ഒരു കവിസുഹൃത്ത് എന്നെ വെല്ലുവിളിച്ചു,പ്രമോദിനെ ഒരു കമ്യൂണിസ്റ്റ്വിരുദ്ധനാക്കാമോ എന്ന്. എന്തു തരും എന്ന് ഞാന്‍ ചോദിച്ചു. എഴുതിഫലിപ്പിച്ചാല്‍ ചോദിക്കുന്നതെന്തും തരാം എന്ന് പറഞ്ഞു. എങ്കില്‍ അരക്കൈ നോക്കിക്കളയാം എന്ന് ഞാനും.
പ്രത്യക്ഷത്തില്‍ കമ്യൂണിസ്റ്റ് ആശയങ്ങളെന്ന് തോന്നിക്കുകയും ഉള്ളില്‍ പാര്‍ട്ടിവിരുദ്ധ ചിന്താഗതികള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു പ്രമോദ് തന്റെ കവിതകളിലൂടെ!. തെരഞ്ഞെടുപ്പില്‍ കള്ളവോട്ടു ചെയ്യുന്ന ഈ കവി അവരുടെ മുദ്രാവാക്യങ്ങളെത്തന്നെ പരിഹസിക്കുന്നു. പ്രതികാരം ചെയ്യാന്‍ കഴിവില്ലാത്ത ഈ അടിമയുടെ ആത്മഗതം മാത്രമാണ് മര്ദ്ദകന് ഭയക്കുന്നുണ്ടാകുമെന്നത്. അരിക്കുപോയ കുട്ട്യപ്പ തിരിച്ചുവന്നില്ല,മാത്രമല്ല വിശപ്പ് അത് പോലെ നിലനില്ക്കുകയും ചെയ്യുന്നു. വിപ്ലവം കൊണ്ടും രക്തസാക്ഷിത്വംകൊണ്ടുമൊന്നും ഒരു പ്രയോജനവുമില്ല എന്നല്ലേ ഇതിന്റെയൊക്കെ സാരം? പരാജയപ്പെട്ട മറ്റുചില സമരങ്ങളെപ്പറ്റിയാണ് ഇവിടെ പറയുന്നത്. ജയിലില്‍ നിന്നും പൊളിഞ്ഞ കലം പോലെയാണ് കുഞ്ഞാക്കമ്മ വരുന്നത്. എന്നിട്ട് ഗ്രാമീണര്‍ നെയ്യുന്നത് മീന്‍കറിയെക്കുറിച്ചൊരു സ്വപ്ന വല. വലനെയ്യുക മാത്രം ചെയ്യുന്നു. കടലില്‍പ്പോകുകയും മീന്‍ പിടിക്കുകയും മീന്‍ അരിയുകയും കറിവെക്കുകയുമൊക്കെ, ചെയ്യാതെ ബാക്കി കിടപ്പുണ്ട്. സ്വപ്നം കാണുന്നതിനാണോ കുഞ്ഞാക്കമ്മ ഇത്രയും ത്യാഗമൊക്കെ സഹിച്ചത്.?
കമ്യൂണിസ്റ്റുകാരുടെ കൂട്ടുകെട്ട് മൂലം ഒന്ന് പ്രേമിക്കാന്‍ പോലും കഴിഞ്ഞില്ല എന്ന് സങ്കടപ്പെടുകയാണ് ഇയാള്‍. പ്രവര്‍ത്തനത്തിലല്ല,പഴക്കമേറിയ പാര്‍ട്ടിഗൃഹാതുരത്വത്തിലാണ് ആളെപ്പറ്റിക്കാന്‍ പുള്ളിയുടെ വൃഥാ ഉള്ള നോട്ടം. ബ്രാഞ്ചുസെക്രട്ടറി വെറുതെയല്ല ഡോക്ടരെക്കാണാന്‍ പറഞ്ഞത്. ഇപ്പോളിവിടെ എന്തൊക്കെയോ നടന്നേക്കുമെന്ന പ്രതീക്ഷകളെ അപ്പാടെ തകിടം മറിച്ചുകൊണ്ട്, കാന്തലോട്ട് കുഞ്ഞമ്പുവിന്റെ കാപ്പിയും കുടിച്ച്, ഗ്ലാസ് വടിച്ചു കമിഴ്ത്തുകയാണ് ഈ കമ്യൂണിസ്റ്റ് വിരുദ്ധന്‍.
