീക്ഷണം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്.പക്ഷേ വിനോദ്, കാവ്യഘടന വിശകലനം ചെയ്യുന്ന രീതി ബ്ലോഗിലെന്നല്ല, നമ്മുടെ നിരൂപണശാഖയിലാകെയും ദുര്‍ബലമാണ്.
അന്‍വര്‍ അലി മാഷ് ‘കവിതവിതച്ചതിന്റെ‘ഉപരിപ്ലവതയെ ന്യായീകരിക്കുകയാണോ?
ഒരിക്കലുമല്ല. വിതയ്ക്കലോ കൊയ്യലോ അല്ല, കതിരില്‍ വളം വയ്ക്കലാണ് എല്ലാ വാരഫലക്കാരെയും പോലെ ഈ ബ്ലോഗുടമയും ചെയ്യുന്നതെന്നാണ് ഞാന്‍ കരുതുന്നത്.
വിനോദ് ചോദിച്ചത് എന്റെയും സംശയങ്ങള്‍.
വിഷ്ണുപ്രസാദ്: കമന്റുഭരണി തപ്പിനോക്കിയപ്പോള്‍ ആണ് ആ ബ്ലോഗിന്റെയും എന്റെ ബ്ലോഗിന്റെയും റ്റെമ്പ്ലേറ്റ് ഒന്നാണെന്ന ഒറ്റക്കാരണത്താല്‍ ദൂരവ്യത്യാസം ചെറുതെന്ന് കണ്ടെത്തിയ താങ്കളുടെ സെന്‍സിബിലിറ്റിയെക്കുറിച്ചോര്‍ത്ത് അന്തം വിട്ടത്.ഈ സെന്‍സിബിലിറ്റി കവിതകള്‍ക്കിടുന്ന കമന്റിലാണ് താങ്കള്‍ കാട്ടിയിരുന്നതെങ്കില്‍ കുറേ യുവകവികളെങ്കിലും നന്നായിപ്പോയേനെ.
ലാപ്പുട: താങ്കളുടെ കവിതയുടെ ഗൌരവത്തില്‍ നിന്നും ശ്മശാനമൂകതയില്‍ നിന്നും താങ്കള്‍ ഇത്രമാത്രം തമാശക്കാരനാണെന്ന് ഊഹിക്കാനെനിക്ക് സാധിച്ചിരുന്നില്ല. മലയാള നിരൂപണശാഖക്ക് താങ്കളെ ആവശ്യമുണ്ട്. കുറച്ചു നാള്‍ കവിതയെഴുത്തിന് അവധി കൊടുത്ത് അങ്ങ് നിരൂപണ നഭോമണ്ഡലത്തെ പ്രഭാപൂരിതമാക്കുക.പിന്നെ ലാപുടയെന്ന സാധനം ഗളിവറെത്തിച്ചേര്‍ന്ന ഒരു ദ്വീപല്ലേ?അതിനാല്‍ തല്‍ക്കാലം റോഡിനെക്കുറിച്ച് ചിന്തിക്കണമെന്നില്ല.വേണമെങ്കില്‍ തോണിയിറക്കാം.
ഇഞ്ചിപെണ്ണ്: ബ്ലോഗ് വായനയില്‍ വയറിളക്കത്തെപറ്റിപറയാന്‍ അവകാശമില്ല എന്ന് ആദ്യം പറഞ്ഞ താങ്കള്‍ എന്റെ വിമര്‍ശനത്തെ വയറിളക്കമെന്ന് വിശേഷിപ്പിച്ചു കണ്ടു. പള്ളിമുറ്റത്ത് ചീത്ത പറയാന്‍ പാടില്ലെടാ നായിന്റെ മക്കളേ എന്ന് പണ്ടൊരു പാതിരി പറഞ്ഞിരുന്നു പോലും. പണ്ടത്തെപ്പോലെയല്ല,വിമര്‍ശിക്കുമ്പോള്‍ കുമ്പിട്ടുനില്‍ക്കുന്നതിനു പകരം‘കുട്ടികള്‍’ അനോണിമസ് കമന്റിട്ട് നിവര്‍ന്ന് നില്‍ക്കുമായിരിക്കും.
അന്‍വര്‍: കതിരില്‍ വളംവെക്കലാണെന്ന് താങ്കള്‍ക്ക് തോന്നും. എന്‍.ജിയെപ്പറ്റിയുള്ള ലേഖനം താങ്കളുടെ ഉറുമ്പുംകൊട്ടയിലാണ് ഇട്ടിരുന്നതെങ്കില്‍ ആരെങ്കിലും ഗൌനിക്കുമായിരുന്നെന്ന് തോന്നുന്നുണ്ടോ?.‘കോരിത്തരിച്ചനാളി’ന് താങ്കള്‍ അവതാരികയെഴുതിയിട്ട് താങ്കള്‍ തനിച്ചിരുന്ന് വായിച്ച് കോരിത്തരിച്ചതല്ലാതെ ഞാനൊഴികെ എത്രപേര്‍ മുഴുവന്‍ വായിച്ച് നല്ല അഭിപ്രായം അറിയിച്ചിട്ടുണ്ട്?(ടി.പി.രാജീവന്‍ എന്തു പറഞ്ഞിട്ടുണ്ട്?)
വിത ഒരു തമാശക്കാരന്‍ തന്നെ കെട്ടോ.സമ്മതിച്ചു.ടെമ്പ്ലേറ്റെങ്കിലും ഒരു പോലെയാണെന്ന് സമ്മതിച്ചല്ലോ.ധാരാളം.
പിന്നെ യുവകവികളെ കമന്റിട്ട് കേടു വരുത്തുന്നു എന്ന് പലവട്ടമായല്ലോ പറയുന്നു.കവിതകളെ സംബന്ധിച്ചുള്ള താങ്കളുടെ വീക്ഷണങ്ങളെ പിന്‍പറ്റിയല്ല എന്റെ വായനയും എഴുത്തും.ഉപദേശം വേണ്ടപ്പോള്‍ ആവശ്യപ്പെടാം... പോരേ..?
