Wednesday, 12 March 2008

മേസ്തിരിയും പാട്ടും

ലാളിത്യമാണ് എസ്.ജോസഫിന്റെ കവിതകളുടെ മുഖമുദ്ര. ജനപ്രിയനായ കവിയാണ് ഇന്ന്‍ ജോസഫ്. ചെറുപ്പമായിരുന്നപ്പോള്‍, കൂടെ നടന്നിരുന്ന തലമൂത്ത കവികളെല്ലാം കളിയാക്കുമായിരുന്നു,ഇതെന്തോന്ന് കവിതയെടേയ് എന്നൊക്കെ പറഞ്ഞ്. ആ കളിയാക്കിയ വിരുതന്മാരൊക്കെ അമ്പരന്നിരിപ്പുണ്ടാകും ഇപ്പോള്‍ ജോസഫിന്റെ പുസ്തകങ്ങള്‍ ചടപടേ എന്ന് വിറ്റഴിയുമ്പോള്‍. പഴയ വിമര്‍ശനങ്ങളൊക്കെയാവാം ഇയാളെ സ്വയം നവീകരണത്തിനും അതുവഴി നല്ലൊരു കവിയെന്ന നിലയിലേക്കുള്ള വളര്‍ച്ചക്കും സഹായിച്ചത്.
പാട്ട് നോക്കുക. ഇത്ര ലളിതമായ ശൈലിയില്‍ എത്ര ഗംഭീരമായാണ് ഇയാളെഴുതുന്നത്! സംഗതി ഇത്രയേ ഉള്ളൂ, ഒരാള്‍ ഒരു പാട്ടുപാടുന്നു. അര്‍ത്ഥമെന്താണാ പാട്ടിന്റെയെന്നൊന്നും അറിയില്ല. എങ്കിലും നമുക്ക് കേട്ടിരിക്കാം. അങ്ങനെയൊക്കെ തന്നെയല്ലേ നമ്മുടെ അനുഭവങ്ങളും?നാം പലപ്പോഴും പാട്ടുകള്‍ ആസ്വദിക്കുന്നതും പാടുന്നതുമൊന്നും അര്‍ത്ഥത്തിലൂന്നിക്കൊണ്ടായിരിക്കണമെന്നില്ലല്ലോ. ചില ഗാനങ്ങള്‍ കേട്ട് നമ്മള്‍ മതിമറന്ന് അങ്ങനെ ഇരിക്കും. നമ്മെ ആകര്‍ഷിക്കുന്ന എന്തോ ഒന്നുണ്ടാവും ആ പാട്ടില്‍. ഈ മരത്തിന് എത്ര ഇലകളുണ്ടെന്ന് പറയാനൊക്കാത്തതു പോലെ നമുക്ക് വ്യക്തമായി പറയുവാന്‍ പറ്റാത്ത എന്തോ ഒന്നുണ്ട് ഈ പാട്ടിലും.!!
ജോസഫിന്റെ കവിതകളില്‍ എറ്റവും ഇഷ്ടമായത് ‘മേസ്തിരി’യെ യാണ്. ഇന്റര്‍നെറ്റില്‍ തപ്പിനോക്കി ലിങ്കൊന്നും കാണാത്തതിനാല്‍ അതങ്ങനെ തന്നെ ഇവിടെ എഴുതിവെക്കുന്നു. ഇത്രയും ശ്രമകരമായ ഒരു ജോലി,മടിയനായ ഈ ഞാന്‍ ചെയ്യണമെങ്കില്‍ എത്രമാത്രം ഈ കവിതയെ ഇഷ്ടപ്പെടുന്നു എന്ന് മനസ്സിലാക്കാമല്ലോ.
മേസ്തിരി
ഒരു മേസ്തിരിയോടൊപ്പം പണിക്കു പോയി
ഉച്ചയ്ക്ക് ചോറുണ്ടു കഴിഞ്ഞ്
തൊഴുത്തിന്റെ തിണ്ണയിലിരുന്നു.
ഒരു കിളി വാഴപ്പഴം കൊത്തിത്തിന്നുന്നു
അതിനെ പിടിക്കാന്‍ പറ്റുമോ?
കപ്പളത്തിന്റെ പഴുത്ത കൈപറന്നു വീഴുന്നു.
അതുകൊണ്ട് ഒരോടക്കുഴലുണ്ടാക്കാം.
വൈകിട്ട് ഷാപ്പില്‍ വച്ച് മേസ്തിരി പറഞ്ഞു:
നിന്നെ ഈ പണിക്കു കൊള്ളില്ല.
നീ എന്തൊക്കെയോ പിറുപിറുക്കുന്നു.
ഇടയ്ക്കിടയ്ക്ക് ഓര്‍ത്തുനില്‍ക്കുന്നു
ചുറ്റികയ്ക്കു പകരം തൂമ്പാ കൊണ്ടു വരുന്നു
ചാന്തിനു പകരം ചുടുകട്ട കൊണ്ടുവരുന്നു
ഇരുമ്പുചട്ടിയുമായി എങ്ങോട്ടോ പോകുന്നു.

മേസ്തിരി ഈയിടെ മരിച്ചു.
വാഴപ്പഴം തിന്നുന്ന കിളിയും
കപ്പളത്തിന്റെ കൈയും
ഓര്‍മയിലുണ്ട്.

------------------------------------
മേസ്തിരിമാരോട് പോയി പണിനോക്കാന്‍ പറ ജോസഫേ, താങ്കള്‍ എഴുതുക.
ഇനി ഒരു നിര്‍ദ്ദേശം: ഒരേ രീതിയില്‍ അങ്ങനെ എഴുതി വിടരുത്. ഒരു നിയന്ത്രണമൊക്കെ വേണം എന്തിനും. എളുപ്പത്തില്‍ എഴുതാന്‍ പറ്റുമെന്ന് വെച്ച് എല്ലാറ്റിനെയും പിടിച്ച് കവിതയാക്കരുത്. വിമര്‍ശനം താങ്കളെ വളര്‍ത്തും എന്നറിയാവുന്നതുകൊണ്ടാണ് ഇത്രയും പറഞ്ഞത് കേട്ടോ.:). ജോസഫിന്റെ ബ്ലോഗ് ഇവിടെ.

3 comments:

വല്യമ്മായി said...

എളുപ്പത്തില്‍ എഴുതാന്‍ പറ്റുമെന്ന് വെച്ച് എല്ലാറ്റിനെയും പിടിച്ച് കവിതയാക്കരുത് :)

വിനോജ് | Vinoj said...

എനിക്കും ഇഷ്‌ടമായി ജോസെഫിന്റെ കവിതകള്‍. പോസ്റ്റിന് നന്ദി.

ഭൂമിപുത്രി said...

“ഇത്രയും ശ്രമകരമായ ഒരു ജോലി,മടിയനായ ഈ ഞാന്‍ ചെയ്യണമെങ്കില്‍ ..”
അതുകൊണ്ടാകുമല്ലെ അലസരെ പെട്ടന്നു അറസ്റ്റ് ചെയ്തു :) മുന്നില്‍നിര്‍ത്താന്‍ പറ്റുന്നതു?
കവിതയ്ക്ക് നന്ദി.