ഇനി വെല്ലുവിളിച്ച സുഹൃത്തിനോട് ഒരേയൊരു കാര്യം: ഒരു ബീഡിയുണ്ടോ സഖാവേ... ഒരേയൊരെണ്ണം? :)
Subscribe to:
Post Comments (Atom)
20 comments:
:) ഉഗ്രന്‍! കലക്കി! ഇതില്‍പ്പരം പ്രമോദിന്റെ കവിതയെ ചൂഴ്ന്നു നോക്കാനില്ല.
ഒരു കേരളീയന്റെ വ്യഥകള്‍?
പാര്‍ട്ടിഗൃഹാതുരത ഇന്നത്തെ കമ്യൂണിസ്റ്റുകാരന്റെ കമ്യൂണിസ്റ്റ് വിരുദ്ധതയാണ്, അല്ലാതെ പ്രമോദ് എന്ന കവിയുടെയല്ല, അയാള്‍
അങ്ങനെ
പപ്പനെന്റെ അച്ഛനായി.
അച്ഛന്
അമ്പലം കമ്മിറ്റി പ്രസിഡണ്ടായി.
പൂജയായി.
പൂമൂടലായി.
എന്നെഴുതി പാര്‍ട്ടിയെ അപഹസിക്കുമ്പോള്‍ ഗൃഹാതുരതകൊണ്ട് പൂമൂടലും പൂജയും നടത്തുന്നവരെപ്പോലും എഴുന്നുള്ളിച്ച് നടത്തുന്ന സഗാക്കള്‍ ചിരിച്ചു പോകുന്നേയുള്ളൂ, അച്യുതാനന്ദനെ പറ്റിയുള്ള കോമഡി സ്കിറ്റു കാണുന്ന പോലെ. കവിതയ്ക്ക് ദൂരീകരിക്കാനാവുന്നതല്ല കേരളീയന്റെ പാര്‍ട്ടിഗൃഹാതുരത, പ്രമോദിന്റെ കവിതകള്‍ക്കു വിദൂഷകന്റെ വേഷമാണ് ഈ അരങ്ങില്‍, അവയതു ഏറെക്കുറെ കൃത്യതയോടെ നിര്‍വഹിക്കുന്നുമുണ്ട്.
ഇഷ്ടമായി കവിതകളെ കമഴ്ത്തിപിടിച്ച് പുറത്തിട്ടത്.
ഉള്ളടക്കം ഊരിയെടുത്ത് ഞാന്‍ കമ്യൂണിസ്റ്റ് കാരനോ അല്ലയോ എന്ന് കണ്ടുപിടിക്കുന്നതിനു പകരം കവിതകളെ കുറിച്ചു പറഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോയി..ആടിനെ പട്ടിയും പട്ടിയെ ആടും ആക്കാന്‍ഒരു പ്രയാസവുമില്ലെന്ന് ഏതായാലും ബോധ്യപ്പെട്ടു. പിന്നെ നാട്ടുമ്പുറത്തെ എനിക്കറിയാവുന്ന ജീവിതത്തെക്കുറിച്ചെഴുതിയാല് വിദൂഷകനാവാമെന്നും മനസ്സിലായി.
നന്ദി.
കവിതയെപറ്റി അഭിപ്രായം പറയാനുള്ള വിവരമില്ലെങ്കിലും പ്രമോദിന്റ്റെ കവിത വായിച്ചാലെനിക്കും മനസ്സിലാകും.
പ്രമോദ് സ്വയം കമ്യൂണിസ്റ്റ്കാരനാണെന്ന് അവകാശപ്പെട്ടിട്ടുണ്ടോ..? ഇല്ലെങ്കില്‍ എന്റിനിങ്ങനെ മറിച്ച് തെളിയിക്കാന്‍ മെനക്കെടുന്നു...?
ചില പ്രശ്നങ്ങള്‍-
കമ്യൂണിസ്റ്റ് എന്നതിനെ സാധ്യമായ വിശാല അര്‍ഥത്തിലല്ല സമീപിച്ചിരിക്കുന്നത്. പാര്ട്ടിക്കാരന് എന്ന പരിമിത അര്‍ഥത്തിലാണ്. വിശാലമായ അര്‍ഥത്തില്‍ പ്രമോദിന്റെ എല്ലാ കവിതകളും കമ്യൂണിസ്റ്റ് കവിതകള്‍ തന്നെ.