ഞാനൊഴികെ ബാക്കിയുള്ളവരൊക്കെ യുവകവികള്‍ എന്ന് കൂടെക്കൂടെ പറയുന്നതുകൊണ്ട് ഒരു വൃദ്ധകവി ചോദിച്ചു പോവുകയാണ് ,35 വയസ്സ് അത്ര വല്യ പ്രായമാണോ വിതേ... :)
വിതച്ചതേ
അതേല്ലൊ. അതിന്റെ ഗുട്ടന്‍സ് തന്നെ. താങ്കളെഴുതിയ അതേ വയറിളക്കം തന്നെ മറ്റുള്ള ബ്ലോഗിലും കാണുന്നത് എന്ന്. അതിനു പെട്ടിയില്‍ വെച്ച് പൂട്ടിയാപ്പോരെ, ‘പാവം’ ബായനക്കാരെ ബുദ്ധിമുട്ടിക്കണോ എന്നൊന്നും ഞാന്‍ ചോദിച്ചില്ല്ലല്ലോ? രണ്ടും സമം എന്ന് പറഞ്ഞതാണേ. കവിത മാത്രല്ല കമന്റുകള്‍ ഒന്നു ഇരുത്തി വായിച്ചോളൂ.
കുട്ടികള്‍ ആവും അനോണിമസ് എന്നൊക്കെ ഒരു തോന്നലാവുമ്മ്ട്ടോ. കവിത വിതച്ചതിനെ നേരിട്ട്
തന്നെ വിമര്‍ശിച്ചാല്‍ എന്തു പറ്റും? ഒരു ചുക്കും പറ്റൂല്ലാ. അവസാനത്തെ വാക്കോന്നൂല്ലല്ലൊ! അതൊക്കെ വേറെ വല്ലോ അലമ്പ് പിള്ളേരായിരിക്കും.
വിനോദ് തമാശ പറഞ്ഞെന്ന് താങ്കള്‍ക്കൊഴിച്ച് മറ്റാര്‍ക്കും തോന്നാന്‍ സാധ്യത ഇല്ല മാഷേ. കവിതയെ സംബന്ധിച്ച വിധിയല്ലാതെ വായനയെ സഹായിക്കുന്ന ഒന്നും താങ്കളുടെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. കവിതകള്‍ക്ക് മാര്‍ക്കിട്ടുകൊടുക്കാന്‍ മാഷ് ഇവിടുത്തെ ‘കുട്ടികളെ’ കവിത പഠിപ്പിച്ചിട്ടൊന്നും ഇല്ലല്ലോ.
പിന്നെ വിഷ്ണുപ്രസാദിനെയും വിനോദിനെയും അന്‍വര്‍ അലിയെയും ഒക്കെ ഇത്ര ധാര്‍ഷ്ട്യത്തോടെ ‘കൈകാര്യം’ ചെയ്യുന്നതില്‍ നിന്ന് കവിത വിതക്കുന്ന മനസ്സിന് ഒരു റ്റീസ്പൂണിന്റെ റേഞ്ചേ ഉള്ളൂ എന്ന് അറിയാതെ തന്നെ വിളിച്ചുപറയുന്നുണ്ട് താങ്കള്‍.
ഇതിവിടെ എന്റെ അവസാനവായനയും കമന്റും. നന്ദി. (എന്നെ കൂടെ കളിയാക്കി സമയം കളയണ്ട. നന്നാവാന്‍ ഉദ്ദേശ്യം ഇല്ല. പിന്നെ പള്ളീക്കൂടം എന്നു കേല്‍ക്കുന്നതേ ഒരു കലിപ്പാ.. അതു വേറേ കഥ)
ഒരു കാര്യം വിട്ടുപോയി പറയാന്‍. ചിത്രകാരന്റെ ബ്ലോഗും ഇതും തമ്മിലുള്ള സാമ്യം ബ്ലോഗിന്റെ റ്റെമ്പ്ലേറ്റില്‍ അല്ല. എഴുത്തിന്റെ റ്റെമ്പ്ലേറ്റിലാണ്. മനസ്സിലായില്ല എന്നു നടിക്കുന്നവരോട് പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം. എങ്കിലും...
