ആധുനികതയുടെ ഹാങ്ങ്-ഓവര്‍ വിട്ടുമാറാത്ത ഒരു കവിയാണ് രാജ് നീട്ടിയത്ത്. പറയാനുള്ളത് ദുര്‍ഗ്രഹതയിലൂടെ പറയുന്നതാണ് കവിത്വം എന്ന വികലമായ കാഴ്ചപ്പാടില്‍ നിന്നും ഈ കവി എന്നുപുറത്തുകടക്കുന്നുവോ അപ്പോള്‍ മാത്രമേ ഇയാള്‍ക്ക് മികവുതെളിയിക്കാന്‍ പറ്റൂ എന്നാണ് എന്റെ വായനയില്‍ തോന്നിയത്. ചെറിയ ഒരു അഭിപ്രായം ഇയാളുടെ കവിതയെപ്പറ്റി പറഞ്ഞപ്പോള്‍ അസഹിഷ്ണുക്കളായവര്‍ ഇയാളെ കുറച്ച് ഉപദേശിക്കുന്നത് നന്ന്. ഖകമേ എന്ന കവിതയില്‍ അവസാനത്തെ ഖണ്ഡിക എന്തിനാണെന്ന് എനിക്കു പിടികിട്ടുന്നില്ല. വിജയനെ വച്ച് ഉപജീവനം കഴിക്കുന്ന എഴുത്തുകാര്‍ ഇന്നുമുണ്ടെന്ന് കാണുമ്പോഴാണ് വി.കെ.എന്‍ എത്രമാത്രം ദീര്‍ഘദര്‍ശിയായിരുന്നുവെന്നതില്‍ നാം അത്ഭുതപ്പെടുക!. ഈ പൂരക്കവിതയില്‍ എനിക്ക് ശബ്ദങ്ങള്‍ മാത്രമേ കേള്‍ക്കാന്‍ കഴിയുന്നുള്ളൂ. ശബ്ദത്തിന് പറ്റിയത് കവിതയല്ല,മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ ചെണ്ടയാണ്. സബ്ജക്റ്റ് കൊണ്ട് മികച്ച ഒന്നായിരുന്നു കുളത്തിലെ സ്വയംഭോഗം. പക്ഷെ നേരത്തെ പറഞ്ഞ മിഥ്യാധാരണകള്‍ കൊണ്ടും കാലഹരണപ്പെട്ട വാര്‍പ്പുതോതു കൊണ്ടും ഈ കവിതയെ കളഞ്ഞുകുളിച്ചു ഈ ചെറുപ്പക്കാരന്‍. എന്റെ ബ്ലോഗിലെ തന്നെ ഒരു കമന്റിലൂടെയാണ് ഗുല്‍മോഹര്‍ എന്ന ഹിന്ദിപ്പേരന്വേഷിച്ചുപോയത്. കാളിദാസനും മുന്‍പേ വന്നതാണ് പൂവും സ്ത്രീയുമായുള്ള ഉപമയും ഉല്പ്രേക്ഷയും. പുഴ ആണ് ഭേദപ്പെട്ട ഒരു രചന. ടി.പി.രാജീവന്റെ പുഴയെയും വെള്ളത്തേയും കുറിച്ചുള്ള കവിതകള്‍ കുറെ കണ്ടതിനാല്‍ ഒട്ടു പുതുമയും തോന്നിയില്ല. പറഞ്ഞില്ലെങ്കില്‍പ്പോലും ഇതൊക്കെ തന്നെ വൈശാലിക്കഥയിലെ കാമ്പ്.
വായനയുടെ കുറവും അനാവശ്യമായ പിടിവാശികളുമായിരിക്കും ഇയാളുടെ ഉള്ളിലെ കവിക്ക് വിലങ്ങുതടിയാവുന്നത് എന്ന് തോന്നുന്നു. കവിത വളര്‍ത്താനാണ് ഇത്രയും പറഞ്ഞത് രാജ്,തളര്‍ത്താനല്ല. ഭാവുകത്വപരമായി സമകാലികമായിരിക്കുക എന്നത് ഔട്ട് ഓഫ് ഫാഷനൊന്നും അല്ല കവിതയില്‍. ആശംസകള്‍.
Sunday, 23 March 2008
Subscribe to:
Post Comments (Atom)
42 comments:
അങ്കം കാണാന്‍ പോകുന്ന വഴി താളിയൊടിക്കാമെന്ന് കരുതുന്നത് സാഹിത്യവിചാരത്തില്‍ ശരിയായ വഴിയല്ല എന്നാണ് എന്റെ കാഴ്ചപ്പാട്.അതായിരുന്നു താങ്കള്‍ ചൂണ്ടിക്കാട്ടിയ അസഹിഷ്ണുതക്ക് (?)കാരണം.ഇപ്പോള്‍ ഈ വിമര്‍ശനം നേരായ വഴിക്കാണ്.ഈ നിരീക്ഷണങ്ങളോട് ആരൊക്കെ യോജിക്കുന്നു ഇല്ല എന്നത് വേറെ കാര്യം.അതില്‍ അമിതമായ പ്രാധാന്യമില്ല.നിരീക്ഷണങ്ങളില്‍ കാണിച്ച ആത്മാര്‍ഥതയെ അഭിനന്ദിക്കുമ്പൊഴും എന്റെ അറിവില്ലായ്മകൊണ്ട് രണ്ട് സംശയങ്ങള്‍ ചോദിച്ച് പോകുന്നു.
1.ദുര്‍ഗ്രാഹ്യതയാണോ ആധുനികതയുടെ മുഖമുദ്ര.പ്രമേയപരവും നിലപാട് പരവുമായ എന്തു മാനദണ്ഡം ഉപയോഗിച്ചാണ് രാജിനെ താങ്കള്‍ ആധുനികതയുടെ ഹാംഗ് ഓവര്‍ വിട്ടുമാറാത്ത കവി എന്ന് വിളിച്ചത്?
2.പൂരക്കവിതയില്‍ ശബ്ദങ്ങള്‍ കേള്‍ക്കുന്നു എങ്കില്‍ അത് കവിയുടെ വിജയമല്ലേ.ശബ്ദങ്ങള്‍ക്കപ്പുറം കാണാന്‍ താങ്കള്‍ ശ്രമിച്ചിരുന്നുവോ?
ആധുനികത രാജിന്റെ സമീപകാല കവിതകളെ സ്വാധീനിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല.ഖകമേ,പൂരം ഒരു സവര്‍ണകവിത തുടങ്ങിയവ രാജിന്റെ ആദ്യ രചനകള്‍ ആയിരുന്നു. അതുകൊണ്ടുള്ള കുഴപ്പങ്ങളുമുണ്ട്.എങ്കിലും കൌമാരം എന്ന കവിതയുടേത് കാലഹരണപ്പെട്ട വാര്‍പ്പുതോതായത് വലിയ കണ്ടുപിടുത്തമായെന്ന് പറയാതിരിക്കാന്‍ തരമില്ല.പുഴ എന്ന കവിത ശില്പം കൊണ്ടോ ആശയം കൊണ്ടോ മികച്ച ഒരു കവിതയല്ല. അത് ഭേദപ്പെട്ടതായി കണ്ടെത്തുകയും ചെയ്യുന്നു. നല്ല വായന!ഗുല്‍മോഹര്‍ എന്ന കവിതയിലാവട്ടെ പൂവിനെയല്ല മരത്തെതന്നെയാണ് സ്ത്രീയായി കാണുന്നത്.മരവും ഒരു പഴയ ബിംബം തന്നെയാണെന്ന് സമ്മതിക്കുന്നു.എങ്കിലും അതൊരു നല്ല കവിത തന്നെയാണ്.
അമേരിക്കന്‍ പ്രസിഡന്റിന്റെ ജി.സി.സി സന്ദര്‍ശനവും അതനുബന്ധിച്ചു പൊതുനിരത്തില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കുവാന്‍ സൂത്രത്തില്‍ ഒരു അവധിപ്രഖ്യാപനം നടത്തിയതിനെ കുറിച്ചുള്ള ഒരു സാറ്റയര്‍ എന്ന അടിക്കുറിപ്പ് ഋഷ്യശൃംഗന്‍ എന്ന കവിതയില്‍ കുറവുണ്ടെന്ന് തോന്നുന്നു.
ഹരിതകം.കോം ഞാന്‍ കവിതയെഴുതുന്ന സ്ഥലമല്ല, എന്റെ കവിതകള്‍ പ്രസിദ്ധീകരിക്കപ്പെടുന്ന സ്ഥലമാണ്. ബ്ലോഗിനെ ടെക്നിക്കലായിക്കൂടെ ഉപയോഗിക്കുന്നതിനെ കുറിച്ചാണ് ഞാന്‍ പറഞ്ഞുവരുന്നത്. ഹരിതകത്തിനു പകരം കവിതകള്‍ പ്രസിദ്ധീകരിക്കപ്പെട്ട ബ്ലോഗുകളിലേയ്ക്ക് ലിങ്കുകള്‍ നല്‍കുകയാണെങ്കില്‍ മറ്റാരെങ്കിലും ബ്ലോഗിലൂടെ കവിതകള്‍ വായിക്കുമ്പോള്‍ താങ്കളുടെ ഈ വായനയിലേയ്ക്കും അവര്‍ക്കെളുപ്പം വന്നെത്താം. കവിത വളര്‍ത്തുന്നതിനൊപ്പം നമുക്ക് ബ്ലോഗ് വായനയും വളര്‍ത്താം. നമ്മള്‍ ഇവിടെ കാണുന്നത് ബ്ലോഗാലാണല്ലോ, ഇരിക്കുന്ന കൊമ്പിനെ ഉറപ്പുള്ളതാക്കാമെന്ന് ഓര്‍മ്മിപ്പിച്ചുവെന്ന് മാത്രം.
ബ്ലോഗില്‍ എന്റെ കവിതകള്‍
സവര്‍ണകവിതക്ക് താങ്കളിട്ട കമന്റ് വായിച്ചു വിഷ്ണുപ്രസാദ്. ശൈലീ പരമായി ഇതുമായി പുലബന്ധം പോലുമില്ലാത്ത, അവിടെ ആദ്യം തന്നെ അറപ്പുളവാക്കുന്ന പരമബോറന്‍ കമന്റിട്ട കക്ഷിയുടെ കവിതയോട് സാമ്യപ്പെടുത്തി താങ്കള്‍ പരാമര്‍ശിച്ചതും കണ്ടു. കൌമാരം എന്ന കവിതയുടെ അവസാനത്തെ ഖണ്ഡമൊഴിച്ച് ബാക്കിയെല്ലാം പൂരം കവിതയുടെ ശൈലിയിലാണെന്നത് താങ്കള്‍ കാണാതെ പോയതെങ്ങനെ?..പുഴ മരണം നമ്മുടെ കവിതകളില്‍ കണ്ടുതുടങ്ങിയതിന് പതിറ്റാണ്ടുകളുടെ പഴക്കമേ ഉള്ളൂ. സ്ത്രീ ഉപമകള്‍ക്ക് സഹസ്രാബ്ദങ്ങളുടെതാണ് പഴക്കം.ചെറുപ്പക്കാരെ അമിതമായി പ്രോത്സാഹിപ്പിച്ച് കുഴിയില്‍ ചാടിക്കരുത് . താങ്കളുടെ മറ്റു ചില സ്ഥലങ്ങളിലെ കമന്റുകളും കണ്ണില്‍പ്പെട്ടതിനാലാണ് ഇങ്ങനെ പറയുന്നത്.. പുല്‍ച്ചാടിയും ചില അപ്രധാന കവിതകളും എന്ന കവിതയില്‍ വരികള്‍ കുത്തിവരഞ്ഞിടുന്നതിലേക്ക് അധ:പതിച്ചിരിക്കുന്നു ക്രാഫ്റ്റ്.
സനാതനന്‍,താങ്കളുടെ ചോദ്യങ്ങള്‍ പൊതുവായതിനാല്‍ പിന്നീട് മറുപടി പറയാം. കവിതകളെകുറിച്ച് ഇവിടെ ഉണ്ട് ചില മികച്ച ലേഖനങ്ങള്‍.ഇതും ഉപകാരപ്പെട്ടേക്കും. രാജ് നീട്ടിയത്ത്, കവിതകളെപ്പറ്റി പറയുമ്പോള്‍ ലിങ്കുകളില്‍ പിടിച്ച് ബാലിശമായി സംസാരിക്കാതെ കുട്ടീ..ഈ ലിങ്ക് തന്നെയല്ലേ എന്റെ കുറിപ്പിന്റെ അവസാനം കൊടുത്തിരിക്കുന്നത്?
സമകാലിക ഭാവുകത്വം? മലയാളം കവിതയ്ക്ക് ഭാവുകത്വത്തില്‍ അത്തരമൊരു സമകാലികത്വമുണ്ടോ? ഉണ്ടെങ്കില്‍ നന്ന്, ഉണ്ടാവേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. രാഷ്ട്രീയപരമായുള്ള സമകാലികത്വം കുറേകൂടെ പ്രസക്തമാണെനിക്ക്.