കള്ളവോട്ട് എന്ന പാര്‍ട്ടി തന്ത്രത്തെ തള്ളിപ്പറയുകയും പരിഹസിക്കുകയും ചെയ്യുമ്പോള്‍ പാര്‍ട്ടിക്കതീതമായ ഒരു ജനാധിപത്യബോധമാണ് പ്രകടമാകുന്നത്.
വിശപ്പ് അത് പോലെ നിലനില്ക്കുകയും ചെയ്യുന്നു എന്നു പറയുമ്പോള്‍ കവി യാഥാര്‍ത്ഥ്യബോധം പ്രകടിപ്പിക്കുന്നതിനോടൊപ്പം ഇതു വരെ സംഭവിക്കാത്ത ഒരു സമ്പൂര്‍ണ്ണ വിപ്ലവത്തിന്റെ ആവശ്യകത ഊന്നിപ്പറയുന്നു.
ജയിലില്‍ നിന്നും പൊളിഞ്ഞ കലം പോലെയാണ് കുഞ്ഞാക്കമ്മ വരുന്നത്...അതെ. നാട്ടുകാരുടെ വിപ്ലവബോധത്തെ ഊതിക്കത്തിയ്ക്കുകയാണ് ഈ അനുഭവം. കുഞ്ഞാക്കമ്മയുടെ യാതനകള്‍ അവരെ പിന്തിരിപ്പിക്കുന്നില്ല. അവരൊന്നായി ഒരു പുതിയ വിപ്ലവത്തിനായി സ്വപ്നങ്ങള്‍ നെയ്യുന്നു.(കമ്യൂണിസത്തിന്റെ കാല്പനിക ഭാവം)
കമ്യൂണിസത്തിന്റെ പേരില്‍ വ്യക്തിപരമായ വൈകാരികതയെയും നിലനില്പിനെ തന്നെയും നിഷേധിക്കേണ്ടതില്ല എന്ന കൂടുതല്‍ മനുഷ്യത്വപരമായ തിരിച്ചറിവിലേക്കല്ലേ ആത്മകവിത എത്തുന്നത്..?
നോട്ടം എന്ന കവിതയില്‍ സ്വന്തമായ ചിന്താശേഷിയില്ലാത്ത പാര്ട്ടിഅനുയായികള് മാത്രമായി വ്യക്തികള്‍ ചുരുങ്ങി പോകുന്നതിനെയല്ലേ ഇവിടെ കവി അപഹസിക്കുന്നത്...ഇതല്ലേ കണ്ണൂര്‍ കൊലപാതകങ്ങളുടെ യഥാര്‍ത്ഥ കാരണം. എവിടെയെല്ലാം കമ്യൂണിസം തകര്‍ന്നിട്ടുണ്ടോ അവിടെയെല്ലാം തകര്‍ച്ചയുടെ ഒരു മൂലകാരണം ഇതു തന്നെയല്ലേ..?
കിണര്‍ എന്ന കവിതയ്ക്ക് സനാതനന്റെ വായന ശ്രദ്ധിച്ചിരുന്നോ..?
ക്ഷീരമുള്ളോരകിടില്‍ ചുവട്ടിലും....ഈ കുറിപ്പ് വായിക്കുമ്പോള്‍ അതാണോര്‍മ്മ വരുന്നത്. കുരുടന്റ്റെ ആനക്കാഴ്ച. വൈകല്യം ബാധിച്ച കാവ്യബോധമുള്ളവര്ക്കേ ഈ ആടിനെ പട്ടിയാക്കല്‍ ബോധ്യപ്പെടൂ. ഇതിനെ ഗൃഹാതുരത എന്നും വിദൂഷകവൃത്തി എന്നും വിളിക്കുന്നവര്‍ പുറംകാഴ്ച്ച മാത്രമേ കാണുന്നുള്ളൂ..
നമ്മുടെ ഒരു സാംസ്കാരികബോധത്തിന്റെ പ്രശ്നമാണിത്..ഇവിടെയിപ്പോള്‍ എല്ലാവരും കവികളെ ‘ആക്കുകയാണല്ലോ‘...അത്തരം ആക്കലിന്റെ കൂടെ ഇതും...
കഷ്ടം.