വിഷ്ണുപ്രസാദ്:‘ഉപദേശം വേണ്ടപ്പോള്‍ ചോദിക്കാം പോരേ’എന്നത് താങ്കള്‍ പഠിപ്പിക്കുന്ന കുട്ടികള്‍ ഭാവിയില്‍ ‘അയവിറക്കാന്‍’സാധ്യതയുള്ള സ്വാതന്ത്ര്യമായി ഞാന്‍ കണ്ടുപോകുന്നതില്‍ തെറ്റില്ല. 35 വയസ്സ് ഒരിക്കലും അത്ര വലിയപ്രായമല്ല(40 വയസ്സും:)).പക്ഷെ ബ്ലോഗില്‍ താങ്കളുടെ ഇടപെടലുകള്‍ ഒരു യുവകവിയുടേതല്ലെന്ന് താങ്കള്‍ക്ക് തോന്നുന്നുവെങ്കില്‍ ഞാന്‍ നിസ്സഹായന്‍. ‘കുറേ യുവകവികള്‍’രക്ഷപ്പെടുമെന്നാണ് ഞാന്‍ പറഞ്ഞത്. യുവകവികള്‍ക്കെന്താ മറ്റു യുവകവികളെ ഉപദേശിച്ചുകൂടെന്നില്ലല്ലോ.:)
ഇഞ്ചിപ്പെണ്ണ്: അപ്പോള്‍ ബ്ലോഗില്‍ ‘കുട്ടികളും’ ‘അലമ്പ് പിള്ളേരും’ എന്നിങ്ങനെ 2 വിഭാഗങ്ങളുണ്ടോ? ‘കവിത വിതച്ചതിനെ നേരിട്ട്
തന്നെ വിമര്‍ശിച്ചാല്‍ എന്തു പറ്റും? ഒരു ചുക്കും പറ്റൂല്ലാ’. അതു പോലെ തന്നെ കവിത വിതച്ചത് നേരിട്ട്
തന്നെ വിമര്‍ശിച്ചാല്‍ എന്തു പറ്റും? ഒരു ചുക്കും പറ്റൂല്ലാ.അവസാനവാക്കല്ല എന്ന് വിശ്വാസമുണ്ടെങ്കില്‍ പിന്നെയെന്ത് പ്രശ്നമിരിക്കുന്നു!.:)
ഗുപ്തന്‍ ധാര്‍ഷ്ട്യത്തോടെ വിമര്‍ശിക്കപ്പെടേണ്ടവനാണെന്നും മറ്റുള്ളവര്‍ വിമര്‍ശിക്കപ്പെടേണ്ടവരല്ലെന്നും തോന്നുന്നത് ഗുപ്തന്റെ കോമ്പ്ലക്സ് കാരണമാണെന്നാണ് തോന്നുന്നത്.:)
ഇവിടെ എന്റെ കമന്റ് കൊണ്ട് ആരുടെ വഴിപിഴച്ചുവെന്നാണ് പറഞ്ഞു വരുന്നത്?രാജിന്റെയോ?രാജ് എഴുതുന്ന കവിതകള്‍ താങ്കള്‍ക്ക് മനസ്സിലാവാത്തതുകൊണ്ട് അതു മോശമാണെന്ന് വരുമോ?താങ്കള്‍ക്ക് ഇഷ്ടമായില്ല എന്ന ഒറ്റക്കാരണം കൊണ്ട് ആ കവിതയെ ഇഷ്ടപ്പെടാന്‍ മറ്റാര്‍ക്കും ഒരവകാശവും സ്വാതന്ത്ര്യവും ഇല്ലേ...?
ഹരികുമാറിന്റെ വഴിയേ ഒരാള്‍ കൂടി.
“അന്‍വര്‍: കതിരില്‍ വളംവെക്കലാണെന്ന് താങ്കള്‍ക്ക് തോന്നും. എന്‍.ജിയെപ്പറ്റിയുള്ള ലേഖനം താങ്കളുടെ ഉറുമ്പുംകൊട്ടയിലാണ് ഇട്ടിരുന്നതെങ്കില്‍ ആരെങ്കിലും ഗൌനിക്കുമായിരുന്നെന്ന് തോന്നുന്നുണ്ടോ?.‘കോരിത്തരിച്ചനാളി’ന് താങ്കള്‍ അവതാരികയെഴുതിയിട്ട് താങ്കള്‍ തനിച്ചിരുന്ന് വായിച്ച് കോരിത്തരിച്ചതല്ലാതെ ഞാനൊഴികെ എത്രപേര്‍ മുഴുവന്‍ വായിച്ച് നല്ല അഭിപ്രായം അറിയിച്ചിട്ടുണ്ട്?(ടി.പി.രാജീവന്‍ എന്തു പറഞ്ഞിട്ടുണ്ട്?)“
അയ്യയ്യോ ഇതിങ്ങനെയൊക്കെ ആയോ!!!
ഞാന്‍ എന്ന പ്രതിഭാസം എത്രത്തോളം വളരുന്നുവോ അത്രയ്ക്കും ചെറുതാകും ഉള്‍ക്കാഴ്ചയും.ആരെയും വിമര്‍ശിക്കാം തന്നെ ആരും വിമര്‍ശിക്കരുത് എന്ന ഭാവം എത്ര മ്ലേച്ഛമാണെന്ന് ഒരാള്‍ ഇവിടെ തെളിയിച്ചു പോയി മുന്‍പേ തന്നെ.അതേ വഴിയിലാണ് ഈ ബ്ലോഗും നീങ്ങുന്നതെന്നതില്‍ വേദനയുണ്ട്.കാരണം ചില നല്ല വശങ്ങള്‍ ഇതിനുണ്ടായിരുന്നു.കവിതയെക്കുറിച്ച് ചില ഉള്ളുതുറക്കലുകള്‍ ഇതിന്റെ ചുവടുപിടിച്ച് ഉണ്ടായി.കഷ്ടമെന്നല്ലാതെ ഒന്നും തോന്നുന്നില്ല.
ഗുപ്തന്‍ പറഞ്ഞതുതന്നെ ശരി.
ഒരു ടീസ്പൂണിന്റെ വ്യാപ്തമേയുള്ളു എന്ന് തെളിയിക്കുകയാണ് ഈ വെറികൊള്ളല്‍.
ഓ.ടോ: സഹായത്തിനിപ്പോള്‍ ആളുവരും.പക്ഷം പിടിച്ച് യുദ്ധങ്ങളുമുണ്ടാകും.
‘കോരിത്തരിച്ചനാളി’ന് താങ്കള്‍ അവതാരികയെഴുതിയിട്ട് താങ്കള്‍ തനിച്ചിരുന്ന് വായിച്ച് കോരിത്തരിച്ചതല്ലാതെ ഞാനൊഴികെ എത്രപേര്‍ മുഴുവന്‍ വായിച്ച് നല്ല അഭിപ്രായം അറിയിച്ചിട്ടുണ്ട്?(ടി.പി.രാജീവന്‍ എന്തു പറഞ്ഞിട്ടുണ്ട്?)
