ആധുനികതയുടെ ഹാങ്ങ്-ഓവര്‍ വിട്ടുമാറാത്ത ഒരു കവിയാണ് രാജ് നീട്ടിയത്ത്. പറയാനുള്ളത് ദുര്‍ഗ്രഹതയിലൂടെ പറയുന്നതാണ് കവിത്വം എന്ന വികലമായ കാഴ്ചപ്പാടില്‍ നിന്നും ഈ കവി എന്നുപുറത്തുകടക്കുന്നുവോ അപ്പോള്‍ മാത്രമേ ഇയാള്‍ക്ക് മികവുതെളിയിക്കാന്‍ പറ്റൂ എന്നാണ് എന്റെ വായനയില്‍ തോന്നിയത്. ചെറിയ ഒരു അഭിപ്രായം ഇയാളുടെ കവിതയെപ്പറ്റി പറഞ്ഞപ്പോള്‍ അസഹിഷ്ണുക്കളായവര്‍ ഇയാളെ കുറച്ച് ഉപദേശിക്കുന്നത് നന്ന്. ഖകമേ എന്ന കവിതയില്‍ അവസാനത്തെ ഖണ്ഡിക എന്തിനാണെന്ന് എനിക്കു പിടികിട്ടുന്നില്ല. വിജയനെ വച്ച് ഉപജീവനം കഴിക്കുന്ന എഴുത്തുകാര്‍ ഇന്നുമുണ്ടെന്ന് കാണുമ്പോഴാണ് വി.കെ.എന്‍ എത്രമാത്രം ദീര്‍ഘദര്‍ശിയായിരുന്നുവെന്നതില്‍ നാം അത്ഭുതപ്പെടുക!. ഈ പൂരക്കവിതയില്‍ എനിക്ക് ശബ്ദങ്ങള്‍ മാത്രമേ കേള്‍ക്കാന്‍ കഴിയുന്നുള്ളൂ. ശബ്ദത്തിന് പറ്റിയത് കവിതയല്ല,മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ ചെണ്ടയാണ്. സബ്ജക്റ്റ് കൊണ്ട് മികച്ച ഒന്നായിരുന്നു കുളത്തിലെ സ്വയംഭോഗം. പക്ഷെ നേരത്തെ പറഞ്ഞ മിഥ്യാധാരണകള്‍ കൊണ്ടും കാലഹരണപ്പെട്ട വാര്‍പ്പുതോതു കൊണ്ടും ഈ കവിതയെ കളഞ്ഞുകുളിച്ചു ഈ ചെറുപ്പക്കാരന്‍. എന്റെ ബ്ലോഗിലെ തന്നെ ഒരു കമന്റിലൂടെയാണ് ഗുല്‍മോഹര്‍ എന്ന ഹിന്ദിപ്പേരന്വേഷിച്ചുപോയത്. കാളിദാസനും മുന്‍പേ വന്നതാണ് പൂവും സ്ത്രീയുമായുള്ള ഉപമയും ഉല്പ്രേക്ഷയും. പുഴ ആണ് ഭേദപ്പെട്ട ഒരു രചന. ടി.പി.രാജീവന്റെ പുഴയെയും വെള്ളത്തേയും കുറിച്ചുള്ള കവിതകള്‍ കുറെ കണ്ടതിനാല്‍ ഒട്ടു പുതുമയും തോന്നിയില്ല. പറഞ്ഞില്ലെങ്കില്‍പ്പോലും ഇതൊക്കെ തന്നെ വൈശാലിക്കഥയിലെ കാമ്പ്.
വായനയുടെ കുറവും അനാവശ്യമായ പിടിവാശികളുമായിരിക്കും ഇയാളുടെ ഉള്ളിലെ കവിക്ക് വിലങ്ങുതടിയാവുന്നത് എന്ന് തോന്നുന്നു. കവിത വളര്‍ത്താനാണ് ഇത്രയും പറഞ്ഞത് രാജ്,തളര്‍ത്താനല്ല. ഭാവുകത്വപരമായി സമകാലികമായിരിക്കുക എന്നത് ഔട്ട് ഓഫ് ഫാഷനൊന്നും അല്ല കവിതയില്‍. ആശംസകള്‍.
Showing posts with label രാജ് നീട്ടിയത്ത്. Show all posts
Showing posts with label രാജ് നീട്ടിയത്ത്. Show all posts
Sunday, 23 March 2008
Subscribe to:
Posts (Atom)