ഈ ബ്ലോഗും ഇതിലെ പോസ്റ്റുകളും സ്ഥിരമായി വായിക്കാറുണ്ട്, ഒരു ബ്ലോഗറെന്ന നിലയിലല്ലാതെ കവിയെന്ന രീതിയില്‍ അറിയപ്പെടാത്ത എന്റെ കവിതകളിലേയ്ക്ക് താങ്കളുടെ ശ്രദ്ധ പതിഞ്ഞതില്‍ അത്ഭുതമാണാദ്യം തോന്നിയത്, അസഹിഷ്ണൂക്കളായ ചിലര്‍ താങ്കളുടെ ഒറ്റവരിയഭിപ്രായത്തെ മാനിക്കാതിരുന്നതല്ല ഈ പോസ്റ്റിനു് ആധാരമെന്ന് കരുതിക്കൊള്ളട്ടെ. ഒപ്പം തന്നെ മറുകമന്റുകളില്‍ ഈ ഹോസ്റ്റിലിറ്റികൊണ്ടു എന്താണ് ഉദ്ദേശിക്കുന്നത്? ഞങ്ങള്‍ ‘കുട്ടി’കളേക്കാള്‍ മൂപ്പുണ്ടെന്ന കാരണവത്തം?
ഓഫ്: കവിത വിതച്ചതേ, നിറയെ ലിങ്കുകളോടെ വരുന്ന താങ്കളുടെ പോസ്റ്റില്‍ ലിങ്കുകളുടെ ക്രിയാത്മകമായ ഉപയോഗത്തെ കുറിച്ചു സൂചിപ്പിക്കുന്നത് എങ്ങനെയാണ് ബാലിശമാവുക? ബ്ലോഗുകള്‍ ബ്ലോഗുകളെ ലിങ്ക് ചെയ്യുന്നതും കമന്റുകളും ഒക്കെയാണ് ബ്ലോഗിന്റെ സോഷ്യാലിറ്റി.
ഇതൊരു ഓ.ടോ:യാണ്
കവിതയെക്കുറിച്ച് കൊണ കൊണാന്നഭിപ്രായം പറയാന്‍ വന്നതാണ്.
തുടക്കത്തില്‍ തന്നെ വായിച്ചുതുടങ്ങിയിരുന്നു ഈ ബ്ലോഗ് . മാറ്റങ്ങള്‍ എന്നും ചരിത്രങ്ങള്‍ ആയതിനാല്‍ തുടക്കത്തില്‍ ഒന്നും പറഞ്ഞില്ലെന്നുമാത്രം.
കൃഷണന്‍ നായര്‍ പുനര്‍ ജനിച്ചോ എന്ന ചോദ്യത്തിനുള്ള ഉത്തരം അന്ന് എനിക്കെഴുതണമെന്നുണ്ടായിരുന്നു. വിമര്‍ശനം കാര്യ-കാരണങ്ങള്‍ അടിസ്ഥാനപ്പെടുത്തുമ്പോള്‍ വിശ്വസ്ഥതകൂടും ,
വര്‍ഗ്ഗീയ വാദികളെ കണ്ടിട്ടും മാറാത്തതുകണ്ടപ്പോള്‍ കുറിച്ചെന്നുമാത്രം. ആശംസകള്‍ :)
ചര്‍ച്ച നടക്കട്ടെ.
ദയവുചെയ്ത് ചര്‍ച്ച വഴിതിരിക്കരുത്.ഏതു ചെന്നായ്ക്കും ആട്ടിങ്കുട്ടിയാകാന്‍ ഈ സൈബര്‍ യുഗത്തില്‍ എളുപ്പമാണെന്ന കാര്യം മറക്കരുത്.അങ്ങാടിയിലെ കാര്യം അങ്ങാടിയില്‍ അടുക്കളയിലെ കാര്യം അടുക്കളയില്‍. :)
വികാരം കൊള്ളാന്‍ വരട്ടെ സനാതനാ , അതിനു ഈ ബ്ലോഗുടമയുണ്ടല്ലോ ആദ്ദേഹം പറയട്ടെ ചര്‍ച്ചയെ വഴിപിഴപ്പിക്കല്ലെ എന്ന അപേക്ഷ യൊക്കെ അതല്ലെ അതിന്‍റ്റെ ശരി?
ഞാന്‍ ആദ്യമേ പറഞ്ഞല്ലോ ഓ.ടി യാണെന്ന് എന്താ അതിന്‍റ്റെ അര്‍ത്ഥമെന്നതറിയില്ലേ താങ്കള്‍ക്ക്?
പിന്നെ അങ്ങാടിയും അടുക്കളയൊന്നുമില്ലാ , ഒരു സ്ഥലമേയുള്ളു താങ്കള്‍ തന്നെ പറഞ്ഞ സൈബര്‍ സ്പേസ്.
എന്നെങ്കിലും ഒരുത്തന്‍ 'വിമര്‍ശനം' എന്ന് പറഞ്ഞാല്‍ ഓടിക്കും അതും കൂട്ടമായി വന്ന് ഒരിക്കല്‍ രാജു ഇരിങ്ങല്‍ വന്നതോര്‍ക്കുന്നു ഏറ്റവും ഒടുവില്‍ മറ്റൊരാള്‍ വന്നു പേരെല്ലാവര്‍ക്കും അറിയാവുന്നതിനാല്‍ പറയുന്നില്ല.
പലയിടത്തും ചര്‍ച്ച കാക്ക കൊത്തിപ്പോയതിനെച്ചൊല്ലി താങ്കള്‍ വ്യാകുലപ്പെട്ടിരുന്നതുകണ്ടിട്ടുണ്ട് , ഒരു കാര്യം ചെയ്യൂ എല്ലാവരേയും താങ്കളുടേ ബ്ലോഗിലേക്കു ക്ഷണിക്കൂ എന്നിട്ട് അത് ക്ഷണിക്കപ്പെട്ടവര്‍ക്കുമാത്രമാക്കു എന്തെ ?
ഇത് താങ്കള്‍ തന്നെ സൂചിപ്പിച്ചതുപോലെ സൈബര്‍ സ്പേസ് ആണ് എന്നെപ്പോലുള്ള ചെന്നായ്ക്കള്‍ക്ക് ആരേയും കടിക്കാം :)
കുറെപേരുകളില്‍ ഒന്നുകൂടി , ചെന്നായ ,ക്ഷപിടിച്ചു ;)
കവിത വിതച്ചതേ:
ഇത്തരത്തിലുള്ള ഒരു ഓ.ടി ഇടേണ്ടിവന്നതില്‍ സത്യത്തില്‍ മനസ്ഥാപമുണ്ട് , എവിടെയെങ്കിലും ഒരുത്തന്‍ എന്തെങ്കിലും വിമര്‍ശന രീതിയില്‍ പറഞ്ഞാല്‍ കടുന്നല്‍ക്കൂട്ടമായി വന്നൊടിക്കുന്ന പ്രവണത കുറെ കണ്ടിട്ടുള്ളതിനാലാല്‍ പറഞ്ഞുപോയതാണ് , എതെങ്കിലും തരത്തില്‍ ഈ കമന്‍റ്റുകള്‍ താങ്കള്‍ക്ക് അലോസരമുണ്ടാക്കുന്നുവെങ്കില്‍ ഡിലീറ്റ് ചെയ്തേക്കു. :)
ഒന്നുകൂടി ,
ഇതീപോസ്റ്റിന് മാത്രമായി പറഞ്ഞതല്ല , ഇതേ ബ്ലോഗിലെ തുടക്കം മുതലുള്ള പോസ്റ്റുകളും , കവിതാ ബ്ലൊഗുകളില്‍ നടന്ന പല ചര്‍ച്ചകളും(?) അടിസ്ഥാനപ്പെടുത്തിപ്പറഞ്ഞതാണ്
തറവാടി മാഷേ, രാജു ഇരിങ്ങല്‍ പേടിച്ച് ഓടി എന്നാണോ? ഹഹ. മറ്റേതാരാ, ഹരികുമാറോ...? അനംഗാരിയോ?
എന്തായാലും വിമര്‍ശനത്തോട് വൈകാരികമായ പ്രതികരണം ആവശ്യമില്ലെന്നു തന്നെയാണ് അഭിപ്രായം. വിയോജിപ്പാകാമെന്നും. ഇവിടുത്തെ എഴുത്തുകാരെ കുറിച്ച് ഇവിടെ ഒരു ചര്‍ച്ച നടക്കുമെങ്കില്‍ അത് എഴുത്തിനും വായനക്കുമൊക്കെ ഗുണകരമാണ്. അതുകൊണ്ട് വിതച്ചതേ പേടിച്ചോടല്ലേ...(ഓടാനുള്ള ധൈര്യമെങ്കിലും വേണമെന്ന്).
സമകാലിക ഭാവുകത്വം? മലയാളം കവിതയ്ക്ക് ഭാവുകത്വത്തില്‍ അത്തരമൊരു സമകാലികത്വമുണ്ടോ? ഉണ്ടെങ്കില്‍ നന്ന്, ഉണ്ടാവേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
രാജിന്റെ ഈ അഭിപ്രായം അപക്വമാണെന്ന് തോന്നുന്നു .കവിതമാത്രമല്ല ഏതൊരു സാഹിത്യ സൃഷ്ടിയും സമകാലികമായിരിക്കേണ്ടത് അതിന്റെ നിലനില്‍പ്പിനും സമൂഹത്തിന്റെ സ്വയം കാഴ്ചക്കും ഉള്ള അനിവാര്യതയാണ്.സമകാലിക ജീവിതത്തെ മാറ്റിമറിക്കാനൊന്നും കഴിഞ്ഞില്ലെങ്കിലും ഒന്നു നോക്കിക്കാണുകയെങ്കിലും വേണ്ടേ.അതൊന്നും വേണ്ട എന്നതാണ് കാഴ്ചപ്പാടെങ്കില്‍ അത്തരം കലാകാരന്മാര്‍ക്ക് ഒരു വെറ്റിലയും അടക്കയും കൊണ്ടുകൊടുക്കാം മുറുക്കിത്തുപ്പിക്കൊണ്ട് ചാരുകസേരയിലിരിക്കുമല്ലോ.
കമെന്റുകളിലുള്ള ഹോസ്റ്റൈലിറ്റി എന്തിനാണെന്ന് എനിക്കും മനസിലാകുന്നില്ല.ഒഴിവാക്കാമായിരുന്നില്ലേ അത്.
രാജ്, ലിങ്കുകള്‍ ചേര്‍ക്കുന്നത് എന്റെ സൌകര്യത്തിനു വിടുന്നതല്ലേ ഉത്തമം.ലിങ്കുകളെങ്ങോട്ടാണെങ്കിലും കവിത വായിച്ചാല്‍ പോരെ. അല്ല,ഹോസ്റ്റിലിറ്റിക്കു പകരം ഓച്ചാനിച്ചു നില്‍ക്കാം.ഓച്ചാനത്തെ പറ്റി പറഞ്ഞപ്പോഴാണ് ഓര്‍ത്തത്:
“ഓച്ചാനിച്ചു നിന്നു മടുത്തു.
ഇപ്പോള്‍ മരങ്ങളെയും
മൃഗങ്ങളെയും വരെ കണ്ടാല്‍
ഓച്ചാനിക്കാന്‍ തോന്നും.
എത്ര കാലമായി ഓരോരോ
വിടുവായന്മാരുടെയും
മന്ദബുദ്ധികളുടെയും
അല്‍പ്പന്മാരുടെയും മുമ്പില്‍
ഓച്ചാനിച്ചുനില്‍ക്കുന്നു!
ഇനി ആരെയും
ഓച്ചാനിക്കുകയില്ലെന്നുറച്ച്
തലയുയര്‍ത്തി നടക്കുമ്പോള്‍
ഒരാള്‍ എതിരെ വരുന്നു
-അയാള്‍ എന്നെ ഓച്ചാനിച്ചു!
എത്ര ഓച്ചാനിച്ചു നിന്നിട്ടാണ്
ഇപ്പോള്‍ ഓച്ചാനിക്കപ്പെടുന്നതെന്നോര്‍ക്കുമ്പോള്‍
വീണ്ടും ഓച്ചാനം വരുന്നു!”
-കെ.ആര്‍.ടോണി.
ചര്‍ച്ചകള്‍ നടക്കട്ടെ. ഇടയ്ക്ക് വരാം...
ആധുനികത എന്ന വാക്ക് ദുര്‍ഗ്രഹതയാണെങ്കില്‍ വിതച്ചതേ നൂറ് ശരി, പിന്നെ ആധുനികത എന്ന വാക്കിന് വൃത്തവും, ചമയവുമില്ലാതെ എഴുതുന്ന കവിത എന്ന അര്‍ത്ഥം കൂടെ കൊടുക്കാമെങ്കില്‍ ഒരു അമ്പത് വരെ കൊടുക്കാം. രാജ് നീട്ടിയത്ത് എന്ന കവിയുടെ കവിതയെ കുറിച്ചുള്ള കാഴ്ച്ചപ്പാട് ഗണിച്ച് കണ്ട് പിടിച്ചതിന് പൂജ്യം മാര്‍ക്ക്.