കുട്ടികള്‍ ഉണ്ണിപ്പുരവച്ചു കളിക്കുന്നിടത്ത് പറയുന്നതുപോലെയായിപ്പോയി ഇത്. എന്റെ അറിവില്‍ വളരെ നന്നായി വായിക്കപ്പെട്ടിട്ടുണ്ട് അന്‍വര്‍ ടി.പി.രാജീവന്റെ കവിതകള്‍ക്കെഴുതിയ പഠനം. പിന്നെ അഭിപ്രായം അറിയിക്കല്‍, അത് അത്ര നിര്‍ബന്ധമുള്ള കാര്യമാണോ? (കഴിഞ്ഞ അവധിയ്ക്ക് ടി.പി.രാജീവനെ കോഴിക്കോട് വച്ച് കണ്ടപ്പോള്‍ അദ്ദേഹത്തോട്പഠനത്തെക്കുറിച്ച് സംസാരിച്ചിരുന്നു) വായനയല്ലേ പ്രധാനം? പഠനത്തെക്കുറിച്ച് പ്രത്യേകിച്ച് പഠനമൊന്നും വേണ്ടെന്നു തോന്നുന്നു :)
കവിതാ നിരൂപണങ്ങളിലെ തകരാറിനെ ചൂണ്ടിക്കാണിച്ചതിന് അത്ര ക്ഷോഭിക്കേണ്ട കാര്യമുണ്ടോ? ലാപുട എത്ര തെളിച്ചത്തോടെയാണ് ആ കമന്റ് ഇട്ടിട്ടുള്ളത് എന്ന് നോക്കൂ.
കവിതാനിരൂപണത്തിനായി ഒരു ബ്ലോഗ് കണ്ടപ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു. അതില്‍ താരതമ്യേന ബ്ലോഗ് വായനക്കാര്‍ക്ക് അത്ര പരിചിതമല്ലാത്ത എന്‍.ജി.ഉണ്ണികൃഷ്ണന്റെ കവിതകള്‍ പരിചയപ്പെടുത്തുന്നതു കണ്ടപ്പോള്‍ സന്തോഷവും.
അയ്യോ, സനാതനാ..
കമന്റ് കണ്ടില്ല :)
വിഷ്ണുപ്രസാദ്: രാജ് നീട്ടിയത്തിന്റെ കവിതകളുടെ പൊതുസ്വഭാവമാണ് പറഞ്ഞത്, അല്ലാതെ അതെനിക്ക് വായിച്ചാല്‍ സംവദിക്കുന്നില്ല എന്നല്ല. ദുര്‍ഗ്രഹത മന:പൂര്‍വ്വം കവിതയില്‍ കൊണ്ടുവരേണ്ടത് അയാളുടെ ബാധ്യതയാണെന്ന് ധരിക്കേണ്ട ഒരു കാര്യവും അയാള്‍ക്കില്ല എന്നാണ് അവിടെ പറഞ്ഞുകൊണ്ടു വന്നത്. താങ്കള്‍ക്ക് വായനയുടെ കുറവുണ്ടെന്ന് തോന്നുന്നു. എന്‍.ജി ഉണ്ണികൃഷ്ണന്റെ 'മധ്യവര്‍ത്തി പുല്ലിംഗവും' രാജിന്റെ 'കൌമാരവും' ഒരുമിച്ചു വെച്ച് വിശകലനം ചെയ്താല്‍ (അത് തന്നെ കൌമാരത്തിനു കിട്ടാവുന്ന വലിയ ക്രെഡിറ്റ്) ക്രാഫ്റ്റില്‍ രാജ് ബോധപൂര്‍വ്വം ഉണ്ടാക്കിയെടുക്കുന്ന പൊള്ളത്തരങ്ങളെ പറ്റി മനസ്സിലാക്കാവുന്നതേ ഉള്ളൂ. അയാളുടെ പോസ്റ്റിലെ മാത്രം കമന്റുകളെയല്ല ഞാനുദ്ദേശിച്ചത്. കമന്റുകള്‍ കണ്ട് വശംകെട്ട് രാഷ്ട്രീയ കവിതകളാണ് തന്റെ ഫീല്‍ഡ് എന്ന് പ്രമോദ്.കെ.എം. എന്ന കവി ധരിച്ചു വശാകുന്നതിലേക്ക് താങ്കളുടേതായ സംഭാവന താങ്കളും ചെയ്തിട്ടില്ലേ? കുഴൂര്‍ വിത്സന്‍ തൊണ്ടപൊട്ടി അയ്യോ അമ്മേ എന്നെ തല്ലല്ലേ എന്നൊക്കെ വിളിച്ചു കരയുന്നതിലും താങ്കളുടെ ഒരു കൈ ഇല്ലെ?ബ്ലോഗിലെ കവിതകള്‍ കൂടുതല്‍ പരിചയപ്പെടാന്‍ കഴിഞ്ഞിട്ടില്ല.നല്ല ഏതോ ഒരു നിരീക്ഷകന്‍ അഭിപ്രായപ്പെട്ട സനാതനന്റെ 'സൂകരപ്രസവ'ത്തില്‍ താങ്കള്‍ക്കും ഉത്തരവാദിത്തമുണ്ടാകില്ലേ? ഇനി വായിക്കാന്‍ ബാക്കി കിടക്കുന്ന മറ്റു ബ്ലോഗ് കവിതകളിലേയും സ്ഥിതി മറിച്ചാണോ എന്ന് കാണാന്‍ ഇരിക്കുന്നതല്ലേ ഉള്ളൂ.
സനാതനന്‍,അനില്‍ കുമാര്‍: അന്‍വര്‍ അലിയുടെ ആഴ്ന്നിറങ്ങിയുള്ള ലേഖനം എനിക്ക് ഏറെ പ്രിയമുള്ളതാണെന്ന് പറഞ്ഞു കഴിഞ്ഞു. അത് അനില്‍ കുമാറിനും ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം. അന്‍വറിനോടു തന്നെ ചോദിക്കുക എത്ര പേര്‍ ആ ലേഖനത്തെ കുറ്റം പറഞ്ഞിട്ടുണ്ട് എന്ന്.
പക്ഷം പിടിച്ച സാഹിത്യയുദ്ധങ്ങള്‍ സാഹിത്യത്തെ വളര്‍ത്തുകയേ ഉള്ളൂ . എതിരഭിപ്രായങ്ങള്‍ പറയേണ്ടെന്ന് ഞാന്‍ പറഞ്ഞോ?
