പി.അജിത്തിന്റെ കവിതകള്‍ ആദ്യമായി വായിച്ചത് ഹരിതകത്തില്‍ നിന്നാണ്. ഇത്രയും മനോഹരമായ ഭാഷ കയ്യിലുണ്ടായിരുന്ന ഇയാള്‍ ഇത്രകാലം എവിടെയാണ് ഒളിച്ചിരുന്നതെന്നു തോന്നി വായിച്ചപ്പോള്‍. എത്ര ചാതുരിയോടെയാണ് അജിത്ത് വിവാഹമോചനത്തിന്റെ തലേന്നത്തെ ദമ്പതികളുടെ മാനസിക,ശാരീരിക വ്യാപാരങ്ങള്‍ കോറിയിടുന്നത്. ‘നിന്റെ തുടകള്‍ക്കിടയില്‍ മാത്രം ഒതുങ്ങിക്കുതിച്ചു’ കിതച്ചു എന്ന ഓര്‍മ്മകളോടെ ചത്ത,കൊന്ന കുതിരയെയും നമുക്ക് മറക്കാന്‍ പറ്റില്ല. സംസ്കൃതത്തിനോട് പറയുന്നത് നോക്കുക.
മേഘസന്ദേശമായ്
ആകാശത്തില്‍ നീ അലയുമ്പോള്‍
മാനത്തുകണ്ണിയായ്
കലക്കവെള്ളത്തില്‍
ഞാന്‍ നീന്തിത്തുടിക്കും.
ചാവേറിന്റെ തെറിച്ച മുലകളും, കുട്ടിസ്രാങ്കിന്റെ ‘ഭാ’‘ര്യ’ യോടുള്ള വിരോധവുമൊക്കെ മലയാള കവിതയില്‍ അധികം കാണാന്‍ കഴിഞ്ഞിട്ടില്ല.സുന്ദരമായ താളത്തിലൂടെ ഉള്ളിലേക്കു കയറുന്നു പുലപ്പേടി.
2006 ഒക്ടോബര്‍ 22-നിറങ്ങിയ ദേശാഭിമാനി വാരിക കയ്യിലില്ലാത്തവര്‍ക്കായി അജിത്തിന്റെ ഈ കവിത ഇവിടെ എഴുതിവെക്കട്ടെ.
കല്യാണപ്പുരയിലെ സ്രാവ്:
---------------------------
മീഞ്ചാപ്പയില്‍ നിന്നും ഗുഡ്സ് ഓട്ടോയില്‍ കയറി
നേരേ പോരുകയായിരുന്നു
മുളങ്കാലുകളില്‍ ടാര്‍പോളിന്‍ വിരിച്ച
പന്തലിലേക്ക്
ഊരാങ്കുന്നിന്റെ മരക്കുതിരയില്‍ കയറി
സന്ധ്യ ഫ്യൂസ് കെട്ടുമ്പോള്‍
കല്യാണത്തലേന്ന്
രാത്രിയൂണിന്റെ ഒരുക്കങ്ങള്‍ക്കിടയിലേക്ക്
മുറിത്തേങ്ങകള്‍ കുതിച്ചു പായുന്ന
ചിരവയുടെ കുളമ്പടിയൊച്ചയില്‍
ഒരു തമാശയുടെ പൊട്ടിച്ചിരികേട്ട്
കണ്ണ് തുറന്നടച്ച്
തൊലി കളഞ്ഞ വെളുത്തുള്ളിയുടെ
പൊഴിഞ്ഞുവീണ മുത്തുകള്‍ക്ക് മിതെ
കഴുകിവെച്ച തക്കാളിയുടെ
പവിഴപ്പുറ്റുകള്‍ക്കിടയിലൂടെ
അരിഞ്ഞിട്ട കാബേജിന്റെ
കടല്‍പ്പൂക്കള്‍ക്കരികിലൂടെ
നിരനിരയായിട്ട അമ്മികളില്‍
അരക്കുന്ന പെണ്ണുങ്ങളുടെ
ചാഞ്ചാടുന്ന മുലകളിലുലഞ്ഞ്
മൂക്കുവിടര്‍ത്തി
മടക്കിക്കുത്തിയ മുണ്ടുകള്‍ ചുറ്റുന്ന
തെങ്ങിന്‍ ചോട്ടിലേക്ക് വഴുതിമാറാന്‍ ശ്രമിക്കവേ
മരപ്പലകയില്‍ വിരിച്ചിട്ട
നീളന്‍ വാഴയിലയില്‍ തെറിച്ചുവീണ്
ഒരു നൂറു രക്തപുഷ്പങ്ങളായ് നുറുങ്ങി
മഞ്ഞള്‍ പ്രസാദമായ് മാറി
ആളുകളുടെ നാവിന്‍തിരകളിലേക്ക്
കൂപ്പുകുത്തുമ്പൊഴും ചത്തിരുന്നില്ല
കൊന്നാലും ചാവില്ല.... ഉടുമ്പന്‍ സ്രാവാണ്
ജീവന്റെ തുള്ളികള്‍
എവിടെയോ വീണലിയുന്നത് മണത്ത്
കണ്ണുചിമ്മുന്ന തമാശയായ്
വിടര്‍ന്നടയുന്ന മൂക്കായ്
ശ്വസിക്കുന്ന ഓര്‍മ്മയായ്
ഓരോരുത്തരുടെയും കൂടെ
കല്‍പ്പടവുകളിറങ്ങി
കുണ്ടനിടവഴികളിലൂടെ
മുറ്റിയ ഇരുട്ടിലേക്ക്
ഊളിയിട്ടുപോയി.
------------------------
ഞാന്‍ ഈ കവിത, വാര്‍ത്തകളില്‍ അറുംകൊലകള്‍ നിറഞ്ഞുനിന്ന അടുത്തകാലത്ത് വീണ്ടും വായിച്ചപ്പോള്‍, പച്ചക്കറികളില്‍ മുയലിനോട് ചേര്‍ത്തുവെച്ചു മനസ്സില്‍.
Subscribe to:
Post Comments (Atom)
4 comments:
സ്രാവ് വായിച്ചിരുന്നില്ല,പരിചയപ്പെടുത്തിയതിനു നന്ദി.പഠനവും നന്നായി,വിത്തിനെ കുറിച്ചുള്ള അജിത്തിന്റെ കവിതയെ പറ്റി എന്താണഭിപ്രായം?
വിത്തുകളുടെ പ്രസാദത്തെക്കുറിച്ച് നല്ല അഭിപ്രായം അമ്മായി.
എന്തൊരപൂര്‍വ്വതയാണ്‍ അജിത്തിന്റെ ബിംബകല്‍പ്പനകള്‍ക്ക്!
നല്ല കവിതകള്‍:)
Post a Comment