നിരൂപണം നല്ലതാണ് :)
കവിതയുള്ളോരകിടിന്‍ ചുവട്ടിലും
ചോരതന്നെ തറവാടിക്കു കൌതുകം!!!
ഹാ! എന്തു പറയാന്‍!!
ആതിഥേയാ :)
ആത്മഗതം: അപ്പോ ഇതും വായനാലിസ്റ്റില്‍ കേറും!!
ഈ തറവാടിയ്ക്ക് എന്തിന്റെ സുക്കേടാ ? ഇതു കണ്ടാല്‍ തന്നെ ഫേമസ് ആക്കാന്‍ ആരൊക്കെയോ കച്ച കെട്ടി ഇറങ്ങിയ പോലുണ്ടല്ലോ. ഒന്നു പോ മാഷേ.
ഒരു തുറന്ന കത്തെഴുതി നാറിയില്ലേ ? അതു പോരെ
കഷ്ടം.
ലതീഷ് മോഹന്‍,താങ്കളുടെ അഭിപ്രായമേറ്റുപിടിക്കാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ എല്ലാ വിഡ്ഢിത്തങ്ങള്‍ക്കും കൂടി ഒരൊറ്റ മറുപടി പറഞ്ഞാല്‍ മതിയല്ലോ എന്നോര്‍ത്താണ് കാത്തത്...
താങ്കള്‍ പറഞ്ഞുവരുന്നത് മലയാള കവികള്‍ ഒന്നടങ്കം തമിഴു പഠിച്ച് ,യുവനും മനുഷ്യപുത്രനും എങ്ങനെയെഴുതെന്നു നോക്കി അതു പോലെ എഴുതുന്നുവെന്നാണോ? ആറ്റൂര്‍ ഇറക്കിയ പുതുനാനൂറും ജയമോഹന്റെ ചര്‍ച്ചകളും കണ്ടെന്നു വെച്ച് തമിഴ് കോപ്പിയടിച്ചതാണ് മലയാളത്തിലെ പുതുകവിത എന്ന് താങ്കള്‍ കരുതിയെങ്കില്‍ അസംബന്ധമെന്നേ പറയാനുള്ളൂ.
ശീലാവതിപ്പാട്ടും കവലഗോഷ്ടികളും അരങ്ങുതകര്‍ത്തതിനാല്‍ മറ്റു സ്ഥലങ്ങളില്‍ സംഭവിച്ചത്ര വേഗത്തില്‍ ആധുനികോത്തരകവിതക്ക് മലയാളത്തില്‍ വേരോടിക്കാനായില്ല എന്നതാണ് വാസ്തവം . കാവ്യ യാഥാസ്തിതികരുടെ പരിഹാസങ്ങള്‍ ഏറെ ഏറ്റുവാങ്ങിയെങ്കിലും ചെറുപ്പക്കാര്‍ പുതുകവിതക്ക് വഴിവെട്ടി. തമിഴില്‍ മാത്രമല്ല ബംഗാളി,മറാഠി,തെലുങ്ക്,കന്നട തുടങ്ങിയ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും ലോകത്തിലാകെയും ഉണ്ടായി ആധുനികോത്തര തരംഗം. ഇംഗ്ലീഷ് വായിക്കുന്നവരെഴുതുന്ന കവിതകള്‍ ദുര്‍ഗ്രഹമാണെന്നതാണ് താങ്കളുടെ മറ്റൊരു കണ്ടെത്തല്‍. ഒരു കാര്യം ചെയ്യാം. എസ്.ജോസഫിനെക്കൊണ്ട് നമുക്ക് ഇംഗ്ലീഷു വായിപ്പിക്കാം.
മോഡേണിസത്തിന്റെ അനേകം ഘടകങ്ങളില്‍ ഒന്നാണ് ആദര്‍ശാത്മകമായ ഭാഷ.ഇതാണ് ദുര്‍ഗ്രഹതയിലേക്ക് നയിക്കുന്നത്. അല്ലാതെ ഇംഗ്ലീഷ് മോഡേണിസത്തിന് മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെയോ ആഫ്രിക്കയിലേയോ മോഡേണിസത്തെക്കാള്‍ യാതൊരു പ്രത്യേകതയുമില്ല. ഇനി കുഞ്ഞുണ്ണിമാഷ് കവിതയെഴുതിയത് ജപ്പാനിലെ ഹൈക്കു കണ്ടിട്ടാണെന്ന് താങ്കള്‍ പറയുമോ?
[കവിതയെപ്പറ്റി പറയുമ്പോള്‍ ഇടക്കു കടന്നു വരുന്ന പാഷാണത്തില്‍ കൃമികള്‍ക്ക് മറ്റു കൃമികള്‍ മറുപടി പറയുന്നതിനാല്‍ ഞാന്‍ ഇടപെടേണ്ടല്ലോ അല്ലെ?]
1)‘മലയാളത്തില്‍ ഇപ്പോള്‍ എഴുതപ്പെടുന്ന കവിതകള്‍ എല്ലാം വായിച്ച് അതിനോടു ചേര്‍ന്നു പോകുന്ന ഭാവുകത്വം ഉണ്ടാക്കുക എന്നത് അത്ര ശരിയായ കാര്യമാണ് എന്നു തോന്നുന്നില്ല.‘
-മലയാള കവിത നേരാം വണ്ണം വായിക്കാത്തവരാണോ തമിഴ് വായിച്ച് കവിതയെഴുതാന്‍ പോകുന്നത്!.
2)‘തമിഴില്‍ നിന്നും കടം കൊണ്ട കവിതയെഴുത്തു രീതി’- ഇതിന്റെ അര്‍ത്ഥമെന്താണ് ലതീഷ് മോഹന്‍? മലയാള കവികള്‍ തമിഴില്‍ ലോണിന് അപ്ലൈ ചെയ്ത് കടം വാങ്ങിയെടുത്തു എന്നോ? നേരാംവണ്ണം തമിഴു പഠിച്ച ഒരു കവി ആറ്റൂര്‍ മാത്രമാണ്.
3)‘ആധുനികാനന്തര കവിത തമിഴില്‍ നിന്ന് യാതൊരു നിബന്ധനകളുമില്ലാതെ കടംകൊള്ളുന്നു.‘. ഇതിന്റെ പച്ചയായ അര്‍ത്ഥം തമിഴ് വായിച്ച് അതുപോലെ എഴുതുന്നു എന്നല്ലെങ്കില്‍ പിന്നെ എന്താണ്?
ഇനി ഇതിന് ന്യൂപൊയട്രിയോ ഓള്‍ഡ് പൊയട്രിയോ വായിക്കണമെന്നില്ല. നേരത്തെ പറഞ്ഞപോലെ ഇന്ത്യയിലെ ഇതരഭാഷകളിലും ഇപ്പോള്‍ കാണുന്ന സമകാലീന സ്വഭാവാം വന്നത് ഒരേ കാലയളവിലാണെന്നാണ് ഞാന്‍ പറഞ്ഞത്. മലയാളികള്‍ പദ്യലഹരിയിലായിപ്പോയതിനാള്‍ അല്‍പ്പം കാലതാമസമെടുത്തു ക്ലെച്ചുപിടിക്കാന്‍ എന്നും.
4) ഇംഗ്ലീഷിനോട് അടുത്തുനില്‍ക്കുന്നതു കൊണ്ടോ ഇംഗ്ലീഷ് വായിക്കുന്നതു കൊണ്ടോ അല്ല ദുര്‍ഗ്രഹത വരുന്നത്. അത് മോഡേണിസത്തിന്റെ ഭാഗമായി പരക്കെ എഴുതപ്പെട്ടതാണെന്നാണ് ഞാന്‍ പറഞ്ഞുവന്നത്.
5)“കേരളത്തില്‍ ദുര്‍ഗ്രഹത ആരോപിക്കപ്പെട്ട എഴുത്തുകാര്‍ക്കൊക്കെ പൊതുവായുള്ളത് അവര്‍ ഇംഗ്ലീഷ് എഴുത്തിനോട് കൂടുതല്‍ ചേര്‍ന്നു നില്‍ക്കുകയും കൂടുതലായി ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിക്കുകയും ചെയ്തു എന്നതാണ്.“
എന്റെ അറിവില്‍ ധാരാളമായി ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിക്കുന്ന ഒരു അദ്ധ്യാപകനാണ് ജോസഫ്. അതിനാലാണ് അയാളുടെ പേര് ഉപയോഗിച്ചത്.
6)മലയാള കവികള്‍ മറ്റു മലയാള കവികളാല്‍ സ്വാധീനിക്കപ്പെടാം എന്ന കാര്യത്തില്‍ കഴമ്പുണ്ട്. അതൊരു മോശം കാര്യവുമല്ല.
7)മേതിലിന്റെ കാര്യം പറയുമ്പോള്‍ ചക്കയുടെയും മാങ്ങയുടെയും കാര്യം പറയുന്നത് മേതിലിനോട് കാണിക്കുന്ന ക്രൂരതയാണ്.
8)വക്കീലന്മാര്‍ നിരുത്തരവാദപരമായി വാദിച്ചാല്‍ ചിലപ്പോള്‍ വാദി പ്രതിയായേക്കാം.
9)കനത്തിനു മുമ്പേ രാമന്‍ എഴുതാറുണ്ട്,മറ്റുള്ളവരും. സമകാലീന കവിതയ്ക്ക് ഇന്നത്തെ വളര്‍ച്ച നേടിയെടുക്കാന്‍ കഴിഞ്ഞതിന്റെ പിന്നിലെ പ്രവര്‍ത്തനങ്ങള്‍ താങ്കള്‍ക്കറിയാമെന്നു കരുതുന്നു.
10)‘മലയാള കവിതയുടെ ഏറ്റവും നല്ല കാലങ്ങളിലൊന്നാണ് ഇപ്പോള്‍ ഉള്ളതെന്നാണ് ഞാന്‍ കരുതന്നതെന്ന‘ താങ്കളുടെ വാക്കുകള്‍ എന്നെ സന്തോഷപ്പെടുത്തുന്നു എന്നും അതിനിടയില്‍ പറഞ്ഞു കൊള്ളട്ടെ.
11) പുതിയ മലയാളത്തിന് ഇന്ന് എറ്റവുമധികം സാധ്യതകളാണ് ബ്ലോഗും ഇന്റര്‍നെറ്റും തുറന്നുവെക്കുന്നത് . കേരളത്തിനു പുറത്തുജീവിക്കുന്നവര്‍ കേരളത്തിലെന്തുനടക്കുന്നു എന്ന് മനസ്സിലാക്കാനും ബ്ലോഗ് സഹായിക്കും.
12)അധരവ്യായാമത്തിന് സമയം കണ്ടെത്തുന്നത് ഇതു കൊണ്ട് എന്തെങ്കിലുമൊരു പ്രയോജനം ഉണ്ടാകുമെന്ന് കരുതിയാണ്.
13) വാക്കുകള്‍ യഥേഷ്ടം ഉപയോഗിക്കുക. ഉപയോഗിക്കാതെയിരുന്നാല്‍ വിഡ്ഢിത്തവും അസംബന്ധവുമെല്ലാം തുരുമ്പിക്കും.
[ചര്‍ച്ച തുടരാം. ഒരാഴ്ചത്തേക്ക് സ്ഥലത്തുണ്ടായിരിക്കില്ല. അതു കഴിഞ്ഞ് കാണാം.]
ആധുനികതയുടെ ഹാങ്ങ്-ഓവര്‍ വിട്ടുമാറാത്ത ഒരു കവിയാണ് എന്ന് പറഞ്ഞത് അബദ്ധം തന്നെ. എന്നാല്‍ ദുര്‍ഗ്രാഹ്യത എന്നൊന്ന് ചില മടിയന്‍ കഴുതകള്‍ ഉണ്ടാക്കി വച്ച ഏര്‍പ്പാടാണെന്ന് ആര്‍ക്കാണറിഞ്ഞു കൂടാത്തത്. എഴുത്തുകാരനോളം വായനക്കാരന്‍ ഉയരാത്തിടത്ത് വായനക്കാരന്‍ പ്രയോഗിക്കുന്ന സ്വാതന്ത്ര്യമായിട്ടേ ‘ദുര്‍ഗ്രാഹ്യത’ യെ കാണാന്‍ കഴിയുന്നുള്ളൂ.
രാജിന്‍ റെ കഥ പോലെ തന്നെ കവിതയിലും ഉള്‍ക്കനമില്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. വളരെ ഒന്നൊ രണ്ടോ കഥകളെ മാറ്റി നിര്‍ത്തിയാല്‍ ഒന്നും പോലും കാമ്പുള്ളതായി തോന്നിയിട്ടില്ല. അത്ര പോലും കഥ കവിതയില്‍ ഇല്ലതന്നെ. എന്നാല്‍ എണ്‍പതുകളിലെയും തൊണ്ണൂറുകളുടെ ആദ്യപകുതിയിലും മലയാള സിനിമയിലെ പി. ചന്ദ്രകുമാറിനെ പോലുള്ള സംവിധായകര്‍ ചെയ്തതു പോലെയാണ് ഇന്ന് രാജ് നീട്ടിയത്ത് ബ്ലോഗില്‍ ചെയ്യുന്നത് എന്ന് സമ്മതിക്കാതെ വയ്യ. അതില്‍ അദ്ദേഹം വിജയിച്ചിട്ടുമുണ്ട്. ഒരു ആളെക്കുട്ടല്‍. കൌമാരക്കരെ ഒന്ന് കൊതിപ്പിച്ച് വിടാന്‍ രാജ് സദാ തയ്യാറാകുന്നു.