ടീസ്പൂണിന്റെ വ്യാപ്തം പോരേ ചായക്ക് പഞ്ചസാരയിടാന്‍?.
ലാപുടയോടും ഞാന്‍ തെളിച്ചത്തോടെ തന്നെയാണ് പറഞ്ഞത്,നിരൂപിക്കാന്‍. കിട്ടുന്ന സമയം അല്ലെ എനിക്കും ഇതിനൊക്കെ ഉപയോഗിക്കാന്‍ പറ്റൂ.
ആരാണ് ഹരികുമാര്‍?
ക..വി..,
ആരും അഭിപ്രായം പറയുന്നില്ലെന്നതിന് വായിക്കുന്നില്ലെന്ന അര്‍ത്ഥമുണ്ടോ? ഞങ്ങള്‍ ഒരക്ഷരം പറയുകയില്ലെന്ന ശാഠ്യത്തോടെ തമസ്കരിക്കപ്പെട്ടിട്ടുള്ള എത്ര എഴുത്തുകാരെ കാണിച്ചു തരണം? അവരുടെ രചനകളൊന്നു വായിക്കപ്പെടുന്നില്ലെന്ന് പറയാമോ? ആഴ്ചപ്പതിപ്പുകളിലെ എഴുത്തുകളുടെ വിഭാഗത്തില്‍ വെളിച്ചം കാണുന്ന അഭിപ്രായങ്ങളെ വെച്ച് രചനകളെ അളക്കാന്‍ കഴിയുമോ?
പിന്നെ വിഷ്ണുവിന്റെ റോള്‍.
അങ്ങനെ സാധിക്കുമോ? ഒരാള്‍ക്ക് മറ്റൊരാളുടെ കവിതയെ അങ്ങനെ കൈപിടിച്ചു നടത്താന്‍ കഴിയുമോ? പ്രമോദ് തന്റെ കവിതകളെക്കുറിച്ച് എങ്ങനെ വിലയിരുത്തണമെന്നത് പ്രമോദിന്റെ മാത്രം പ്രശ്നമാണ്. ആരായാലും അത് അങ്ങനെത്തന്നെയല്ലേ? അതിനെയല്ലേ നമ്മള്‍ സ്വാതന്ത്ര്യമെന്നു പറയുക?
നേരായ വഴിയെ കവിത എഴുതാന്‍ പഠിപ്പിക്കുന്ന സ്കൂളുകളുമുണ്ടോ?
മറുപടികളിലെ അസഹിഷ്ണുത കണ്ടിട്ടാണ് താങ്കള്‍ ഹരികുമാറുമായി ഉപമിക്കപ്പെടുന്നത്. ആരാ ഹരികുമാര്‍ എന്ന് ചോദിച്ചാല്‍, തന്റെ കമന്റുവാതില്‍ അടച്ചുപൂട്ടി വിമര്‍ശനജീവിതത്തിന്റെ തെളിവുകളൊന്നും ശേഷിപ്പിക്കാതെ ഉടലോടെ സ്വര്‍ഗത്തില്‍ പോയ ഒരു നിരൂപകന്‍.
നമുക്ക് ഇതൊക്കെ കുറച്ചുകൂടെ നന്നാക്കാമെന്നു തോന്നുന്നു.
പറ്റില്ലേ???
കവിത വിതച്ചതേ,
ഒരു ലേഖനത്തേയോ കവിതയേയോ ആരെങ്കിലും,അല്ലെങ്കില്‍ ഭൂരിപക്ഷം പേരുതന്നെയും കുറ്റം പറഞ്ഞു എന്നതുകൊണ്ട് അത് ചീത്ത ലേഖനമാകുന്നില്ല.അന്വര്‍ അലിയുടെ ലേഖനമായാലും സനാതനന്റെ സൂകര പ്രസവം ആയാലും അതങ്ങനെ തന്നെ.താങ്കള്‍ താങ്കളുടെ കാര്യം മാത്രം പറയൂ.ഒരു കവിത താങ്കളെ എങ്ങനെയാണ് അനുഭവിപ്പിച്ചത് എന്നുപറയൂ.അതല്ലാതെ കൊളുത്തിവിട്ടാല്‍ എവിടെയെങ്കിലും ചെന്നുപൊട്ടുന്ന ദീപാവലിപ്പടക്കങ്ങള്‍ പോലെ അവിടെയും ഇവിടെയും ശൂ ശൂ എന്നുകേള്‍പ്പിച്ച് പോകാതിരിക്കൂ.ഇത്രയേ ഉള്ളു പറഞ്ഞതിന്റെ ചുരുക്കം.ഞാന്‍ വായിച്ചില്ലേ ഞാന്‍ അംഗീകരിച്ചില്ലേ ഞാനല്ലാതെ ഒരുത്തനെങ്കിലും ഉണ്ടായിരുന്നോ എന്നൊക്കെയുള്ള ചോദ്യം ഒരു തരം വീമ്പുപറച്ചില്‍ തന്നെയല്ലേ,അതല്ലെങ്കില്‍ ഇത്രയൊക്കെച്ചെയ്തിട്ടും ഒരു നന്ദിയുണ്ടായോ എന്നുള്ള പഴയകാരണവന്മാരുടെ പരിഭവപ്പെടല്‍ പോലെയല്ലേ.ചിന്തിച്ചു നോക്കിയാല്‍ മതി.എനിക്കങ്ങനെയാണ് തോന്നിയത്..ഒരു പാവം സൂകരന്‍ :)
(പിന്നെ ഈ നല്ല നിരീക്ഷകന്‍ സൂകരപ്രസവത്തെക്കുറിച്ച് പറഞ്ഞ ശേഷം...“ഞാനൊന്നും വായിച്ചു നോക്കിയില്ല ട്ടോ...ഹ..ഹ...ഹെ..ഹെ...ഹെ(ചിരി)“..എന്നും കൂടി പറഞ്ഞിട്ടുണ്ട് എന്നതും കൂടി അറിയിക്കട്ടെ.അതില്‍ ആ ഹ..ഹ..ഹെ..ഹെ..എന്നഭാഗം നല്ല നിരീക്ഷണമായി എനിക്കും തോന്നി :) )