പ്രമോദേ കവിയല്ല വിദൂഷകന്, കവിതയാണ് വിദൂഷകന്റെ കര്‍മ്മം നിര്‍വഹിക്കുന്നതെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. വിദൂഷകന്മാര് പുറമേ ചിരിച്ചുകൊണ്ട് (ചിരിപ്പിച്ചുകൊണ്ട്) അകമേ കരയുന്നവരാണ്, അതൊരു derogatory term ആണെന്ന് ഇതുവരെ അറിയുന്നുണ്ടായിരുന്നില്ല. ലേഖകന്റെ പാര്‍ട്ടിഗൃഹാതുരത എന്ന പ്രയോഗത്തിനോടാണ് ഞാന്‍ യോജിച്ചിരിക്കുന്നത്, അത് പക്ഷെ പ്രമോദിലെ കവിയ്ക്കല്ല, കവിത വായിച്ചവരും അല്ലാത്തവരുമായ പാര്ട്ടിക്കാര്ക്കാണെന്ന് മാത്രം..
റോബി, ചാപ്ലിന്റെ ബ്ലാക്ക് കോമഡിയൊക്കെ കണ്ടിട്ടുണ്ടാവും ല്ലേ? കണ്ടിട്ടുണ്ടെങ്കില്‍ വിദൂഷകന്റെ അര്‍ഥവും ചെന്ന് നിഘണ്ടുവില്‍ നോക്കെന്നേ.
എന്നും പറയാം.അതായത് വേണമെന്നു വച്ചാല്‍ ഒരു ബീഡിയും അത്യാവശ്യം ചായക്കുള്ള വകയും കിട്ടിയാല്‍ ഏത് ഊശാന്താടിക്കാരനും ഏത് മഹാത്മാഗാന്ധിയെയും ഒ.വി വിജയനെയും ആര്.എസ്.എസുകാരനാക്കാം എന്ന്.അതല്ലെങ്കില്‍ ഒരല്‍പ്പം കയ്യടികിട്ടുമെന്നുവന്നാല് ഏത് മേധാപട്കറേയും അമേരിക്കന്‍ ചാരനാക്കാമെന്ന്.അതുമല്ലെങ്കില്‍ ഏത് പട്ടിണി സമരക്കാരനേയും നക്സലൈറ്റ് ആക്കാമെന്ന്.
ഗുഡ്.വെരി ഗുഡ്....!!!
ഒരു കവിസുഹൃത്ത് എന്നെ വെല്ലുവിളിച്ചു,പ്രമോദിനെ ഒരു കമ്യൂണിസ്റ്റ്വിരുദ്ധനാക്കാമോ എന്ന്. എന്തു തരും എന്ന് ഞാന്‍ ചോദിച്ചു. എഴുതിഫലിപ്പിച്ചാല്‍ ചോദിക്കുന്നതെന്തും തരാം എന്ന് പറഞ്ഞു. എങ്കില്‍ അരക്കൈ നോക്കിക്കളയാം എന്ന് ഞാനും.
ഇങ്ങിനെ തുടങ്ങുന്ന ഒരു ലേഖനത്തിലെ നര്‍മ്മവും മര്‍മ്മവും വേറെ വേറെ തന്നെ കാണാതെ നര്‍മ്മത്തില്‍ മര്‍മ്മം പ്രതിഷ്ടിച്ച് കാണേണ്ടതിനെ കാണാതെ പോയോ എന്നൊരാശങ്ക.
നര്‍മ്മത്തിലൂടെയാണെങ്കിലും എല്ലാ കമ്മ്യൂണിസ്റ്റുകളും ആക്ടിവിസ്റ്റുകളായിരിക്കണമെന്നും യഥാര്‍ത്ത കമ്മ്യൂണിസം സിപീഎമ്മിന് കുഴലൂത്തായിരിക്കണമെന്നുമുള്ള ലേഖകന്റെ ആഹ്വാനത്തെയല്ലേ നാം എതിര്‍ക്കേണ്ടിയിരുന്നത്. നൊസ്റ്റാള്‍ജിയയെ വിരുദ്ധതയായി കാണുന്ന ആ ചുവന്ന കണ്ണടയെയല്ലേ നാം വിമര്‍ശിക്കേണ്ടിയിരുന്നത്. കമ്മ്യൂണിസത്തിനൊപ്പം നില്ക്കുന്ന ലേഖകന്റെ ആന്റി കമ്മ്യൂണിസത്തെയല്ലേ നാം കാണേണ്ടിയിരുന്നത്. പ്രമോദിനെപ്പോലെയുള്ളവര് ഇലയിലെ പുഴുവിനെ നുള്ളിക്കളയാന്‍ ശ്രമിക്കുമ്പോള്‍ ചെടിയെ വേദനിപ്പിച്ചു കൊല്ലുന്നുവെന്ന് വിലപിക്കുന്ന ഇത്തരം പ്രകൃതിസ്നേഹികളെ നമുക്കെങ്ങിനെ വിളിക്കാനാകും ആന്റി കമ്മ്യൂണിസ്റ്റെന്ന്, അയാള്‍ നില്‍ക്കുന്നത് അധികാരകമ്മ്യൂണിസത്തിന്റെ പക്ഷത്തായിരിക്കുമ്പോള്‍?