“ഋഷ്യശൃംഗന്‍“ എന്ന കവിതയില്‍ എന്തോ പറയാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന കവിയെ വേദനയോടെ മാത്രമേ കാണുവാനും സാധിക്കുന്നുള്ളൂ. എന്നാല്‍ അദ്ദേഹത്തിന്‍ റെ പല രചനകളിലും ഒരു പരകയാ പ്രവേശം തെളിഞ്ഞു നില്‍ക്കുക പതിവാണ്. അത് വായനയുടെ രീതികൊണ്ടാവാം എന്നും തെളിഞ്ഞു വരേണ്ട ഒരാളായതു കൊണ്ട് ക്ഷമിക്കാവുന്നതേ ഉള്ളൂ.
കമന്‍ റുകളില്‍ രാജ് കാണിച്ച പക്വത ഇവിടെ (ഇവിടെ മാത്രം) ശ്രദ്ധേയമാണ്.
സമകാലിക കവിതകളില്‍ ഭാവുകത്വ പരമമായ ഒരു വേര്‍തിരിവ് ഒരു കവിതകളിലും എനിക്ക് ദര്‍ശിക്കാന്‍ സാധിച്ചിട്ടില്ല. പി. രാമന്‍ റെതായലും മോഹന കൃഷ്ണന്‍ റെതായാലും. ബനേഷിന്‍ റെ കവിതയിലും ഒന്നും. എന്നാല്‍ ലതീഷ് മോഹന്‍ പറഞ്ഞതിനോട് 100% യോജിപ്പാണുള്ളത്. “ഇപ്പോഴുണ്ടാകുന്ന മലയാള കവിതയുടെ രൂപത്തിന് തൊണ്ണൂറുകളുടെ ആദ്യപകുതിയില്‍ എഴുതപ്പെട്ട തമിഴ് കവിതയോടുള്ള ബന്ധം കാണാതിരിക്കുന്നതും ശരിയല്ല.“
അതു പോലെ “ക്രാഫ്റ്റ് എന്നത് അത്രമോശം കാര്യമൊന്നുമല്ല, സമകാലീന മലയാള കവിതയില്‍ ആയാല്‍ പോലും“ എന്നു പറയുന്നിടത്ത് ചില വിയോജിപ്പ് ഉണ്ട് താനും. ക്രാഫ്റ്റ് സ്വയം ഉണ്ടാക്കിയെടുക്കേണ്ട ഒന്നാണ് രാജ് അദ്ദേഹത്തിന്‍ റെ കവിതകളിലൊ കഥകളിലൊ സ്വന്തമായ ഒരു തട്ടകം പണിയുന്നതായി ഒരു വായനയിലും തോന്നിയിട്ടില്ല. എന്നാല്‍ ഏറ്റവും പുതിയ രചന ടോം & ജെറി ഒരു സൂപ്പര്‍ കവിത എന്നോ കവിതയില്‍ ഒരു വലീയ ഓളമുണ്ടാക്കാനോ പറ്റുന്ന ഉള്‍ക്കരുത്തുള്ള സുന്ദരമായ രചനയാണ്. രാജ് നീട്ടിയത്തിന്‍ റെ ഏറ്റവും നല്ല രചനകളില്‍ ഒന്നാകും ഇത് എന്നതില്‍ സംശയമില്ല.
സമകാലിക കവികളുടെ മനസ്സിനെ മഥിക്കുന്ന ഒരു പ്രശ്നം മാത്രമേ ഇന്നുള്ളൂ അത് എങ്ങിനെ മുന്നിലെത്താം കവിത എഴുതാതെയും എങ്ങിനെ മുന്നിലെത്താം എന്ന് പലരും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. അങ്ങിനെ അല്ലെങ്കില്‍ പറഞ്ഞു തരൂ...
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
ഇരിങ്ങലിനോട്
ആ റ്റോം ആന്‍ഡ് ജെറിയില്‍ റ്റോമിനും ജെറിക്കും ഇടയിലെ ‘&‘ ല്‍ മാത്രമേ കവിതയുള്ളൂ എന്ന് കാരണവരദ്യേം തീര്‍പ്പുകല്‍പ്പിച്ചിടത്ത് ചില എമ്പോക്കി കുട്ടികള്‍ ചൊറിയാന്‍ പോയപ്പഴല്ലേ ഈ പ്രശ്നൊക്കെ തുടങ്ങിയത്!
പി.ചന്ദ്രകുമാര്‍? ആദ്യപാപം, ഏദന്‍തോട്ടം?
ഹ്ഹി താങ്ക്സ് ഇരിങ്ങല്‍.
ചന്ദ്രകുമാറിന്റെ സിനിമയുള്ള ടാക്കീസില്‍ ഇരുന്നിരുന്നാണ് ഇരിങ്ങലിന് വെവരം വെച്ചത്
ആധുനികത ഉത്തരാധുനികത എന്നിങ്ങനെയുള്ള വേര്‍തിരിവുകള്‍ സാധുതയുള്ളതുതന്നെയാണെന്ന് കഴിഞ്ഞ പത്തുമുപ്പതുവര്‍ഷത്തെ കാലയളവിനിടയില്‍ ജീവിതത്തിന് ആകമാനം വന്നിട്ടുള്ള മാറ്റത്തെ മുന്നില്‍ വച്ച് ചിന്തിച്ചാല്‍ മനസിലാകും എങ്കിലും.ഈ വേര്‍തിരിവിന് ഉപയോഗിക്കുന്ന മാനദണ്ഡം ഏതാണെന്ന് എനിക്കിതുവരെയും മനസിലായിട്ടില്ല.സാഹിത്യത്തെയും കലയേയും ജീവിതസംബന്ധിയായി പ്രയോഗസാധ്യതയുള്ള ഒന്നായി കരുതാന്‍ ഇന്നും ബുദ്ധിജീവികളും(?)സാധാരണക്കാരും തയാറായിട്ടില്ല എന്നാണ് തോന്നിയിട്ടുള്ളത്.ഈ പ്രയോഗസാധ്യതയെക്കുറിച്ച് ചിന്തിക്കുമ്പോഴാണ് സാഹിത്യത്തില്‍ അല്ലെങ്കില്‍ കലയില്‍ നിലപാട്,പ്രമേയം,അവതരണ രീതി എന്നിവയില്‍ ഊന്നിയാണ് വേര്‍തിരിവ് ഉണ്ടാകേണ്ടതെന്ന് മനസിലാവുക.എന്നാല്‍ എനിക്കറിയില്ല എന്തുകൊണ്ടാണ് ഇതേക്കുറിച്ചുള്ള ചര്‍ച്ചകളില്‍ എല്ലാവരും ഭാഷയുടെ ദുര്‍ഗ്രഹത ലാളിത്യം എന്നിവയില്‍ ഊന്നിനിന്നുകൊണ്ട് സംസാരിക്കുന്നതെന്ന്.അതോ രാജ് പറയുമ്പോലെ സമകാലികമായ ഒന്നാവേണ്ടതില്ലേ കലക്ക്.അത് നേരമ്പോക്ക് മാത്രമായാല്‍ മതിയോ.അല്ലെങ്കില്‍ അതിന്റെ കര്‍ത്താവിന് രണ്ട് കൊമ്പുണ്ടാക്കിക്കൊടുക്കലാണോ അതിന്റെ ധര്‍മ്മം.എഴുത്തുകാരന്‍ എന്ന പബ്ലിക് ഗ്ലോറിക്കുവേണ്ടിയാണോ ആളുകള്‍ എഴുതുന്നത് .അങ്ങനെ എഴുതിയാല്‍ തന്നെ ആ കാരണം കൊണ്ട് എഴുതപ്പെട്ടതിന് സ്വതന്ത്രമായ ഒരു നിലപാട് തറ ഉണ്ടായി വരാന്‍ പാടില്ല എന്നുണ്ടോ.ഇതെല്ലാം എന്റെ സംശയങ്ങള്‍ മാത്രമാണ്.പ്രയോയനമില്ലാത്ത ഒന്ന്,മുളയ്ക്കാത്ത ഒന്ന്,വേകാത്ത ഒന്ന്,ദഹിക്കാത്ത ഒന്ന് അതാണ് കലയെങ്കില്‍ പിന്നെ എന്തിനാണ് കല.
തര്‍ക്കശാസ്ത്രത്തില്‍ ബിരുദവും കളരിപ്പയറ്റില്‍ ഗുരിക്കള്‍ പട്ടവും കിട്ടാനുള്ള വേദിയാണോ സാഹിത്യചര്‍ച്ചകള്‍..:(
സനാതനന്‍,
ഞാന്‍ ചോദിച്ചത് മലയാളം കവിതയില്‍ ഭാവുകത്വപരമായി ഒരു സമകാലികതയുണ്ടോ എന്നായിരുന്നു. ഭാവുകത്വം അഥവാ സെന്‍സിബിളിറ്റിയിലെ സമകാലികത ‘കവിത വിതച്ചതിന്റെ’ ഒരു പാസിങ് കമന്റ് ആയിട്ടാണ് എനിക്ക് തോന്നുന്നത്.
കല കാലിക (current) പ്രസക്തിയുള്ളതാകണം അതിലെനിക്കും മറിച്ചഭിപ്രായമൊന്നുമില്ല, എന്നാല്‍ സമകാലിക (contemporary) എഴുത്തുകാരെല്ലാം ഒരേ സെന്‍സിബിളിറ്റിയാണ് പ്രകടിപ്പിക്കുന്നത്, അല്ലെങ്കില്‍ പ്രകടിപ്പിക്കേണ്ടത് എന്ന് ആരെങ്കിലും പറയുമ്പോള്‍ അതിനെ നേരത്തെ പറഞ്ഞ പാസിങ് കമന്റില്‍ പെടുത്തിയേ വായിക്കേണ്ടതുള്ളൂ (ലതീഷിന്റെ കമന്റിലും എന്റേതിനു സമാനമായ ഒരു അഭിപ്രായം വായിക്കാവുന്നതാണ്).
മലയാളത്തില്‍ എഴുതുന്നതിന്റെ അര്‍ഥം ഞാന്‍ മലയാളി ആണെന്നല്ല, എന്റെ ഭാവുകത്വം മലയാളി കവിയുടേതെന്നല്ല.
ആധുനീകത, ഉത്തരാധുനീകത എന്നി പദങ്ങള്‍ കാലത്തിന്‍റെ രുചിഭേദങ്ങളുമായി ചുറ്റപ്പെട്ടു കിടക്കുന്നുവന്നേ പറയാന്‍ പറ്റൂ അതു തന്നെയാണ് അതിന്‍റെ മാനദണ്ഡവും എന്ന് ഞാന്‍ കരുതുന്നു. എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളിലും കേരളീയ ജീവിതാനുഭവം ഇന്നത്തേതു പോലെ ആയിരുന്നില്ല. അന്നത്തെ എഴുത്തുകാരും ചിന്തകരും ചിന്തകളില്‍ വിവിധ തലങ്ങളില്‍ ആയിരുന്നെങ്കിലും സാമൂഹികമായ ചില കെട്ടു പാടുകളില്‍ അവര്‍ക്ക് എകതാന മുഖവും ചിലപ്പോഴെങ്കിലും ഏകീകൃത ഭാവവും ഉണ്ടായിരുന്നു. ഇത് ആ കാലഘട്ടത്തിലെ എഴുത്ത് ഭാഷയെ സാരമായി ബാധിക്കുകയും ചെയ്തു. അതു കൊണ്ട് തന്നെ പ്രസ്തുത കാലത്തിന് മുമ്പും പിമ്പും ഭാവുകത്വ പരമായ പരിണാമങ്ങള്‍ കവിതയിലും എഴുത്തിലും സംഭവിച്ചു എന്നുതന്നെ നമുക്ക് പറയാന്‍ കഴിയും.
ആധുനീകത സത്യത്തില്‍ കൊളോണിയല്‍ കാലത്തോടുള്ള വെല്ലു വിളിയും സാംസ്കാരിക പ്രതികരണമായി ഉയര്‍ന്നു വന്നപ്പോള്‍ ആധുനീകര്‍ക്ക് ശേഷം വന്ന ഉത്തരാധുനീക എഴുത്തുകള്‍ അതിനു ശേഷം വന്ന കവിതകള്‍ ഒക്കെയും അത്തരം ചര്‍ച്ചകള്‍ക്ക് വിധേയമായില്ല എന്നു തന്നെ വേണം കരുതാന്‍.