ഓ.ടോ:ഞാന്‍ എഴുതുന്ന തലയണക്കുറിപ്പുകളെല്ലാം ബ്ലോഗിലിടുന്നതിന് ഒരു കാരണമുണ്ട് കേട്ടൊ.നല്ലകാലത്തിന് ഞാനങ്ങ് തട്ടിപ്പോവുകയും എന്റെ കവിതകള്‍ ലോകസാഹിത്യത്തിലെ അമൂല്യമുത്തുകളാണെന്നുമൊക്കെ ഒന്നും വായിച്ചുനോക്കാത്ത വല്ല നിരീക്ഷകന്‍ മാര്‍ക്കും തോന്നുകയും ചെയ്താല്‍,കവിതകളും കഥകളും ഒന്നും പോരാഞ്ഞിട്ട് ഞാന്‍ വല്ലവര്‍ക്കും എഴുതിയ കത്തുകളും ഭര്യക്കും കാമുകിമാര്‍ക്കും എഴുതിയ കാമലേഖനങ്ങളും പാതിയെഴുതി വലിച്ചെറിഞ്ഞ കുറിപ്പുകളുമൊക്കെ തപ്പിപ്പെറുക്കി പുസ്തകമാക്കാന്‍ ഓടി നടക്കുന്നപ്രസാധകന്‍മാരെ ബുദ്ധിമുട്ടിക്കരുത് എന്ന് മുന്‍കൂട്ടിക്കണ്ടാണ്പ്രസവിക്കുന്ന എല്ലാത്തിനേയും ഇവിടെ അണിനിരത്തുന്നത് ;) - ആര്‍ക്കും ചേതമില്ലാത്ത ഏര്‍പ്പാടല്ലേ അത്..;)
അല്ല അതിനിപ്പോള്‍ ഞാന്‍ സൂകരന്മാരെപ്പറ്റി വല്ലോം പറഞ്ഞോ..
ഇവിടെ നിന്നാണ്‍ ഞാന്‍ റഫീക്കിന്റെ കവിതയിലേയ്ക്കെത്തുന്നതു..സൌമ്യമായ
ഉള്‍ക്കാഴ്ച്ചകള്‍ക്കു നന്ദി
വില്‍സന്റെ പേര് "വഴിതെറ്റപ്പെട്ട യുവകവി'കളില്‍ കണ്ടതു കൊണ്ട് സാന്ദര്‍ഭികമായി ചോദിക്കുകയാണ്. മൂന്നു മാസം മുന്‍പ് മാത്രം വില്‍സന്‍ നടത്തിയ ഈ നിലവിളിയെ എങ്ങിനെ കാണുന്നു കവിത വിതച്ചതേ?
പിന്‍ കുറിപ്പ്-‘ഉള്‍ക്കാഴ്ച്ച’യുടെ പരാമറ്ശം റഫീക്ക് കവിതകളെപ്പറ്റിയായിരുന്നു കെട്ടൊ
"നമുക്ക് ഇതൊക്കെ കുറച്ചുകൂടെ നന്നാക്കാമെന്നു തോന്നുന്നു.
പറ്റില്ലേ???"
പറ്റണം.
പുതിയ ഒരു സ്റ്റേജ് കിട്ടിയപ്പോള്‍ അതിന്റെ അനന്തസാധ്യതകളെ ഒന്നു പരീക്ഷിച്ചു നോക്കിയതാണ്.:) ബ്ലോഗ് എന്നത് മഹത്തായ ഒരു സങ്കേതം തന്നെ. ഏത് അച്ചടിമാദ്ധ്യമത്തേക്കാളും ഫലപ്രദമായ ഇന്ററാക്ഷനും,പെട്ടെന്നുള്ള പ്രതികരണങ്ങളും എന്നെ സന്തോഷവാനാക്കുന്നു. കൂടുതല്‍ ക്രിയാത്മകമായി ഇടപെടാന്‍ ശ്രമിക്കുന്നതാണ്.:)നന്ദി.
ऽ എന്‍.ജി ഉണ്ണികൃഷ്ണന്റെ 'മധ്യവര്‍ത്തി പുല്ലിംഗവും' രാജിന്റെ 'കൌമാരവും' ഒരുമിച്ചു വെച്ച് വിശകലനം ചെയ്താല്‍ (അത് തന്നെ കൌമാരത്തിനു കിട്ടാവുന്ന വലിയ ക്രെഡിറ്റ്) ക്രാഫ്റ്റില്‍ രാജ് ബോധപൂര്‍വ്വം ഉണ്ടാക്കിയെടുക്കുന്ന പൊള്ളത്തരങ്ങളെ പറ്റി മനസ്സിലാക്കാവുന്നതേ ഉള്ളൂ. ऽ
വളരെ പോസിറ്റീവ് ആയി ഈ വരിയെ വായിച്ചെടുക്കുന്നു. നന്ദി.
വിതച്ചതേ,വിഷ്ണുമാഷെ കാണുന്നതിനു മുന്‍പേ ഞാന്‍ കവിതയെഴുതാറുണ്ട്. വിഷ്ണുമാഷിന്റെ കമന്റുകളാണ് എന്നെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതെന്നൊക്കെ ഉള്ളത് ശുദ്ധ അസംബന്ധം തന്നെ. ഇതൊക്കെ നിങ്ങളുടെ തമാശയായി കണക്കാക്കാം അല്ലേ? വായിച്ചിട്ട് ചിരി അടക്കാന്‍ കഴിയുന്നില്ല. വിഷ്ണുമാഷ് അടിച്ചിട്ടാണോ കുഴൂര്‍ കരയുന്നത്?:)
ഇത്രയും വായിച്ചു..
ഇനി ഒരു കാര്യം മാത്രം പറയാമെന്നു തോന്നി.