ലേഖകന്‍> ഈ പോസ്റ്റിന്റെ ലക്ഷ്യം ഇങ്ങിനെയും വായിക്കാമെന്ന് മറ്റുള്ളവരെ കാണിക്കലായിരുന്നെങ്കില് ഒരു കയ്യടികൂടി വെച്ചേര്...
കിനാവ് പറഞ്ഞതാണ് അതിന്റെയൊരു ശരിയെന്നു തോന്നുന്നു. റോബിന് വ്യാഖ്യാനിച്ച രീതിയിലും പ്രമോദിന്റെ കവിതകളെ വായിക്കാവുന്നതാണ്.
കുഴൂരിന്റെ കവിതകളിലെ മതബിംബങ്ങളെക്കുറിച്ചുള്ള (മുന്‍പോസ്റ്റിലെ) സൂചനയും നല്ല വായനയുടെ ലക്ഷണമായല്ല തോന്നിയത്. ഇന്നലെ മറ്റൊരു സാഹിത്യപഞ്ചാനനും ഇതേ മട്ടിലുള്ള അഭിപ്രായം, അബുദാബിയില്‍വെച്ചു നടന്ന ഇന്‍ഡൊ-അറബ് സാഹിത്യ ചര്‍ച്ചയില്‍ വിളമ്പിയിരുന്നു.
പിന്നെ, കവികള്‍ ഇന്നയിന്ന രീതിയിലേ കവിത എഴുതാന്‍ പാടുള്ളു എന്ന് ശഠിക്കുന്നത് , മറ്റെന്തൊക്കെയായാലും ശരി, ആരോഗ്യകരമായ കാവ്യാനുശീലം അല്ലതന്നെ.
ഈ പംക്തിയിലെ ഭാഷയുടെ ലാളിത്യവും, അവിടെയവിടെയായി കണ്ട ചില നിരീക്ഷണങ്ങളും ഇഷ്ടപ്പെട്ടുവെന്നും അറിയിക്കട്ടെ.
അഭിവാദ്യങ്ങളോടെ
ഏതായാലും പ്രമോദിനഭിമാനിയ്ക്കാം :)
പണ്ട് അടൂരിന്റെ ‘മുഖാമുഖം’ഇറങ്ങിയപ്പോഴും ഏകദേശമിതുപോലെയൊരു വിവാദമുണ്ടായി
സനാതനന് പറഞ്ഞ പോലെ വേണമെങ്കില്‍ ഏതു കമ്യൂണീസ്റ്റ്കാരനേയും ആന്റികമ്യൂണിസ്റ്റാക്കാം എന്നല്ല എന്തിനേയും എന്തുമാക്കാം.എന്നാല്‍ എന്തിനെ എന്താക്കിയാലും ഒന്നും മറ്റൊന്നായി മാറുകയുമില്ല.എല്ലാം കാഴ്ച്ചയുടെ ചില ജാലവിദ്യകള്‍ മാത്രം :)
പ്രമോദിനെ കമ്യൂണിസ്റ്റ് വിരുദ്ധനാക്കാന്‍ കാട്ടിയ ആവേശം കണ്ടതുകൊണ്ടു് ഒരു മറുകുറിപ്പാകാമെന്നു് വച്ചു. പ്രമോദ് കമ്മ്യൂണിസ്റ്റുകാരനാണോ അല്ലയോ എന്നു് എനിക്കറിയില്ല. എന്തായാലും എനിക്കൊന്നുമില്ലതാനും. എന്നാല്‍ പ്രമോദിന്റെ കവിതകള്‍ ഒട്ടുമുക്കാലും ഇഷ്ടപ്പെടുന്ന ഒരാളാണു് ഞാന്‍. പാര്‍ട്ടി അച്ചടക്കത്തിന്റെ ചട്ടക്കൂടിനു് വെളിയില്‍ നില്ക്കുന്നു എന്നതുകൊണ്ടുമാത്രം ഒരാള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധനാകുമോ എന്നു് എനിക്കു് സംശയം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ യഥാര്‍ത്ഥത്തില്‍ പ്രതിനിധീകരിക്കുന്നതു് കമ്മ്യൂണിസത്തെ തന്നെയാണു് എങ്കില്‍ ഞാന്‍ പറഞ്ഞതും പറയാന്‍ പോകുന്നതും ഇപ്പോഴെ പിന്‍വലിച്ചേക്കാം.