എന്നാല്‍ ഇന്നത്തെ കവി അത്തരം വല്യ ചുമടുകളൊന്നും ഏറ്റെടുക്കാനൊ കാലത്തോട് നീതി പുലര്‍ത്താനൊ തയ്യാറാവാത്തതു കൊണ്ടാണ് പാരിസ്ഥിതികവും വ്യാവസായികവും അതു പോലെ പ്രാദേശികവുമായ തകര്‍ച്ചകളെയും മാറ്റങ്ങളെയും കണ്ടില്ല കേട്ടില്ല, ഞാന്‍ മാവിലായി കാരനാണ്, ഞാന്‍ മലയാളിയല്ല എന്ന പദം കൊണ്ട് നേരിടുകയും ചെയ്യുന്നത്.
എന്നാല്‍ കേരളത്തിലെ ദാര്‍ശനീകമായ ഒരു തലത്തെപോലും എടുത്തുയര്‍ത്താന്‍ സമകാലിക കവികള്‍ക്ക് പലപ്പോഴും കഴിയാതെ പോവുകയും ഉത്തരോത്തുരാധുനീകത ഇല്ലാതാവുകയും ചെയ്യുന്ന കാഴ്ചയാണ് ഇന്ന് നിലവിലുള്ളത്.
“മലയാളത്തില്‍ എഴുതുന്നതിന്റെ അര്‍ഥം ഞാന്‍ മലയാളി ആണെന്നല്ല, എന്റെ ഭാവുകത്വം മലയാളി കവിയുടേതെന്നല്ല.“ എന്ന് രാജ് നീട്ടിയത്ത് പറയുമ്പോള്‍ ഒരു ഒളിച്ചോടല്‍ തന്നെ നടത്തുകയാണ്. എന്‍ റെ ഭാവുകത്വം മലയാളി കവിയുടേതല്ല എന്നും അത് പ്രവാസിയായ , ദുബായിക്കാരന്‍ റേതാണ് എന്ന് രാജ് പറയാതെ പറയുന്നു. എന്നിട്ടും പ്രവാസിയുടെ ഒരു കവിത പോലും രാജ് എഴുതുന്നുമില്ല. ഇവിടെ ഭാവുകത്വ പരിണാമങ്ങളൊ ചിന്തകളൊ രാജിനെ ഭരിക്കുന്നില്ല എന്നു തന്നെ വേണം കരുതാന്‍.
അതു കൊണ്ടാണ് “ഋഷ്യശൃംഗന്‍“ പോലുള്ള കവിതയില്‍ രാജ് പരാജയപ്പെടുന്നതും. കാരണം മാനവിക പ്രമേയങ്ങളെ ഒരു പരിഷ്കരണത്തിന് വിധേയമാക്കുവാനൊ ചരിത്രത്തെ കൊണ്ടുവരാനൊ രാജിന് പ്രസ്തുത കവിതയില്‍ കഴിയാതെ വരുമ്പോള്‍ തുടലര്‍ന്നു പോയ പട്ടിയുടെ അവസ്ഥ പ്രസ്തുത കവിതയ്ക്ക് സംഭവിക്കുന്നു.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
മുകളില്‍ ഒരു അനോണി പറഞ്ഞതുപോലെ
“അമേരിക്കന്‍ പ്രസിഡന്റിന്റെ ജി.സി.സി സന്ദര്‍ശനവും അതനുബന്ധിച്ചു പൊതുനിരത്തില്‍ നിന്ന് വാഹനങ്ങളെ ഒഴിവാക്കുവാന്‍ സൂത്രത്തില്‍ ഒരു അവധിപ്രഖ്യാപനം നടത്തിയതിനെ കുറിച്ചുള്ള ഒരു സാറ്റയര്‍ എന്ന അടിക്കുറിപ്പ്” ചേര്‍ത്താല്‍ ഋഷ്യശൃംഗന്‍ എന്ന കവിത ശരിയാവുമോ ഇരിങ്ങലേ?
ഹഹ ഇരിങ്ങലേ!
എനിക്ക് കവിതയെക്കുറിച്ച് ഒന്നുമറിയില്ല. അതോണ്ട് ഇരിങ്ങല്‍ പറയുന്നതുപോലെ അറിയാത്ത കാര്യത്തെക്കുറിച്ച് പറയാന്‍ എനിക്ക് നല്ല വശമില്ല.
കഥയെക്കുറിച്ച് ആണെങ്കില്‍,
രാജിന്റെ കഥയ്ക്ക് കാമ്പ് തോന്നാത്തത് വായിക്കാനറിയാഞ്ഞിട്ടാവുമെന്നേ എനിക്ക് തോന്നുന്നുള്ളൂ. എനിക്കും അങ്ങിനെയായിരുന്നു. ആദ്യൊക്കെ ഭയങ്കര ബുദ്ധിമുട്ടായിരുന്നു രാജിന്റെ കഥകളും അതിന്റെ രാഷ്ട്രീയവും മനസ്സിലാക്കാന്‍. അന്ന് മലയാളം പഠിച്ച് വരണതേ ഉണ്ടായിരുന്നൂള്ളൂ. ഇപ്പൊ ഒന്നൊരക്കൊല്ലം മലയാളം വായന വളര്‍ന്നതുകൊണ്ട് നന്നായി മനസ്സിലാവുന്നുണ്ട്.
പിന്നെ രാജിന്റെ ബ്ലോഗില്‍ ആളെക്കൂട്ടല്‍ എന്നൊക്കെ പറഞ്ഞാല്‍ ചിരിച്ചു മനുഷ്യന്‍ ഒരു പരുവമാവും. രണ്ട് കമന്റ് പോലും നേരെ ചൊവ്വ്വേ വീഴാത്ത ബ്ലോഗാണോ ആളെക്കൂട്ടല്‍?
ബ്ലോഗ് ഉടമയോട് : താഴെ പ്രതിപാദിക്കുന്നത് കമന്‍ റുകള്‍ക്കുള്ള കമന്‍ റായതിനാല്‍ ക്ഷമിക്കുകയൊ ആവശ്യമെങ്കില്‍ ഡിലീറ്റുകയൊ ചെയ്യാവുന്നതാണ്.
ഇഞ്ചി ടീച്ചറേ..,
സനാതനന്‍ ഇവിടെ ഒരു കാര്യം പറഞ്ഞിട്ടുണ്ട് അതിങ്ങനെ
“തര്‍ക്കശാസ്ത്രത്തില്‍ ബിരുദവും കളരിപ്പയറ്റില്‍ ഗുരിക്കള്‍ പട്ടവും കിട്ടാനുള്ള വേദിയാണോ സാഹിത്യചര്‍ച്ചകള്‍..“
അതിന്‍ റെ ഉത്തരം അങ്ങിനെ അല്ല സ്വയം ബോധമുള്ളതു കൊണ്ട് വളരെ നിരുപദ്രവകരമായ “എനിക്ക് കവിതയെക്കുറിച്ച് ഒന്നുമറിയില്ല. അതോണ്ട് ഇരിങ്ങല്‍ പറയുന്നതുപോലെ അറിയാത്ത കാര്യത്തെക്കുറിച്ച് പറയാന്‍ എനിക്ക് നല്ല വശമില്ല“ എന്ന പദങ്ങള്‍ എനിക്ക് അറിയാത്ത കാര്യത്തെ കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത് എന്നൊരു ധ്വനി . അര്‍ത്ഥം അതിലുണ്ടല്ലോ. തര്‍ക്കശ്ശാസ്ത്രത്തില്‍ നിന്ന് ഒഴിച്ചു നിര്‍ത്തി ഞാന്‍ മിണ്ടാതെ ഇരിക്കാം.
താങ്കള്‍ നല്ലൊരു വായനക്കാരിയാണ് എന്ന് താങ്കള്‍ പറഞ്ഞതില്‍ സന്തോഷം. താങ്കളുടെ വായനയ്ക്ക് (മലയാളം) ഒന്നര വയസ്സായി എന്ന് അറിയുന്നതില്‍ ഇനിയും കൂടുതല്‍ കാലം വായിച്ച് പഠിക്കാന്‍ സമയവും സന്ദര്‍ഭങ്ങളും സര്‍വ്വശക്തന്‍ തരട്ടേന്ന് പ്രാര്‍ത്ഥിക്കുന്നു.
ഒന്നരക്കൊല്ലം എന്നു പറഞ്ഞാല്‍ രണ്ടാം ക്ലാസ്സ് പൂര്‍ത്തിയായിട്ടില്ലെന്ന് അര്‍ത്ഥമുണ്ട്. എങ്കിലും താങ്കളുടെ എഴുത്ത് എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുമുണ്ട്. അതു കൊണ്ട് താങ്കളെയും താങ്കളെ മലയാളം പഠിപ്പിച്ച ടീച്ചറിനേയും അഭിനന്ദിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നു.
കഥകളിലെ രാഷ്ട്രീയം നമുക്ക് എന്‍ റെ ബ്ലോഗിലൊ താങ്കളുടെ ബ്ലോഗിലൊ അതു മല്ലെങ്കില്‍ രാജിന്‍റെ ബ്ലോഗിലൊ വിശദമാക്കാം. ഇവിടെ കവിത മതി. അല്ലേ ടീച്ചറേ..
സ്നേഹ പൂര്‍വ്വം
ഇരിങ്ങല്‍
ഓഫ്:
മതി ഇരിങ്ങല്‍ സാറേ, കവിതയെക്കുറിച്ച് മാത്രം മതി. കഥ എന്ന് താങ്കള്‍ സൈഡില്‍കൂടി അങ്ങട്ട് കൂട്ടിച്ചേര്‍ത്തപ്പോള്‍ ഹമ്മേ താങ്കള്‍ കഥകളേം കവിതകളെ ഇട്ട് തോന്നിയ പോലെ വിമര്‍ശിക്കുന്നതുപോലെ വിമര്‍ശിക്കാന്‍ തുടങ്ങിയോന്ന് ഡൌബ്ബ്ട്ട് അടിച്ചു.
കഥകളെക്കുറിച്ച് എനിക്കും താത്പര്യം ഉണ്ടേ. അതോണ്ടാണ്.
എന്റെ മലയാളം വായനയ്ക്കാണ് ഒന്നര വര്‍ഷം, അതിന്റെ അര്‍ത്ഥം ഒന്നാം ക്ലാസ്സോ രണ്ടാം ക്ലാസ്സോ എന്നല്ലാ.
