Thursday, 20 March 2008

കവിത കൊത്തുമ്പോള്‍

രണ്ടദ്ധ്യായങ്ങളുള്ള നഗരത്തിലാണ് ടി.പി. അനില്‍കുമാറിനെ ആദ്യമായി കണ്ടു മുട്ടുന്നത്. വാക്കുകളുടെ ഉളികൊണ്ട് ഇയാള്‍ കവിതകളില്‍ കൊത്തുന്നത് നോക്കി നിന്നുപോകും. പെണ്ണായേ ജനിക്കൂ ഞാനിനി എന്ന് തോന്നിപ്പോകുന്ന വിധത്തില്‍ മികച്ചതാണ് ഇയാളുടെ സ്ത്രീ ബിംബ കല്‍പ്പനകള്‍. അയ്യപ്പനെ കുറിച്ച് പലരുമെഴുതിയ കവിതകളില്‍വെച്ച് ഇഷ്ടമായ ഒന്നാണ് അനില്‍കുമാറെഴുതിയത്. കാവ്യാസ്വാദനത്തില്‍ സ്വയം മറന്നു നില്‍ക്കുന്ന മൂത്താശാരിയെ മറക്കാന്‍ കഴിയില്ല തന്നെ. മുറിയുടെ മൂലക്കുള്ള പഞ്ചാരയിട്ടു കത്തിച്ച പെണ്ണിന്റെ ചാരം നിറച്ച ഒരു കുടത്തെ പറ്റിയുള്ള ചിന്തകള്‍ ആണ് ഈ കവിതയില്‍. ഇത് നഷ്ടപ്രണയങ്ങളെ കുറിച്ചുള്ള ചിന്തയാവാം. മനസ്സില്‍ നിന്നും എത്ര ശ്രമിച്ചാലും മായാത്ത ഓര്‍മ്മകള്‍ അയവിറക്കുകയാവാം.
അതുല്യമായ ഒരു രചനയാണ് കൊടുങ്കാറ്റിന്റെ കൂടെപ്പോയ വീട്. കടപുഴയ്ക്കപ്പെട്ട മരത്തെ കിതച്ചുനില്‍ക്കുന്ന ഒരു പട്ടിയോട് ഉപമിച്ചിരിക്കുന്നത് എത്ര സമര്‍ത്ഥമായാണെന്ന് നോക്കുക.
ചിലപ്പോള്‍ ഒരു സാധാരണ ചെടി നമ്മെ എത്രയോ അകലേക്ക് കൊണ്ടുപോകും. ഒരു പ്രവാസിയുടെ കയ്യൊപ്പ് പതിപ്പിക്കുന്നുണ്ട്,കവി, കൊണ്ടുവരേണ്ടസാധങ്ങളെക്കുറിച്ചു പറയുമ്പോള്‍. കുഴൂര്‍ ഷഷ്ഠിയും ഈ കവിതയും ചേര്‍ത്തുവെച്ച് വായിക്കുമ്പോള്‍ ഒരു പ്രത്യേക സുഖം ആണ്. നിന്റെ കയ്യിലെന്തെങ്കിലുമുണ്ടോ,ഇവിടെ നിന്നു കൊണ്ടുപോയതെങ്കിലും എന്ന് ചോദിക്കുന്ന ബന്ധുജനങ്ങളാണ് അനില്‍ കുമാറിന്റെ കവിതയിലെങ്കില്‍, അവയവങ്ങളെല്ലാം ആഘോഷത്തിനു കൊടുത്തയച്ച് നിശ്ചലനായി കിടക്കുന്നു നായകന്‍, കുഴൂരിന്റെ കവിതയില്‍.
ഇങ്ങനെയൊക്കെയല്ലേ പ്രവാസികള്‍ക്ക് അവരുടെ മനോവ്യാപാരങ്ങള്‍ അടയാളപ്പെടുത്താന്‍ കഴിയൂ രാമചന്ദ്രന്‍? .

4 comments:

കുഴൂര്‍ വില്‍‌സണ്‍ said...

നന്നായി. കുറെക്കാലമായി ഇയാള്‍ നാട് വിട്ടിട്ട്. എന്നാലോ, എങ്ങനെയാണ് ഇയാള്‍ കവിത മുറുക്കെപ്പിടിച്ചിരിക്കുന്നത്.

കൂടെയുള്ളവരുടെ കവിത കാക്കുന്നത്

കവിത വിതച്ചത് said...

പേടിപ്പിച്ചു കളഞ്ഞു.. കമന്റിലെ അവസാനത്തെ വാക്കിലെ ദീര്‍ഘം ആദ്യം കണ്ടിരുന്നില്ല..;)

ഭൂമിപുത്രി said...

ബൂലോകത്തില്‍ വൈകിയെത്തിയതുകൊണ്ട്,
അനിലിന്റെ ബ്ലോഗിലെ കവിതകള്‍ എല്ലാം ഇനിയും
വായിച്ചിട്ടില്ല.ഇതു നല്ലൊരു തിരഞ്ഞെടുപ്പായിരുന്നു,നന്ദി

സനാതനന്‍ said...

എന്റെ എളിയ അഭിപ്രായം പരിഗണിക്കുമെങ്കില്‍ കവികളെയും കവിതകളേയും പരിചയപ്പെടുത്തുന്നതിന് അപ്പുറത്തേക്ക് വായനക്കാരന് വേണ്ടി/ചര്‍ച്ചക്കുവേണ്ടി തുറന്നുവയ്ക്കുന്ന എന്തെങ്കിലും കൂടി ഉണ്ടായിരുന്നെങ്കില്‍ ഇവിടെ ചര്‍ച്ചകള്‍ നടക്കുമായിരുന്നു നില്‍ക്കുന്നിടത്തുനിന്ന് നമുക്ക് ഒട്ടെങ്കിലും മുന്നോട്ട് പോകാന്‍ ആകുമായിരുന്നു.
(ഈ ഉദ്യമത്തിന്റെ നന്മകളെ ഒട്ടും കുറച്ചുകാണുകയല്ല എന്നും വ്യക്തമാക്കട്ടെ)