കവിതവിതച്ചതു് പരാമര്‍ശിച്ച കവിതകള്‍ മാത്രമേ ഞാനും പരാമര്‍ശിക്കുന്നുള്ളൂ. തെരഞ്ഞെടുപ്പു് എന്ന കവിത തന്നെ എടുക്കാം. അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന ചിഹ്നത്തില്‍ കള്ളവോട്ടു് ചെയ്യാന്‍ ചിലരെ ഞാനും സഹായിച്ചിട്ടുണ്ടു്. ഒരു പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരേ ബൂത്തില്‍ ഇരുപതു് കള്ളവോട്ടു് ചെയ്ത ഒരാളെ എനിക്കു് നേരിട്ടറിയാം. ആളിപ്പോള്‍ പാര്‍ട്ടിക്കു് പുറത്താണു്. ജനാധിപത്യ വോട്ടു് എന്നാണു് കള്ളവോട്ടിനുള്ള വിളിപ്പേരു്. ജനാധിപത്യം വിജയിപ്പിക്കാന്‍ ചെയ്യുന്ന 'ത്യാഗം' എന്ന മട്ടിലാണു് അതു് ചെയ്യുന്നതു്. ഇന്നു് അതേക്കുറിച്ചു് എഴുതുകയാണെങ്കില്‍ പ്രമോദ് എഴുതിയ രീതിയിലേ ഞാനുമെഴുതൂ. ഉള്ളിലേക്കു് തിരിഞ്ഞുനോക്കുന്ന ആ ചാട്ടുളിപ്രയോഗം പ്രമോദിന്റെ ഉള്ളിലെ രാഷ്ട്രീയക്കാരനെ പുറത്തെടുത്തിടുന്നു. സ്വയം വിശ്വസിച്ചു് ചെയ്യുന്ന ആ പ്രവൃത്തിയെ നോക്കി ചിരിക്കാന്‍ പില്ക്കാലത്തെങ്കിലും കഴിഞ്ഞില്ലെങ്കില്‍ യാതൊരു ചിന്താശേഷിയുമില്ലാത്ത ആ പാര്‍ട്ടി അനിമലിനെ പിന്നെ കമ്മ്യൂണിസ്റ്റുകാരനെന്നു് വിളിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ? അങ്ങനെ ചെയ്യാതിരുന്നാലാണു് പ്രമോദ് കമ്മ്യൂണിസ്റ്റ് വിരുദ്ധനാകുക.
അടിമ പറഞ്ഞതു് എന്ന കവിതയിലെ പ്രതികാരം ചെയ്യാന്‍ കഴിവില്ലാത്ത അടിമയുടെ ആത്മഗതം തന്നെയല്ലേ കഴിഞ്ഞ കാലങ്ങളില്‍ നടന്ന വലിയ വിദ്യാര്‍ത്ഥി സമരങ്ങളില്‍ യൌവ്വനം തളച്ചിട്ട ഓരോ എസ്.എഫ്.ഐക്കാരനും പറഞ്ഞിട്ടുണ്ടാവുക? പ്രീഡിഗ്രി ബോര്‍ഡ് സമരം, പോളി സമരം, മെഡിക്കല്‍ സമരം, സ്വാശ്രയ സമരം, ഇതൊക്കെ അവസാനിച്ചതു് എങ്ങനെയാണു്? ഒരു നവംബര്‍ 25നു് കൂത്തുപറമ്പില്‍ വെടിയേറ്റു വീണ അഞ്ചുചെറുപ്പക്കാരുടെ മരണം സമരം നിര്‍ത്താനുള്ള അവസരമായി കാണാനല്ലേ അന്നത്തെ എല്‍.ഡി.എഫ് കണ്‍വീനര്‍ എം.എം. ലോറന്‍സ് തയ്യാറായതു് ? ഒരു കേരളബന്ദില് അവസാനിക്കാനുള്ളതായിരുന്നു ആ സമരമെങ്കില്‍ ആ സമരം കണ്ടു് കരുണാകരന് പേടിക്കുമെന്നു് ദിവാസ്വപ്നം കണ്ട ഞങ്ങളെയൊക്കെ പിന്നെ എങ്ങനെ അടയാളപ്പെടുത്തും? കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്യുന്ന എല്ലാ തെറ്റിനേയും ശരിയെന്നു് വിളിക്കുന്നതാണോ നല്ല കമ്മ്യൂണിസ്റ്റിന്റെ ലക്ഷണശാസ്ത്രം?
