Saturday, 15 March 2008

എന്‍.ജി.ഉണ്ണികൃഷ്ണന്റെ കവിതകള്‍.

പ്രതിഭാധനനായ ഒരു കവിയാണ് എന്‍.ജി. അദ്ദേഹത്തെ വേണ്ടവിധം ആദരിക്കാന്‍ മലയാളി കാവ്യാസ്വാദകര്‍ക്ക് കഴിഞ്ഞിട്ടില്ല ഇതു വരെ. എന്‍.ജിയുടെ കവിതകളെപ്പറ്റി വാതോരാതെ സംസാരിക്കുന്നു അന്‍വര്‍അലി ഈ ലേഖനത്തില്‍.
ഇദ്ദേഹത്തിന്റെ പിരിയാറായ എസ്.ഐ വായിക്കുക. കവി ഒരാളോട് വഴിചോദിക്കുന്നു. വഴികാണിച്ചുകൊടുക്കുകമാത്രമല്ല, സ്നേഹത്തോടെ സല്‍ക്കരിക്കുകയും ചെയ്യുന്നു അയാള്‍. അയാളോട് എന്തെന്നില്ലാത്ത ബഹുമാനം തോന്നി കവിക്ക്. അയാള്‍ എസ്.ഐ ആണെന്നറിഞ്ഞപ്പോള്‍ പഴയ ഒരു മുയല്‍ വേട്ടയെപ്പറ്റി ഓര്‍ക്കുന്നതിനാലാവണം കവി ഞെട്ടിത്തരിക്കുന്നു. പിരിയാറായി. ഒരു കൊല്ലം മാത്രമാണ് ഇയാള്‍ ഇനി ‘സര്‍’ ആയി ഇരിക്കുകയുള്ളു. കെ.പി.എ.സി സണ്ണിയുടെ നേര്‍ത്ത ശബ്ദമാണ് ഇയാള്‍ക്ക്. പക്ഷെ എസ്.ഐ. അല്ലേ? ഇയാള്‍, ബാറ്റണ്‍ ഏതെങ്കിലും തടവുകാരിയുടെ ഗുഹ്യത്തില്‍ കയറ്റിയിട്ടുണ്ടാകുമോ?. മൊട്ടു സൂചിപ്രയോഗത്തില്‍ തടവുകാരനെക്കൊണ്ട് അമ്പത്തൊന്നക്ഷരവും പറയിച്ചിട്ടുണ്ടാവുമോ? പിന്നെയും കവി വിചാരിക്കുന്നു മുയല്‍ വേട്ടയില്‍ ഇയാള്‍ പങ്കെടുത്തുകാണില്ലെന്ന്.
ആയ കാലത്ത് തെറി വിളിച്ച നാവ് കാവാ‍ലം ശ്രീകുമാറിനെക്കാള്‍ കേമമായി വായിക്കുമോ രാമായാണം? സ്വഭാവം എത്ര കടുത്തതാണെങ്കില്‍ കാലക്രമത്തില്‍ പുളിക്കുകയും മധുരിക്കുകയും ചെയ്യുമോ?

എന്‍.ജിയുടെ മനോഹരമായ ‘അമ്മ നട’ എന്ന കവിത ഈ ലക്കത്തെ മലയാളത്തിലുണ്ട്.അതിവിടെ പകര്‍ത്തട്ടെ. മാതൃസങ്കല്‍പ്പങ്ങളെയെല്ലാം കീഴ്മേല്‍ മറിക്കുന്നു ഈ കവിത. ഡി.എ.കൂട്ടിയ സന്തോഷത്തില്‍ വന്ന മകന്‍ അമ്മക്ക് ഒരു സര്‍പ്രൈസ് ആയിക്കോട്ടെ എന്ന്‍ കരുതി 100 രൂപാ നോട്ട് പിന്നിലൂടെ പറത്തിക്കൊടുക്കുമ്പോള്‍ നാമ ജപമൊക്കെ മതിയാക്കി ആര്‍ത്തിയോടെ അത് കൈപ്പിടിയിലൊതുക്കുന്നു അമ്മ.
അമ്മനട:
-----------------------------------
നിലവിളക്കിന്റെ തിരിനീട്ടിയമ്മ
നരക വാരിധീ നടുവില്‍ നിന്നെന്നെ
കരകേറ്റീടണേ ശിവശംഭോയെന്ന്

പറത്തി പിന്നീന്ന്
ഒരു നൂറു രൂപ

വളര്‍നഖങ്ങളില്‍ ഇരകുരുങ്ങുന്ന
നരിതന്‍ മിന്നലോ
കുതിച്ചു പുഷ്പം പോല്‍ വെടിയുണ്ടപ്പന്ത്
കരത്തിലാക്കീടും ബ്രസീലിന്‍ ഗോളിയോ

പറന്നിറങ്ങുന്ന പടപട രൂപ
പിടിച്ചടക്കുന്നു

ഇവളുടെ രക്ത ധമനിയും
ശ്വാസഗതി ഹൃദയവും
പരപരാനേരം വെളുക്കുന്നേരത്തെ
കുളിര്‍ നെടുമ്പാത
വൃക്ക,വിസര്‍ജ്ജനങ്ങളും ദഹനവും
കൃത്യഘടികാരം

തിമിരക്കണ്ണിനു തിരയുന്നൂ
പൊട്ടച്ചെവി ഗ്രഹിക്കുന്നൂ
മകനു കൂടിയ പുതിയ ഡി.എ.വാര്‍ത്ത

ഇവളുടെ പലതരം മിരട്ടുകള്‍
ഇഹമേ വേണ്ടെന്ന നവരസങ്ങളും

ചിരിപ്പിക്കും പിന്നെക്കരയിക്കും
ചാപ്ലിന്‍ സിനിമയെപ്പോലെ

ചെറുസംഗതികള്‍
സ്വയം തെറുത്തിവള്‍
നിനക്കായ് നീട്ടിയ തിരിനാളം
കെടുമ്പൊളാ പിടച്ചിലാറ്റണേ
ഉറക്കത്തിലൊരു ഹൃദയസ്തംഭനം
ഇവള്‍ക്കേകീടണേ
ചരാചരങ്ങള്‍ രക്ഷിപ്പാന്‍
വിഷംകുടിച്ചോനേ
ശിവശംഭോ ശംഭോ!
----------------------------

3 comments:

വല്യമ്മായി said...

പരിചപ്പെടുത്തിയതിനു നന്ദി,പഠനവും കവിതകളും വായിച്ചു,കവിതകള്‍ ഒറ്റനോട്ടത്തില്‍ ലളിതമെന്നു തോന്നുമെങ്കിലും ഇന്നത്തെ കേരള സമൂഹത്തിന്റെ പല പ്രശ്നങ്ങളേയും തുറന്നു കാട്ടുന്നുണ്ട്.

ഭൂമിപുത്രി said...

‘മലയാള’ത്തില്‍ഇതുകണ്ടപ്പോഴും,എന്തുകൊണ്ടോ,
ശ്രദ്ധിച്ചുവായിയ്ക്കാതെ വിടുകയായിരുന്നു ചെയ്തതു.
ഇന്നീക്കവിത ഇവിടെക്കണ്ടിരുന്നില്ലായിരുന്നെങ്കില്‍..
നഷ്ട്ടം എന്റേതുമാത്രം!

Pramod.KM said...

എന്‍.ജി.ഉണ്ണികൃഷ്ണന്റെ കവിത പരിചയപ്പെടുത്തിയതിന് നന്ദി.:)