എപ്പോഴും ‘നല്ലതു‘ മാത്രം എഴുതണമെന്ന വാശി അല്ലെങ്കില്‍ ഒരു ‘മസില്‍ പിടിത്തം’ ബ്ലോഗ്ഗര്‍മാര്‍ക്ക് ഉണ്ടാവില്ലേന്നു തോന്നാറുണ്ട്. കാരണം അതിനുള്ള സ്വാതന്ത്ര്യം ബ്ലോഗിലാണല്ലോ ഉള്ളത്.
അത് രാജായാലും, വിഷ്ണുമാഷായാലും, പ്രമോദായാലും, സനാതനായാലും കവിതയോ കഥയോ എഴുതുന്ന ബ്ലോഗ്ഗര്‍മാരൊക്കെ ഒരുപാടെഴുതാറുണ്ട്, എന്നെ പോലുള്ളവരൊക്ക്കെ തന്നെ അതെല്ലാം വായിയ്ക്കാറുമുണ്ട്.
എല്ലാ പോസ്റ്റുകളും ഒരുപോലെ ശ്രദ്ധേയമായിക്കൊള്ളണം, മികച്ചതായിക്കോളണം എന്നൂ വാശി പിടിച്ചല്ല വായിയ്ക്കാറുള്ളത്.
(കവിതയെ കുറിച്ചോ എഴുത്തിനെ കുറിച്ചോ അധികമൊന്നും അറിയാത്ത ബ്ലോഗ്ഗറാണ് ഞാനൂം)
അതുകൊണ്ട് ഒരു വയറിളക്കമായി ബ്ലോഗ്പോസ്റ്റുകളെ കാണുന്നത് ബ്ലോഗ്ഗേര്‍സിനു അല്ലെങ്കില്‍ ബ്ലോഗ് വായനക്കാര്‍ക്ക് അംഗീകരിയ്ക്കാന്‍ ബുദ്ധിമുട്ടായിരിയ്ക്കും. :)
ബ്ലോഗ് വായനക്കാര്‍ അതുകൊണ്ട് ഒരു പാവമൊന്നുമായിരിയ്ക്കില്ല. :)
പിന്നെ ഹരിതകത്തിലേയ്ക്കു ലിങ്കിടുന്നതിലും എന്തുകൊണ്ടും അഭികാമ്യം ബ്ലോഗ് പോസ്റ്റുകളിലേയ്ക്കിടുന്നതു തന്നെയാവും. അതീ പോസ്റ്റില്‍ കണ്ടതില്‍ സന്തോഷമുണ്ട്.
ഒരു കണ്‍സ്റ്റ്രക്റ്റീവ് ഫീഡ്ബാക് എന്ന രീതിയീലുള്ളതൊന്നും ആരും സ്വീകരിയ്ക്ക്കാതിരുന്നിട്ടില്ല എന്നീനിയ്ക്കു തോന്നുന്നു.
രാജിന്റെ വായനാലിസ്റ്റില്‍ നിന്നുമാണീ ബ്ലോഗ് ആദ്യമായി ഞാന്‍ കാണുന്നത്. മിയ്ക്കതും വായിച്ചിട്ടുമുണ്ട്.
ഇനിയും നല്ല നിരൂപണങ്ങള്‍ തന്നെ പ്രതീക്ഷിയ്ക്കുന്നു. (ബ്ലോഗിന്റെ, കമന്റുകള്‍ ഉള്‍പ്പടെയുള്ള എല്ലാ സാദ്ധ്യതകളേയും കണക്ക്കിലെടുത്തിട്ടുള്ളത്)
ഒരസഹിഷ്ണുതയുടേയും ആവശ്യമേ ബ്ലോഗില്‍ ഉദിയ്ക്കുന്നില്ലല്ലോ, അഭിപ്രായങ്ങള്‍ പറയലോ,നല്ലൊരു ചര്‍ച്ചയൊ ഒക്കെയായി ഈ ബ്ലോാഗിനേയും മാറ്റാമല്ലോ?
ഇവിടുത്തെ വിവാദമൊക്കെ കഴിഞ്ഞെങ്കില്‍,ഇനി ഒരു സംശയം ചോദിച്ചോട്ടെ?
ആദ്യത്തെ കുഞ്ഞിനും രണ്ടാമത്തെ കുഞ്ഞിനുമിടയ്ക്കൊരു ഇടവേള വെണമെന്നു പറയുന്നതു,വീട്ടില് സ്ഥലം പോരാത്തതുകൊണ്ടൊ,അയല്‍ക്കാറ്ക്കോ
നാട്ടുകാറ്ക്കൊ ഒക്കെ ബുദ്ധിമുട്ടാകുമെന്ന് വെച്ചോ അല്ലല്ലോ.
ആദ്യസന്തതിയ്ക്ക് ന്യായമായി കിട്ടേണ്ട ശ്രദ്ധയും പരിചരണവും നഷ്ട്ട്ടപ്പെടരുതു എന്നത് പ്രധാനം തന്നെയാണ്‍.
ഭൂമീപുത്രീ,
അതൊരു തെറ്റിദ്ധാരണയില്‍ നിന്നുയര്‍ന്ന ചോദ്യമാണ്.കവിതയേയും കഥയേയും ലേഖനങ്ങളേയും നോവലുകളേയും ഒക്കെ സൃഷ്ടി എന്നു പറയുന്നതുപോലെ സന്തതിയെ സൃഷ്ടി എന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്.കവിതയും കഥയുമൊന്നും പോറ്റി വളര്‍ത്തല്‍ ആവശ്യമില്ലാത്ത ഒന്നാണ്.അതല്ലെങ്കില്‍ ഓരോന്നും എഴുതിക്കഴിഞ്ഞ് ഒരു പരസ്യപ്പലകയൊക്കെ വച്ച് ആളെക്കൂട്ടി ഒരു വിരുന്നു സല്‍ക്കാരമൊക്കെ നടത്തി അതിന്റെ ചെടിപ്പൊക്കെ കഴിഞ്ഞിട്ട് അടുത്തത് എഴുതാമെന്ന് വയ്ക്കാമായിരുന്നു.ഇതിപ്പോ എഴുതാന്‍ തോന്നിയാല്‍ അയ്യോ ഇന്നലെ ഒന്നെഴുതിയേ ഉള്ളു അതോണ്ട് ഇന്നെഴുതണ്ട എന്നു വയ്ക്കുന്നതും അയ്യയ്യോ രണ്ടുമാസം കഴിഞ്ഞല്ലോ എന്തെങ്കിലും എഴുതിയിട്ട് അതുകൊണ്ട് ഇന്നെന്തെങ്കിലും എഴുതിയേ തീരൂ എന്നു കരുതുന്നതും തമ്മില്‍ എന്താ വ്യത്യാസം.?