ഒരു തുണ്ടുഭൂമിയും ഒരു സ്ലേറ്റുകഷണവും ഒരു കല്ലുകോലും മാത്രം കൊടുത്തു് ഉടുതുണിക്കു് മറുതുണിയില്ലാത്തവന്റെ സ്വപ്നങ്ങളെ കുടത്തിലിട്ടടയ്ക്കാമെന്നു് വ്യാമോഹിച്ച ഭൂപരിഷ്കരണത്തെ കുട്ട്യപ്പ എന്ന കവിത പല്ലിളിച്ചു കാട്ടുന്നു. യഥാര്‍ത്ഥത്തില്‍ ജവഹര്‍ലാല്‍ ഉയര്‍ത്തിയ കോണ്‍ഗ്രസിന്റെ മുദ്രാവാക്യമായിരുന്നു ഭൂപരിഷ്കരണം. അതു് ഭാഗികമായെങ്കിലും നടപ്പിലാക്കിയ ഒരേ ഒരു സംസ്ഥാനം കേരളമാണെന്നും അതിനു് തുനിഞ്ഞതു് ഇടതുഭരണമാണെന്നതും ശരിതന്നെ. എന്നാല്‍ ട്രസ്റ്റുകളെ ഒഴിവാക്കിയും വന്‍കിട എസ്റ്റേറ്റുകളുടെ നേര്‍ക്കു് കണ്ണടച്ചും ആദിവാസികളെയും കുടിയാന്റെ സ്റ്റാറ്റസ് പോലുമില്ലാത്ത ഊരുതെണ്ടികളായ ദരിദ്രനാരായണന്മാരെയും തമസ്കരിച്ചും നടപ്പിലാക്കിയ ഭൂപരിഷ്കരണം പരാജയമായിരുന്നുവെന്നു് മുത്തങ്ങ മുതല്‍ ചെങ്ങറ വരെ വിളിച്ചുപറയുന്നു. അതു് അങ്ങനെ തന്നെ മനസ്സിലാക്കാന്‍ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധനു് കഴിയുമോ?
വിജയിച്ച യുദ്ധങ്ങളുടെ മാത്രം ചരിത്രമല്ല പരാജയപ്പെട്ട സമരങ്ങളുടെ കൂടി ചരിത്രമാണു് യഥാര്‍ത്ഥ ചരിത്രം. അവയ്ക്കു് ധീരതയോടെ നേതൃത്വം കൊടുക്കുകയും ഓട്ടക്കലം പോലെ തകര്‍ന്നടിയുകയും ചെയ്ത സ്ത്രീരത്നങ്ങളെത്ര? അവരെ കൂടി അനുസ്മരിക്കാതെ പോകുന്നതു് ന്യായീകരിക്കാനാകുമോ? പുരുഷന്റേതു് മാത്രമാണോ രക്തരൂക്ഷിതസമരങ്ങള്‍? കുഞ്ഞാക്കമ്മയുടെ കരുത്തു് തിരിച്ചറിയാതെ പോകരുതു്. പിന്മുറക്കാര് നെയ്തുകൂട്ടിയ സ്വപ്നവലകള്ക്കു് ഒത്തുതീര്‍പ്പിന്റെ കടല്ച്ചൂരാണു്. കുഞ്ഞാക്കമ്മയുടെ നെഞ്ചിലേറ്റ ഊക്കന്‍ ഇടികള്‍ പിന്മുറക്കാരും ഏറ്റേ മതിയാകൂ എന്ന നിര്‍ബന്ധത്തിലും കാര്യമില്ല.