അപ്പൊ അദ് കഴിഞ്ഞു. നന്ദി
സമകാലികമായ ഭാവുകത്വം എന്നത് സമകാലികമായ ജീവിത വീക്ഷണത്തെ മുന്‍നിര്‍ത്തിയുള്ള ഭാവുകത്വത്തെ ഉദ്ദേശിച്ചു പറയുന്ന കലാ/സാഹിത്യ സംബന്ധിയായ വാക്കുതന്നെയാണ്.സമകാലികമായ ഒരു നിലപാടുതറ കലയ്ക്ക്/സാഹിത്യത്തിന് ഉണ്ടാവേണ്ടത് ആവശ്യമാണെങ്കില്‍ അതിന്റെ അര്‍ത്ഥം സമകാലികമായ ഒരു ഭാവുകത്വം അതിനു വേണം എന്നുതന്നെയാണ്.എന്നുവച്ചാല്‍ എല്ലാവരും സമകാലികമായി എഴുതപ്പെടുന്ന എല്ലാകവിതകളും വായിച്ച് ഒരു പൊതുവായ ഭാവുകത്വം രൂപപ്പെടുത്തിയെടുക്കുക എന്ന ല.സാ.ഗു അതിനുണ്ട് എന്നല്ല .പുസ്തകങ്ങളില്‍ നിന്നും ആര്‍ജ്ജിച്ചതോ സിദ്ധാന്തങ്ങള്‍ക്ക് അനുസരിച്ച് പരുവപ്പെടുത്തിയതോ ആയ എന്തിനെയെങ്കിലും ഉദ്ദേശിച്ചാണ് കാലികമായ ഭാവുകത്വത്തെ നിരൂപണം ചെയ്യുന്നതെങ്കില്‍ അത് കാലികമാവുകയില്ല എന്നുമാത്രമല്ല നീന്തല്‍ പഠനത്തിനുള്ള വിദൂര വിദ്യാഭ്യാസം പോലെ അപഹാസ്യമാവുകകൂടി ചെയ്യും എന്നതാണ് സത്യം പുസ്തകങ്ങളില്‍ ഊന്നിയുള്ളതും ജീവിതബന്ധമില്ലാത്തതുമായ ഇത്തരം സാഹിത്യസിദ്ധാന്തങ്ങളായിരുന്നു നമുക്ക് എക്കാലവും ഏറ്റവും വലിയ ശാപം.സമകാലിക മലയാള കവിത തൊട്ടുമുന്‍പുള്ള തമിഴ് കവിതയില്‍ നിന്നുള്ള കടം കൊള്ളലായിരുന്നു എന്നും സമകാലിക മലയാള ഭാവുകത്വം തമിഴ്‌ഭാവുകത്വം ആണെന്നുമൊക്കെയുള്ള വാതകസിദ്ധാന്തങ്ങള്‍ക്ക് യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമുണ്ടാവാന്‍ വഴിയില്ല.കുറഞ്ഞൊരു നിരീക്ഷണത്തിന്റെ സൂചിക്കണ്ണു കൊണ്ടൊന്നുതൊട്ടാല്‍ കാറ്റുപോയ ബലൂണ്‍പോലെ ശുശ്കമായി പ്പോകും ഈ മഹത്ചിന്താസരിത്‌സഗരങ്ങള്‍.സിനിമാറ്റിക് ആയിചിന്തിക്കുന്ന ചിന്തകന്മാര്‍ നമുക്ക് കെട്ടിയേല്‍പ്പിക്കുന്ന കാല്‍പ്പനികഭാരങ്ങളാണിതൊക്കെ എന്നുപറയേണ്ടിവരും.തനതും മൗലീകവുമായ സാഹിത്യവും കലയും ഒക്കെ ജീവിതത്തിന്റെ വിഴുപ്പും വിയര്‍പ്പും സ്വീകരിച്ചുകൊണ്ടാണ് വളരേണ്ടത് അല്ലേങ്കില്‍ വളര്‍ന്നിട്ടുള്ളത്.ഒരേ കുളത്തില്‍ വളരുന്ന എല്ലാചെടികള്‍ക്കും,എല്ലാമീനുകള്‍ക്കും എല്ലാ നീര്‍ക്കോലികള്‍ക്കും, എലാ കൂത്താടികള്‍ക്കും ആ കുളത്തെക്കുറിച്ച് പറയാനുള്ളതില്‍ അടങ്ങിയിട്ടുള്ള പൊതുവായ ഭാവുകത്വമാവണം സമകാലീക ഭാവുകത്വം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.ഇത് പുസ്തകം വായിച്ചു രൂപപ്പെടുത്താതെ തന്നെ രൂപം കൊള്ളുന്നതും,സമകാലിക ജീവിതത്തില്‍ ഉണ്ടായിരിക്കുന്നവനും ഇന്ദ്രിയങ്ങള്‍ സംവേദനക്ഷമമായ അവസ്ഥയില്‍ ഉള്ളവരുമായ എല്ലാ എഴുത്തുകാരിലും അബോധപൂര്‍വ്വം ഉണ്ടാകുന്നതും ഉണ്ടായിരുന്നതും ഉണ്ടായിരിക്കുന്നതുമാണ് എന്നതാണ് ശരി.എന്നാല്‍ പാശ്ചാത്യബൗദ്ധികതയോടുള്ള അന്ധമായ ആരാധനാ മനോഭാവം കാരണം തലച്ചോര്‍ പണയം വെച്ചുകൊണ്ട് സിദ്ധാന്തങ്ങളെ അപ്പടി വിഴുങ്ങാനും തര്‍ജ്ജമചെയ്ത് വിളമ്പാനും തുള്ളല്‍ വേഷം കെട്ടിയിറങ്ങിയിരിക്കുന്ന നിരൂപകരും വിമര്‍ശകരും മലയാളത്തിന്റെ മണ്ണില്‍ വളര്‍ന്നിട്ടുള്ള തനതുഭാവുകത്വങ്ങളെ കണ്ടെടുക്കാനോ വളര്‍ത്തിക്കൊണ്ടുവരാനോ അതിന്റെ പ്രത്യേകതകള്‍ തിരഞ്ഞുകണ്ടുപിടിച്ച് സിദ്ധാന്തരൂപം നല്‍കി അക്കാഡമികമായി അവതരിപ്പിക്കാനോ മെനക്കെട്ടിട്ടില്ല എന്നതാണ് സത്യം.എന്നുവച്ച് നമുക്ക്,മണ്ണുമായി ബന്ധിപ്പിച്ച് അസ്തിത്വം ഉറപ്പിക്കാനാകാത്ത മലയാളിക്ക്,സ്വന്തം ചുവടുറപ്പിക്കാന്‍ അപ്പൂപ്പന്‍ താടിപോലെ ലോകമെമ്പാടും പറന്നു നടക്കേണ്ടിവരുന്ന മലയാളിക്ക് എന്ത് ഭാവുകത്വം ഏതു ഭാവുകത്വം എന്നു ചോദിക്കുന്നത് തിമിരബാധിതമായ ബോധനങ്ങളുടെ ഫലമാണെന്ന് പറയേണ്ടിവരും.
ഭാവുകത്വത്തേയും ജീവിതത്തേയും അല്ലെങ്കില്‍ ജീവിത വീക്ഷണത്തേയും രണ്ടായിക്കാണുന്നതാണ് ഏറ്റവും വലിയ തെറ്റ് എന്നാണെന്റെ തോന്നല്‍.ഇത് എന്റെ മാത്രം തോന്നലല്ല, ഇന്നത്തെ സിദ്ധാന്തവുമല്ല അത്.ജീവിതവും ജീവിത വീക്ഷണവും അതില്‍ നിന്നുരുത്തിരിയുന്ന സാഹിത്യവും ഒന്നുതന്നെയാണെന്നും അതുമുന്നോട്ട് വെക്കുന്നതൊക്കെത്തന്നെയാണ് ജീവിതപാതയെന്നും ജീവിതം കൊണ്ട് എഴുതിവച്ച ചിലരുണ്ട് നമുക്ക്. ജോണ്‍ അബ്രഹാമും,എ.അയ്യപ്പനുമൊക്കെ ഇത്തരം 'അനുകരിക്കരുത് അപകടമുണ്ടാകും' എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്ന ടിവി സാഹസിക പരിപാടികള്‍ പോലെ ജീവിതം നയിച്ചവരാണ്.ഊശാന്താടിയും അലക്കിവെളുപ്പിക്കാത്ത ഉടുപ്പും പുകയിലക്കറയുള്ള ചുണ്ടും പുകപോലെ അലസമായ നടപ്പുമായി കുറേ മനുഷ്യര്‍ ഉണ്ടായിരുന്നു.പത്തുവര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ കലാലയകാലത്തുപോലും ബുദ്ധിജീവി ഷൂസിടാത്തവനും ഷര്‍ട്ട് ഇന്‍ ചെയ്യാത്തവനും താടിവടിക്കാത്തവനും ആയിരുന്നു.ജീവിതത്തെ പുച്ഛത്തോടെ കാണുന്നവന്‍ ആയിരുന്നു.എല്ലായ്പ്പോഴും ദുഖം കലര്‍ന്ന ചിരി ചുണ്ടില്‍ പേറുന്നവനും,വെട്ടിമുറിച്ചപോലെ സംസാരിക്കുന്നവനും കഞ്ചാവുവലിച്ചവനെപ്പോലെ ഹിസ്റ്റീരിക്ക് ആയി പെരുമാറുന്നവനും ആയിരുന്നു.തിരുവനന്തപുരം കൈരളീതിയേറ്ററിന്റെ പടവുകളില്‍ എ.അയ്യപ്പന്റെ തോളില്‍ കയ്യിട്ടു നില്‍ക്കാന്‍ തിരക്കുകൂട്ടുന്ന ബുദ്ധിജീവികളെ ഒരുപക്ഷേ ഫിലിം ഫെസ്റ്റിവലുകളുടെ ദിവസങ്ങളില്‍ ഇപ്പോഴും കണ്ടേക്കാം.ജീവിതത്തെ രോഗാതുരമായ മൃത്യുപൂജയായി ഉന്മാദം കൊണ്ടിരുന്ന, ലൈംഗീക അരാജകത്വത്തെ ഗ്ലോറിഫൈ ചെയ്തിരുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ കഴിഞ്ഞകാലത്തെ സാഹിത്യവും കുറേയേറെ സിനിമകളും വളരെ വലിയ പങ്കു വഹിച്ചിരുന്നു.എന്നാല്‍ വളരെപ്പെട്ടെന്നുതന്നെ തങ്ങള്‍ സൃഷ്ടിച്ച സാഹിത്യത്തില്‍ നിന്നും സ്രഷ്ടാക്കള്‍ രക്ഷപ്പെട്ടു.(വളരെ ചുരുക്കം പേരൊഴികെ).ഇരുണ്ട ജീവിതത്തെ ചങ്കുപൊട്ടിപ്പാടുന്ന വരികളില്‍ ആവാഹിച്ചിരുന്ന കവിത യഥാര്‍ത്ഥ ജീവിതത്തിന്റെ(?) സീരിയല്‍ വെളിച്ചത്തിലേക്ക് രക്ഷപ്പെട്ടുപോകുന്നത് നാം കണ്ടു.കടന്നുപിടിക്കുമ്പൊള്‍ കുതറിമാറുന്ന പെണ്ണിനേയും പെരുവിരലില്‍ വിഷപ്പല്ലമര്‍ത്തുന്ന മരണത്തേയും ഒരേകൗതുകത്തോടെ നോക്കിക്കണ്ട ഗദ്യം സന്യാസിമഠങ്ങളില്‍ സ്നാനപ്പെടുന്നതും കണ്ടു.കഞ്ചാവുപുകപോലെ മിസ്റ്റിക്കായ ജീവിത ചിത്രങ്ങള്‍ വരച്ചിട്ട ഗദ്യവും സാഹിത്യ അക്കാഡമിയിലെ ഒതുക്കമുള്ള കസേരയായി സ്വയം പരിണമിക്കുന്നതു കണ്ടു.എന്നിട്ടും ഇന്നും അവര്‍മുന്നോട്ടുവച്ച മനോരോഗത്തിനുതുല്യമായ ജീവിതത്തിന്റെ സാഹിത്യദര്‍ശനം ഗ്ലോറിഫൈ ചെയ്തുകൊണ്ട് അട്ടിപ്പേറുകിടക്കുന്ന ഒരുപാടാളുകള്‍ നമുക്കുണ്ട്.അവര്‍ ഒരുകാലത്ത് തങ്ങളുടെ ആരാധനാമൂര്‍ത്തികളായിരുന്ന സാഹിത്യകാരന്മാരെ പില്‍ക്കാലത്ത് വര്‍ഗ്ഗീയവാദികളെന്നും അവസരവാദികളെന്നും സത്യസന്ധതയില്ലാത്തവരെന്നും മുദ്രകുത്തി.എന്നാല്‍ പ്രവര്‍ത്തികൊണ്ട് സൃഷ്ടാക്കളും വായനക്കാരായ തങ്ങളും തള്ളിപ്പറഞ്ഞ സാഹിത്യത്തെ തലച്ചുമടായി നടന്ന് മദ്യംത്തിന്റെ മണമുള്ള സാഹിത്യ സായാഹ്നങ്ങളില്‍ വായാടി.ജോണിനേയും അയ്യപ്പനേയും അവര്‍ നയിച്ച അരാജകമായതും അപകടകരവും അനുകരണീയമല്ലാത്തതും സമൂഹത്തെ പിന്നോട്ടടിക്കുന്നതുമായ ജീവിതത്തിന്റെ പേരില്‍ വാനോളം പുകഴ്ത്തി.അതേ സമയം തന്നെ പി എസ് സി ടെസ്റ്റെഴുതി സെക്രട്ടേറിയറ്റില്‍ ഗുമസ്തനായി താന്താങ്ങളുടെ ജീവിതം സുരക്ഷിതവുമാക്കി.ഇതിന്റെ അര്‍ത്ഥം ജീവിതത്തേയും ഭാവുകത്വത്തേയും ഒന്നായിക്കാണുന്നത് തെറ്റാണെന്നല്ല ജീവിതത്തെ മുന്നോട്ടുനയിക്കാത്ത ഭാവുകത്വം അവലംബിക്കുകയും അത് ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുന്നത് തെറ്റാണെന്നാണ്.ഭാവുകത്വത്തെ അതിന്റെ കാലികമായ അച്ചുതണ്ടില്‍ ഉറപ്പിച്ചുനിര്‍ത്താനുള്ള ഉള്‍ക്കാഴ്ച്ച വേണം എന്നാണ് അങ്ങനെ രൂപപ്പെടുന്ന ഭാവുകത്വത്തെ ജീവിതത്വരണത്തിന് പ്രയോജനപ്പെടുത്തണം എന്നാണ്.