സനാതനന്‍,സാഹിത്യസൃഷ്ടിയെ പറ്റിപ്പറയുകയാണെങ്കില്‍,എനിയ്ക്ക് തോന്നിയിട്ടുള്ളതു,എഴുതിവെച്ച സാധനം കുറച്ചു ദിവസം കഴിഞ്ഞെടുത്തുനോക്കുമ്പോള്‍ glaring ആയിട്ടുള്ള പല തിരുത്തുലുകളും കണ്ണില്‍പ്പേടുമെന്നതാണ്‍.
അതുപോലെ,ഓരോപകറ്ത്തിയെഴുത്തിലും ഞാനറിയാതെ തന്നെ പലതും മാറിമറിയുന്നതുമായി അനുഭവപ്പെട്ടിട്ടുണ്ട്(എന്നിട്ടും
മടി കാരണം ചിലപ്പോഴെങ്കിലും ഈ പകറ്ത്തിയെഴുതല്‍ നടക്കാറില്ല)ഒരു കവിത finalise/publish ചെയ്തുകഴിഞ്ഞാല്‍ പിന്നെയതിലേയ്ക്കുള്ളൊരു തിരിച്ചുപോക്കെത്രത്തോളം നടക്കുമെന്നെനിയ്ക്കു സംശയമുണ്ട്.മാത്രമല്ല മറ്റൊരു രചനയുടെ മൂഡിലേയ്ക്ക് മനസ്സു കൂട് മാറുകയും ചെയ്യും.
‘വെള്ളത്തിലെത്തിരകള്‍ തള്ളിവരും കണ്ക്ക്’ ഒന്നിനുപുറകേ മറ്റൊന്നായി ആശയങ്ങള്‍ ജനിയ്ക്കുന്നതും ഒരു ഭാഗ്യം തന്നെ.
വിരലുകള്‍ക്കിടയില്‍നിന്നൊഴുകി പോകുമെന്നാണെങ്കില്‍
അവ അക്ഷരങ്ങളിലാക്കി സൂക്ഷിയ്ക്കാമല്ലൊ...
നാലുപേരെവിളിച്ച് 28 കെട്ടുന്നതിനുമുന്‍പ് ഒന്നുകൂടി ഒരുക്കാന്‍ സമയമെടുക്കുമെങ്കില്‍ അത് ഗുണം മാത്രമല്ലേ ചെയ്യു?
ഇതൊക്കെ ഓരോരുത്തരുടെ രചനാരീതിയിലുള്ള വ്യത്യാസമാകാം.
എങ്കിലും നമുക്ക് മുന്‍പേപോയവര്‍ പറഞ്ഞുകേട്ടിട്ടുണ്ട്,മനസ്സില്‍ക്കിടന്നു പാകമാകാന്‍ ഒരു സമയം കൊടുക്കണമെന്നു.
സ്വന്തം പേരിൽ കമന്റിട്ടാൽ ഞാനും ആരുടെയെങ്കിലുമൊക്കെ ബ്ലാക്ക് ലിസ്റ്റിലായാലോ എന്നു പേടിച്ചു മാത്രമാണേ അനോണിയായത്. എന്തായാലും, പ്രമുഖ ബ്ലോഗ് കവികളുടെ അധോലോകത്തിൽ അംഗമാവാതെ അവരെയൊക്കെ വിമർശിച്ചു കളയാം എന്നു കരുതിയ താങ്കളുടെ വിവരക്കേട് ഇതോടെ മാറിയിരിക്കും എന്നു കരുതുന്നു. ഞങ്ങളെയൊക്കെ വിമർശിച്ചാൽ ഞങ്ങൾ കമന്റിട്ടു മര്യാദ പഠിപ്പിക്കും, മനസ്സിലായോ?
ഗുപ്തൻ പറഞ്ഞു:
പിന്നെ വിഷ്ണുപ്രസാദിനെയും വിനോദിനെയും അന്‍വര്‍ അലിയെയും ഒക്കെ ഇത്ര ധാര്‍ഷ്ട്യത്തോടെ ‘കൈകാര്യം’ ചെയ്യുന്നതില്‍ നിന്ന് കവിത വിതക്കുന്ന മനസ്സിന് ഒരു റ്റീസ്പൂണിന്റെ റേഞ്ചേ ഉള്ളൂ എന്ന് അറിയാതെ തന്നെ വിളിച്ചുപറയുന്നുണ്ട് താങ്കള്‍.
അയ്യയ്യോ അൻവർ അലിയെ ധാർഷ്ട്യത്തോടെ കൈകാര്യം ചെയ്യുകയോ? അതൊന്നും പാടില്ല കേട്ടോ. ഒ. എൻ. വി.യും മധുസൂദനൻ നായരുമൊക്കെ കവിത ചൊല്ലുന്ന സദസ്സുകളിൽ കൂവി വളർന്ന ഇപ്പറഞ്ഞ അലി ഇപ്പോൾ സീനിയർ കവി ആയിക്കഴിഞ്ഞപ്പോൾ ആരും അങ്ങേരെ കൂവാൻ പാടില്ല, അല്ലേ?
Post a Comment