ആത്മകവിത എനിക്കു് വല്ലാതിഷ്ടപ്പെട്ട രചനയാണു്. കമ്മ്യൂണിസം തലയ്ക്കു് പിടിക്കുന്ന കാലത്തു് ഇങ്ങനെയൊക്കെ തന്നെയാണു്. ക്യാമ്പസില്‍ നേതാവായി വിലസിനടന്ന കാലത്തു് അതുകൊണ്ടു് മാത്രം കിട്ടിയ പല പ്രണയാഭ്യര്‍ത്ഥനകളും നിരസിക്കുമ്പോള്‍ വിപ്ലവത്തിനു് വേണ്ടി വലിയ ത്യാഗം ചെയ്യുന്നു എന്ന മിഥ്യാധാരണയായിരുന്നു, എനിക്കു്. (ശ്രദ്ധിക്കുക, ഞാനൊരു റോമിയോ ആയതുകൊണ്ടല്ല, സംഘടനാപ്രവര്ത്തകനായതുകൊണ്ടു് തന്നെയാണു് ആ പ്രണയാഭ്യര്‍ത്ഥനകള്‍ വന്നതു്.) ശേഷം പ്രണയമെന്ന ചൂടുള്ള വിപ്ലവം എന്നെ വരിഞ്ഞുമുറുക്കുംവരെ! പ്രമോദും അതൊക്കെ തന്നെയാണു് പറഞ്ഞുവച്ചതു്.
പ്രമോദെഴുതിയ ഉശിരന്‍ രാഷ്ട്രീയ കവിതയാണു് നോട്ടം. ആ കവിതയ്ക്കു് ലാപുടയും കരീംമാഷിനു് മറുപടിയായി പ്രമോദ് തന്നെയും ശേഷം വിശാഖ് ശങ്കറും പറഞ്ഞതു് തന്നെയാണു് എനിക്കും പറയാനുള്ളതു്. ഇതു് പഴഞ്ചന്‍ കമ്മ്യൂണിസ്റ്റ് ഗൃഹാതുരത്വമാണെന്ന പറച്ചിലില്‍ കാര്യമില്ല. തൊഴിലാളികള്‍ സ്ഥിരമായി ബീഡി തെറുത്തുകൊണ്ടിരിക്കണമെന്നോ അതിലൊരാള്‍ പത്രം വായിച്ചുകൊടുക്കണമെന്നോ അല്ലല്ലോ പ്രമോദ് പറയാന്‍ ശ്രമിച്ചതു്. പറയാതെ വിട്ടതാണു് അതിലെ അകക്കാമ്പു്.
കിണറിനെ സനാതനനും ഇരിങ്ങലും ശരിയായി അടയാളപ്പെടുത്തുന്നുണ്ടു്. അതിന്റെ മുകളില്‍ കയറി വല്ലതും പറയാനുള്ള ധൈര്യം എനിക്കില്ല. ഇതിനെയൊക്കെ കമ്മ്യൂണിസ്റ്റ് വിരുദ്ധമെന്നു് പറയുമ്പോള്‍ ഓര്‍മ്മ വരുന്നതു് മറ്റൊരു കാര്യമാണു്. ബ്രിട്ടനിലെ ചില വലതുപക്ഷ രാഷ്ട്രീയക്കാരെ കളിയാക്കി ജോര്‍ജ്ജ് ഓര്‍വെല്‍ എഴുതിയ അനിമല്‍ ഫാം എന്ന പുസ്തകം ചില്ലറ എഡിറ്റുങ്ങുകള്‍ മാത്രം വരുത്തി ഒന്നാന്തരം ആന്റി കമ്മ്യൂണിസ്റ്റ് വില്‍പ്പനച്ചരക്കാക്കി ലോകമെങ്ങുമെത്തിച്ചു, ചില മിടുക്കന്മാര്. ഒടുവില്‍ സത്യം പുറത്തുവന്നപ്പോള്‍ അവര്‍ തന്നെ ചൂളിപ്പോയി!
അപ്പോ തീപ്പെട്ടിയുണ്ടോ സഖാവേ, ഒരു ബീഡിയെടുക്കാന്‍?
കമ്മ്യൂണിസ്റ്റ് വിരുദ്ധതയും സിപിഎം വിരുദ്ധതയും രണ്ടും രണ്ടാണ് മാഷേ..
വായിക്കാന്‍ വൈകി.
പ്രമോദിന്റെ കവിതകളെപ്പറ്റി ഇരിങ്ങലിന്റെ ഒരു പഠനമുണ്ടായിരുന്നു. അന്ന് പറഞ്ഞതൊക്കെത്തന്നെയാണ് ഇപ്പോഴും തോന്നുന്നത്. സെബിന് പറഞ്ഞ കാര്യങ്ങള്‍ തന്നെ.
comment subscription
കിനാവേ ... ലാല്‍ സലാം. എഴുത്തുകാരനും.
Post a Comment