ജീവിതത്തിന്റെ യാഥാര്‍ത്ഥ്യവുമായി അടുത്തുനില്‍ക്കാത്ത കാല്‍പ്പനികതയുടെ മറ്റൊരുവകഭേദമായിട്ടാണ് ഇത്തരം സാഹിത്യത്തേയും കാണേണ്ടത്.സ്വര്‍ഗ്ഗസമാനമായ സൗന്ദര്യം സുഖം ഇവ നിറഞ്ഞ ജീവിതത്തെക്കുറിച്ച് എഴുതുന്നത് കാല്‍പ്പനികം ആയതുപോലെ തന്നെ നരകസമാനമായ യാതനകള്‍ മരണാഭിമുഖ്യം ഭ്രാന്തിന്റെയും പൊട്ടിത്തെറിക്കുന്ന വികാരവിക്ഷോഭത്തിന്റേയും ആദര്‍ശവല്‍ക്കരണം ഇവ നിറഞ്ഞ ജീവിതത്തെക്കുറിച്ച് എഴുതുന്നതും കാല്‍പ്പനികമാണ്.സത്യത്തില്‍ ജീവിതം ഇതിനു രണ്ടിനും ഇടയിലാണ്.ഒന്നിനെ മാത്രം അലങ്കരിച്ചുപറയുന്നത് പ്രതിലോമാത്മകമായ എഴുത്താണ്. ഇതു തിരിച്ചറിഞ്ഞതുകൊണ്ടാവണം ഈ സാഹിത്യത്തിന്റെ സ്രഷ്ടാക്കള്‍ തന്നെ തങ്ങള്‍ സൃഷ്ടിച്ച ദര്‍ശനങ്ങളില്‍ നിന്നും ഓടിയകന്നത്.എന്നാല്‍ ഇതുമനസിലാക്കാതെയാവണം, ഈ സാഹിത്യമാണ് സത്യമായ ജീവിതാവിഷ്കാരം എന്ന അബദ്ധചിന്തയില്‍ ഉറച്ചുനിന്നവര്‍ സൃഷ്ടാക്കളെ തള്ളിപ്പറയുമ്പോഴും സൃഷ്ടിയെ, അതിന്റെ ദര്‍ശനങ്ങളെ ചുമന്നുനടന്നത്.എന്നാല്‍ ഇതിനുശേഷവും ജീവിതമുണ്ടായി, സാഹിത്യമുണ്ടായി.ഓര്‍മ്മകളെ എഴുതുമ്പോള്‍ ഗൃഹാതുരത്വം ഒഴിവാക്കിനിര്‍ത്താന്‍ ശ്രദ്ധിച്ചുകൊണ്ട് ചരിത്രത്തിനുപകരം വര്‍ത്തമാനത്തെ വ്യാഖ്യാനിക്കാന്‍ കഴിയും വിധം ഓര്‍മകളെ ഉപയോഗിക്കാന്‍സാധ്യമാക്കുന്ന പുതിയ രചനകള്‍ ഉദാഹരണമാണ്.പ്രകൃതിയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും മതത്തെക്കുറിച്ചുമൊക്കെ ഇമ്പവും ഈണവുമില്ലാത്ത വേദനകളും ആകുലതകളും പിന്തുണപ്രഖ്യാപനങ്ങളും കവിതയിലും കഥയിലും ഒക്കെയുണ്ടായി.നിരാസി അല്ലാത്ത, ക്ഷിപ്രകോപിയല്ലാത്ത, ലഹരിയില്‍ അഭയംതേടിയലയുന്നവനല്ലാത്ത, ഒരു പുതിയ മനുഷ്യരൂപം സൃഷ്ടിക്കപ്പെട്ടു.അവന്‍ ആദര്‍ശപുരുഷനോ ബുദ്ധിജീവിയോ അല്ലാതായി.താടി വടിച്ചു. പ്രണയങ്ങളുടെ മരണക്കയത്തില്‍ എടുത്തുചാടുന്നവനാകാതെ പ്രണയത്തെ,അതിന്റെ ജീവിതപ്പച്ചയില്‍ അറിയുന്നവനായി.ആത്മഹത്യയെ ആദര്‍ശപ്രതീകമോ ജീനിയസ്സിന്റെ ലക്ഷണമോ ആയി അല്ലാതെ കാണാന്‍ പഠിച്ചു പ്രകൃതിയെക്കുറിച്ചും ചൂഷണത്തെക്കുറിച്ചും കാക്ക കരയുമ്പോലെ 'പ്രേക്രോം പ്രേക്രോം' എന്നു പാടി അലോസരമുണ്ടാക്കി.സ്ത്രീകളും ഉണ്ടായി. തുറന്നെഴുത്ത് എന്ന സങ്കേതം ഇല്ലാതെ തന്നെ എന്നാല്‍ വായനക്കാരനെ നഗ്നമാക്കാന്‍ കെല്‍പ്പുള്ള എഴുത്തുകള്‍ ഉണ്ടായി.കുറേക്കൂടി പ്രായോഗികമായ ജീവിത വീക്ഷണം എഴുത്തുകാരനില്‍ വരികയും(ഇതിന്റെ നന്മ തിന്മകള്‍ മറ്റൊരു വിഷയമാണ്)അവന്‍ എഴുത്തിനു പിന്നാലെ അലഞ്ഞുനടക്കാത്തവനായി തീരുകയും ചെയ്തു.കവിതയുടെയും കഥയുടേയും കനല്‍ ഉള്ളില്‍ വഹിക്കുമ്പോഴും ശാസ്ത്രവിദ്യാര്‍ത്ഥിയായി,കമ്പ്യൂട്ടര്‍ എഞ്ചിനീയറായി,അധ്യാപകനായി,വിവാഹിതനായി,വീടുവച്ചു താമസിക്കുന്നവനായി,കള്ളടിയ്ക്കുമെങ്കിലും അതു പരസ്യമായിവിളിച്ചു കൂവിനടക്കാത്തവനായി,ബുദ്ധിജീവി വികാരജീവി എന്നൊക്കെയുള്ള വിശേഷണങ്ങളെ വെറുക്കുന്നവനായി അല്ലെങ്കില്‍ അതിനെ ഒരു ഭൂഷണമായി കാണാത്തവനായി,കുറേക്കൂടി സാമൂഹികമായി എന്നാല്‍ വിമര്‍ശങ്ങളെ ഉറക്കെത്തന്നെ വിളിച്ചുപറയുന്ന ഭാഷയില്‍ ലളിതമായും ഈണമില്ലാതെയും അലങ്കാരമില്ലാതെയും എഴുതുന്നവനായി,(ഇതിലെത്രപേര്‍ എഴുത്തുകാരായെന്നോ പുസ്തകം പ്രസിദ്ധീകരിച്ചെന്നോ ചോദിച്ച് ഉത്തരം മുട്ടിക്കാം.എന്നാല്‍ അറിയപ്പെടുന്നതിന്റെ നൂറുമടങ്ങുപേരിലെങ്കിലും എഴുത്തിന്റെ മരുന്നുശാലകള്‍ ഉണ്ടായിരുന്നു എന്നത് അംഗീകരിച്ചില്ലെങ്കിലും സത്യമായി നില്‍ക്കും) എഴുത്തിലെ കഥാപാത്രമായി ഒരു പുതിയ പാത്ര സൃഷ്ടി ഉണ്ടായി അല്ലെങ്കില്‍ ഒരു പുതിയ പ്രഥമപുരുഷന്‍ കഥപറഞ്ഞുതുടങ്ങി,കവിത പറഞ്ഞുതുടങ്ങി.ഇത്താണ് പുതിയ ഭാവുകത്വം എന്നല്ല ഞാന്‍ പറഞ്ഞുവരുന്നത്.സത്യത്തില്‍ ഇതിനും അപ്പുറത്തേക്ക് കടന്നുനില്‍ക്കുന്നുണ്ടാവണം പുതിയ ജീവിതവും ഭാവുകത്വവും.എനിക്കറിയില്ല.കാരണം കാല്‍പ്പനികതയേയും ആധുനികതയേയും ആംഗലേയ സിദ്ധാന്തന്തങ്ങളെ മുന്‍നിര്‍ത്തി വിശദീകരിച്ചപോലെ തൊട്ടുകാണിക്കാന്‍ ആവും വിധത്തില്‍ അതിനെ സിദ്ധാന്തവല്‍ക്കരിക്കാനോ അതിന്റേതായ ലക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടാനോ നമുക്ക് ആരും ഇല്ലാതെ പോയി.ഒരു പക്ഷേ ഇത് ഒരു കഴിവില്ലായ്മയാകാം,ഇന്നത്തെ സാഹിത്യത്തില്‍ ഉണ്ടെന്നുപറയപ്പെടുന്ന ബഹുസ്വരതയാവാം അതിനു കാരണം. എന്നാല്‍ അതുകൊണ്ട് മാത്രം അങ്ങനെയൊന്ന്,അങ്ങനെയൊരു ഭാവുകത്വം മലയാളത്തില്‍ സംഭവിച്ചിട്ടേയില്ല എന്ന് പറയാന്‍ പാടുണ്ടോ എന്നു നാം ചിന്തിക്കണം.
ദുരൂഹമായ ഭാഷ ആധുനികതയുടെ കാലത്ത് ആത്മാര്‍ഥമായും അല്ലാതെയും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.ദുരൂഹമായാല്‍ സാഹിത്യമായി എന്ന ചിന്തതന്നെ ഉണ്ടായിരുന്നോ എന്നു സംശയമാണ്.എന്നാല്‍ ദുരൂഹമായ ഭാഷ പഴയരീതിയില്‍ തന്നെ എഴുതുമ്പോഴും നിലപാടുകളില്‍ മാറ്റം ഉണ്ടാക്കുന്ന എഴുത്തുകാരുണ്ട്.അതുകൊണ്ട് ദുരൂഹത ഉള്ളതൊക്കെ ആധുനികം ഇല്ലാത്തതൊക്കെ ഉത്തരാധുനികം എന്ന് വിധികല്‍പ്പിക്കാന്‍ ആവുകയുമില്ല.സത്യത്തില്‍ ഏതു കോണിലൂടെയാണ് സൃഷ്ടി അതിന്റെ ദൃഷ്ടിപായിക്കുന്നതെന്നും ഏതു നിലപാടിലാണ് നാവു ചലിപ്പിക്കുന്നതെന്നും നോക്കുകയാവും നല്ലത് എന്നാണ് എന്റെ തോന്നല്‍.ഇത്രയൊക്കെ എഴുതിയത് എന്റെ ധാരണകള്‍ ഇതാണ് എന്ന് അറിയിക്കാനാണ്.പറയുകയും അറിയുകയും ചെയ്തില്ലെങ്കില്‍ നാമെല്ലാം സ്വര്‍ഗ്ഗത്തിലാണെന്ന ധാരണയില്‍ നരകത്തില്‍ ആജീവനാന്തം കഴിയേണ്ടിവരും.ഞാന്‍ നരകത്തിലാണെങ്കില്‍ അറിവുള്ളവര്‍ വന്നെന്നെ രക്ഷിക്കട്ടെ.
രാജിനോടൊരു ചോദ്യം
രാജ് എന്നാണ് കവിത വായിക്കാന്‍ തുടങ്ങിയത്? ഉത്തരം പറയണ്ട..സ്വന്തം ചോദിച്ചാല്‍ മതി.
രണ്ടര വര്‍ഷത്തിലധികമായില്ല എന്ന് ഞാന്‍ പറയും.
കവിത എന്ന പേരില്‍ എന്തെങ്കിലും എഴുതീന്നു കരുതി ആരും കവിയാകുന്നില്ല.
ജീവിതത്തെ രോഗാതുരമായ മൃത്യുപൂജയായി ഉന്മാദം കൊണ്ടിരുന്ന, ലൈംഗീക അരാജകത്വത്തെ ഗ്ലോറിഫൈ ചെയ്തിരുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ കഴിഞ്ഞകാലത്തെ സാഹിത്യവും കുറേയേറെ സിനിമകളും വളരെ വലിയ പങ്കു വഹിച്ചിരുന്നു.
കേരളത്തിലെ കാര്യം തന്നെയാണോ സനാതനന്‍ പറയുന്നത്?
തീര്‍ച്ചയായും കേരളത്തിലെ കാര്യം തന്നെ.സമൂഹം എന്നത് വ്യാപകമായ അര്‍ത്ഥത്തില്‍ എടുക്കേണ്ടതില്ല.കാരണം ആര്‍ജ്ജിതമായ അറിവുകളിലൂടെ സ്വയം മാറുന്ന ചെറിയൊരു കോക്കസ് ആണ് പിന്നീട് വളര്‍ന്ന് സമൂഹത്തിലാകമാനം പടരുന്നത്.(ഈ കോക്കസും ഒരു ചെറിയ സമൂഹം തന്നെ)എന്തായാലും ഈ പടരല്‍ പ്രക്രിയ അതിന്റെ ഫലപൂര്‍ത്തിയിലെത്തുന്നതിന് മുന്‍പ് ആ കാലം മരിച്ചു. അത്തരം ഒരു ചലനത്തിന്റെ തുടക്കമായിട്ടാണ് വിവാഹം പോലുള്ള വ്യവസ്ഥകള്‍ പഴഞ്ചനാണെന്നും ഒരുമിച്ചു കഴിയല്‍ മാത്രം മതി എന്നുമൊക്കെ പ്രഖ്യാപിച്ചുകൊണ്ട് നമ്മുടെ ചില ബു.ജി കള്‍ ഊശാന്താടിയുമായി നിരത്തിലിറങ്ങി നടന്നത്.
പോസ്റ്റിനേക്കാള്‍ പത്തിരട്ടി മികവെങ്കിലുമുള്ള ആ കനപ്പെട്ട കമന്റിന് ഒരു വായനക്കാരന്റെ നന്ദി, സനാതനന്‍.
