Wednesday, 12 March 2008

മുഷ്ടിചുരുട്ടുമ്പോള്‍

ഗോപീകൃഷ്ണന്റെ മനോഹരമായ കവിതകളിലൊന്നാണ് മുഷ്ടി. സ്തുത്യര്‍ഹമായ ഭാഷയും ആശയവും നിറഞ്ഞതാണ് ഈ കവിത. കയ്യിലെ വിരലുകളെ,ഹരിതകം കൊതിച്ചു നില്‍ക്കുന്ന ഇലകളോട് താരതമ്യപ്പെടുത്തിയിരിക്കുന്നതിനെ എങ്ങനെ അഭിനന്ദിച്ചാലാണ് മതിവരിക!. ഉറുമ്പുകളെപ്പോലെ വളരെ അദ്ധ്വാനിച്ച് അത് ഭക്ഷണം ശേഖരിക്കുകയും കിളികളെപ്പോലെ അനായാസം വായിലെത്തിക്കുകയും ചെയ്യുന്നു. വളരെ ശാസ്ത്രീയവും അക്കാദമികവുമായ ഭാഷ കൈമുതലായുള്ള ഈ കവി വിരലുകളെ സ്നേഹത്തിന്റെ ഇന്ധനമുപയോഗിച്ച് പ്രിയപ്പെട്ടവരുടെ ശരീരത്തില്‍ സഞ്ചരിക്കുന്ന വാഹനമായി നോക്കിക്കാണുന്നു. ഇത്തരം കവിതകളെ നോക്കി നിന്നു പോകും എത്ര പരിചയിച്ചാലും. അനുഭവങ്ങളുടെ രഹസ്യമറിയാന്‍ ഭാഷയിലൂടെ പരതിനടക്കുകയും ചെയ്യുന്നു ഈ വിരലുകള്‍. കവിതയുടെ അവസാനത്തെ വരികളിലെ വിദഗ്ദ്ധമായ ഒരു ‘ട്വിസ്റ്റി’ലൂടെ നമ്മെ അത്ഭുതപ്പെടുത്തുന്നു ഗോപി. അപ്പോള്‍, പരിഹാസ്യരായി കൊലക്കയറില്‍ കഴുത്തുമുറുകുമ്പോളും പുറത്ത് ചുരുണ്ടു മുറുകിയ മുഷ്ടികള്‍ ആകാശത്തിലേക്കുയര്‍ന്ന് അതൊരു പുതിയ തലച്ചോറാകുന്നതും ഒരുപാട് മുദ്രാവാക്യങ്ങളുടെ മുഴക്കങ്ങള്‍ കാതുകളില്‍ ഇരമ്പുന്നതും നാം അറിയുന്നു.
മറ്റൊരു ഗംഭീരന്‍ കവിതയാണ് മണ്ടന്‍. ഗോപിയോടു എന്തെങ്കിലും വിരോധമുള്ളതുകൊണ്ടാണോ കാവ്യത്തിലിതു പോസ്റ്റ്ചെയ്ത സുനില്‍കൃഷ്ണാ, താങ്കള്‍, ‘മണ്ടന്‍,പി.എന്‍.ഗോപീകൃഷ്ണന്‍’ എന്ന് തലക്കെട്ടു കൊടുത്തത്?:).വളരെ തന്മയത്വത്തോടെ എഴുതിയിരിക്കുന്നു ഈ കവിത. എനിക്കുണ്ട് ഇപ്പോഴും, ഇലക്ട്രോണിക് സാധനങ്ങളൊക്കെ ഉപയോഗിക്കുമ്പോള്‍ ഒരു കൈവിറ. ഈ കവിതയിലെ 3-ആം ഖണ്ഡത്തിന്റെ അവസാനമുള്ള
‘സൈന്യം അതിര്‍ത്തിയിലല്ല
അകത്താണ്‌’
എന്ന വരികളിലാണ് ഗോപീകൃഷ്ണന്റെ തനതു ശൈലി നമുക്ക് ദര്‍ശിക്കാനാവുക. അവസാനത്തെ ഖണ്ഡത്തില്‍ മൊത്തം പ്രതികാരത്തിനായുള്ള ഒരുക്കമാണ്. ഇവിടെയും കാണുന്നു നാം ഒരു മുഷ്ടി ചുരുട്ടല്‍.

6 comments:

ഭൂമിപുത്രി said...

‘മുഷ്ടി’എങ്ങിനെയോ ഞാ‍ന്‍ കാണാതെപോയ കവിതയായിരുന്നു.അതു കാണിച്ചുതന്നതിന്‍ വളരെ സന്തോഷമുണ്‍.

Thiramozhi said...

കവിതാവിചാരം വായിക്കുന്നു.നല്ലത്. മിക്കതും ഹരിതകത്തില്‍വന്ന രചനകളെക്കുറിച്ചായതിനാല്‍ പലരും ഇതിന്റെ നടത്തിപ്പു ഞാനാണോ എന്നു സംശയിക്കുന്നു. ഞാനല്ലെന്നു പറയട്ടെ.
പി പി രാമചന്ദ്രന്‍

വല്യമ്മായി said...

മുഷ്ടി ആദ്യം വായിച്ച് മറന്നു പോയ കവിതയായിരുന്നു,ഓര്‍മ്മയില്‍ കൊണ്ടുവന്നതിനും പഠനത്തിനും നന്ദി.

ഓ.ടോ:ഹരിതകത്തില്‍ പണ്ടുണ്ടായിരുന്ന് പി.ഡി.ഫ് പുസ്തകങ്ങള്‍ കാണാനില്ലല്ലോ?

ഭൂമിപുത്രി said...

അതു പറഞ്ഞതു നന്നായി രാമചന്ദ്രാ :)

Pramod.KM said...

കവിത വിതച്ചത്,ഈ ലേഖനത്തിന് വിപ്ലവാഭിവാദ്യങ്ങള്‍.:)

ലാപുട said...

നേര്‍ബുദ്ധിയുടെ കാതലുണ്ട് ഗോപീകൃഷ്ണന്റെ കവിതകളില്‍ ഈടോടെ ഉറപ്പോടെ എന്ന് തോന്നിയിട്ടുണ്ട്. ഒളിഞ്ഞോളിഞ്ഞിരിക്കുന്നതെന്ന് നമ്മള്‍ വിചാരിച്ചിരുന്ന യുക്തികളെ ദാ നോക്കൂ ഇത്രയും തെളിച്ചത്തു തന്നെയാണ് ഇവയൊക്കെ ഇത്രനാളും ഇവിടൊക്കെ ഉണ്ടായിരുന്നത് എന്ന് അനാവരണം ചെയ്യും, എന്നിട്ട് നമ്മളുടെ നോട്ടത്തിനെയാണ് ഒളിവുമറവുകള്‍ മൂടിയിരുന്നതെന്ന് നാണിപ്പിക്കും ആ കവിതകള്‍.

ഗോപീകൃഷ്ണന്റെ കവിതകളെക്കുറിച്ച് ചെറുതെങ്കിലും സുന്ദരമായ ഈ ആസ്വാദനം കാണുമ്പോള്‍ വളരെ സന്തോഷം.

ആശംസകള്‍ ..ഗോപീകൃഷ്നന്റെ എഴുത്തിനും ഇവിടുത്തെ വിതപ്പുകള്‍ക്കും.