“രാജിനോടൊരു ചോദ്യം
രാജ് എന്നാണ് കവിത വായിക്കാന്‍ തുടങ്ങിയത്? ഉത്തരം പറയണ്ട..സ്വന്തം ചോദിച്ചാല്‍ മതി.
രണ്ടര വര്‍ഷത്തിലധികമായില്ല എന്ന് ഞാന്‍ പറയും.”
ഞാനില്ലാത്ത ഞാനേ ഞാനെന്നുപയോഗിക്കുമ്പോഴെങ്കിലും ഞാനാരെന്ന് വ്യക്തമാക്കിയാല്‍ ഞാനിലെ ഞാനങ്ങ് തേഞ്ഞുപോകുമോ?
“കവിത എന്ന പേരില്‍ എന്തെങ്കിലും എഴുതീന്നു കരുതി ആരും കവിയാകുന്നില്ല.” ആരാണ് കവി എന്നൊന്നുകൂടി വ്യക്തമാക്കാമോ?
കുറച്ചുപേരുടെയൊക്കെ ജാതിതെളിയിക്കാനുണ്ട് ഇവിടെ.
“ജീവിതത്തെ രോഗാതുരമായ മൃത്യുപൂജയായി ഉന്മാദം കൊണ്ടിരുന്ന, ലൈംഗീക അരാജകത്വത്തെ ഗ്ലോറിഫൈ ചെയ്തിരുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ കഴിഞ്ഞകാലത്തെ സാഹിത്യവും കുറേയേറെ സിനിമകളും വളരെ വലിയ പങ്കു വഹിച്ചിരുന്നു.”
വായിക്കുന്നവരുടെ കാര്യമാകും സനാതനന്‍ പറഞ്ഞത്.
ചര്‍ച്ച നടക്കട്ടെ. ഇടക്കൊക്കെ വന്നൊന്ന് എത്തിനോക്കാലോ. വിഷയം സാഹിത്യത്തില്‍ നിന്ന് കൈവിട്ടുപോകില്ലെന്ന്‍ പ്രതീക്ഷിക്കുന്നു.
ജീവിതവും (ജീവിതവീക്ഷണവും) ഭാവുകത്വവും രണ്ടാണ്‍ ഇന്നത്തെ എഴുത്തുകാര്‍ക്ക്. ഈ ഒരു വീക്ഷണം ശരിയാണെന്ന് തോന്നുന്നു.
പണ്ട് ജോണ്‍ എബ്രഹാം മരിച്ചതറിഞ്ഞ് മട്ടാഞ്ചേരി? ഷാപ്പില്‍ ചെന്ന് ഇരന്ന് വാങ്ങിച്ച കാശിന്‍ കുടിച്ച കള്ളിന്‍ വിഷത്തിന്‍റെ കയ്പ് ആയിരുന്നു എന്ന് സീരിയല്‍ നടനായ ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന കവി ഒരു ഇന്‍റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. ആ പുകയുന്ന കരിവ് മണമടിക്കുന്ന ചിന്തകളുമായി നടക്കുന്ന കവികളൊന്നും ഇന്നില്ലെന്ന് തോന്നുന്നു. (ഇനി ഇത് കവിതകളൊന്നും വായിക്കാത്തതിന്‍റെ കുഴപ്പമാണെന്ന് പറയരുത്, ഞാന്‍ ബ്ലോഗ് കവിതകള്‍ വായിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമായില്ല!)
ജോണിനേയും അയ്യപ്പനേയും അവര്‍ നയിച്ച അരാജകമായതും അപകടകരവും അനുകരണീയമല്ലാത്തതും സമൂഹത്തെ പിന്നോട്ടടിക്കുന്നതുമായ ജീവിതത്തിന്റെ പേരില്‍ ...
ആ നിരീക്ഷണത്തില്‍ എന്തോ ശരികേട് തോന്നുന്നു സനാതനന്‍.
ജോണിന്റേയും അയ്യപ്പന്റേയും ജീവിതമനുകരിക്കപ്പെട്ടതിന്റെ ഉത്തരവാദിത്തം അവരുടെ തലയില്‍ വച്ചുകെട്ടരുത്. കുതിപ്പുകള്‍ക്കുള്ള ഊര്‍ജ്ജം താരതമ്യേന കെട്ടടങ്ങിയ കാലത്തില്‍ ജീവിക്കുമ്പോള്‍ നമുക്ക് അത്തരം ജീവിതങ്ങളെ, അതിന്റെ അരാജകവും അപകടകരവുമായ കാരണങ്ങളാല്‍ വിമര്‍ശിക്കാം. അവരുടെ സത്യസന്ധതയെ ചോദ്യം ചെയ്യാം. എന്നാലും അവരുണ്ടാക്കിയ ഉണ്ടാക്കുന്ന ചലനങ്ങള്‍ ബാക്കി നില്‍ക്കും.
അനിലാ,
എനിക്കുതോന്നിയത് അവരുടെ ഉള്ളില്‍ ഉണ്ടായിരുന്ന കുതിപ്പുകളുടെ ഊര്‍ജ്ജം കിതപ്പുകളുടെ ഊര്‍ജ്ജമാക്കിമാറ്റാന്‍ കുറേ കാഴ്ച്ചക്കാര്‍ അരുനിന്നു എന്നാണ്.അവരുടെ സത്യ സന്ധതയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കാണാവുക.പക്ഷേ എന്താണ് നാം സത്യ സന്ധത എന്നു പറയുന്ന സാധനം? ഒരിക്കല്‍ സ്വയം കണ്ടെത്തുന്ന അല്ലെങ്കില്‍ നാലാളുകാണ്‍കെ/കേള്‍ക്കെ എസ്റ്റാബ്ലിഷ് ചെയ്യപ്പെടുന്ന അവനവനെ തന്നെ അവസാനം വരെ അണുവിട വിടാതെ പിന്തുടരുന്നതാണോ.കണ്ടെത്തപ്പെടുന്ന മറ്റൊന്നിലേക്ക് മാറാതെ പാറപോലെ അടിയുറച്ചു നില്‍ക്കുന്നതാണോ.അത്തരം ഒരു ജീവിതം സാര്‍വ്വത്രികമായാല്‍ ജീവിതമുണ്ടോ.അവര്‍ ജീവിച്ച ജീവിതം ഏത് ഉന്നത്തിലേക്ക് നയിക്കും.അതു ദുരന്തമാണെന്നറിഞ്ഞുകൊണ്ടുതന്നെ ഫിലിം ഫെസ്റ്റിവലുകളില്‍,സാഹിത്യ കാര്‍ണിവലുകളില്‍,സാംസ്കാരിക സര്‍ക്കസുകൂടാരങ്ങളില്‍ പകല്‍ മുഴുവന്‍ അവരെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ച്,തോളിലേറ്റി നടന്ന് രാത്രിയാവുമ്പോള്‍അവനവന്റെ കട്ടിലില്‍ ചെന്നു കിടന്ന് കൂര്‍ക്കം വലിച്ചുറങ്ങി പിറ്റേദിവസം ഓഫ്ഫീസില്‍ പോയി കൈക്കൂലി വാങ്ങി വൈകുന്നേരം ബാറില്‍ ചെന്ന് വീണ്ടും അവരെ ആഘോഷിക്കുന്നത് പുരോഗമനമാണോ.
സനാതനാ
ഞാന്‍ ഒരിക്കലും ജോണിനെയും അയ്യപ്പനേയും ആഘോഷിക്കുന്നവരുടെ (സനാതനന്‍ പറഞ്ഞ രീതിയില്‍) കൂടെ നിന്നല്ല പറഞ്ഞത്. ജോണിനേയും അയ്യപ്പനേയും കുറിച്ചാണ്.
ചര്‍ച്ച കവിതയെക്കുറിച്ചായതിനാല്‍, അരാജകജീവിതത്തെക്കുറിച്ച് പറയുമ്പോള്‍ കുഞ്ഞിരാമന്‍ നായരെ പരാമര്‍ശിക്കുമെന്നു കരുതി :)
ജീവിതം അങ്ങനെയൊക്കെയല്ലേ സനാതനന്‍? പലപ്പോഴും ആഗ്രഹമുണ്ടായാലും തിരിച്ചു വരാന്‍ പറ്റിയെന്നു വരില്ല. അവരൊന്നും എന്തൊക്കെ പറഞ്ഞാലും കള്ളനോട്ടടിക്കാരോളം, കരിഞ്ചന്തക്കാരോളം സാമൂഹ്യവിരുദ്ധരല്ല.
കേരളത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക ഇടങ്ങളിലൂടെ എഴുപതുകളിലൊക്കെ ഒരു കാറ്റ് വീശിയിരുന്നു. നമ്മളൊക്കെ കുട്ടികളായിരുന്നതുകൊണ്ട് അത് അറിഞ്ഞില്ല. മോഹഭംഗം അരാജകത്വത്തിലേക്കും ആത്മഹത്യയിലേയ്ക്കും ആത്മീയതയിലേയ്ക്കും നിസ്സംഗതയിലേയ്ക്കുമൊക്കെ നയിക്കുന്നതിനെ എങ്ങനെ കുറ്റം പറയും?
The valuable comments of latheesh mohan which he deleted himself.:
latheesh mohan has left a new comment on your post "രാജ് നീട്ടിയത്തിന്റെ കവിതകള്‍":
മലയാളത്തില്‍ ഇപ്പോള്‍ എഴുതപ്പെടുന്ന കവിതകള്‍ എല്ലാം വായിച്ച് അതിനോടു ചേര്‍ന്നു പോകുന്ന ഭാവുകത്വം ഉണ്ടാക്കുക എന്നത് അത്ര ശരിയായ കാര്യമാണ് എന്നു തോന്നുന്നില്ല. അതില്‍ തന്നെ, ഇപ്പോഴുണ്ടാകുന്ന മലയാള കവിതയുടെ രൂപത്തിന് തൊണ്ണൂറുകളുടെ ആദ്യപകുതിയില്‍ എഴുതപ്പെട്ട തമിഴ് കവിതയോടുള്ള ബന്ധം കാണാതിരിക്കുന്നതും ശരിയല്ല. കേരളത്തിന് പുറത്തു ജീവിക്കുന്ന ഒരാളോട് 'സമകാലീന മലയാള ഭാവുകത്വം' രൂപപ്പെടുത്തൂ എന്ന് ഉപദേശിക്കുമ്പോള്‍ അയാള്‍ കാണാതെ പോകാനിടയുള്ള തമിഴ് കവിതയെ ബോധപൂര്‍വം മൂടിവെക്കുകയാണ് ചെയ്യുന്നത്, തമിഴില്‍ നിന്ന് കടംകൊണ്ട ഒരു കവിതയെഴുത്ത് രീതിയ്ക്ക് പൂര്‍ണ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുമാണ്.
കേരളത്തില്‍ ദുര്‍ഗ്രഹത ആരോപിക്കപ്പെട്ട എഴുത്തുകാര്‍ക്കൊക്കെ പൊതുവായുള്ളത് അവര്‍ ഇംഗ്ലീഷ് എഴുത്തിനോട് കൂടുതല്‍ ചേര്‍ന്നു നില്‍ക്കുകയും കൂടുതലായി ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിക്കുകയും ചെയ്തു എന്നതാണ്. ആദ്യകാല മലയാളം കവിത സംസ്കൃതത്തോട് ആഭിമുഖ്യം പുലര്‍ത്തിയപ്പോള്‍ ആധുനികാനന്തര കവിത തമിഴില്‍ നിന്ന് യാതൊരു നിബന്ധനകളുമില്ലാതെ കടംകൊള്ളുന്നു. സംസ്കൃത ഭാവുകത്വം ആകാം, തമിഴും ആകാം ഇംഗ്ലീഷിനോട് അടുത്തുനിന്നാല്‍ ദുര്‍ഗ്രഹത ആകും എന്ന് പറയുന്നത് എങ്ങനെയാണ് ശരിയാകുക?
രാജിന്റെ കവിതകളെ പൂര്‍ണമായും ന്യായീകരിക്കാനുള്ള ശ്രമം അല്ല ഇത്. എന്നാല്‍, അടിസ്ഥാനപരമായി കഥാകൃത്തായ രാജ് അടുത്തകാലത്ത് അയാളുടെ കവിതയെഴുത്തില്‍ കൈവരിച്ച നല്ല മാറ്റങ്ങളെ ആധുനികത, ദുര്‍ഗ്രഹത എന്നീ വാക്കുകളുപയോഗിച്ച് പൂര്‍ണമായും ഇല്ലായ്മ ചെയ്യുന്നത് അംഗീകരിക്കാനാവില്ല. അയാള്‍ക്ക് അയാളുടെ രീതികളുണ്ട്. 'ഇതാ ഇവിടെ ഒരു വഴിയുണ്ട്, കൂടെ നടക്കൂ' എന്നു പറയുന്നത് എന്തായാലും കവിതയ്ക്ക് ഗുണം ചെയ്യില്ല.
ക്രാഫ്റ്റ് എന്നത് അത്രമോശം കാര്യമൊന്നുമല്ല, സമകാലീന മലയാള കവിതയില്‍ ആയാല്‍ പോലും.
2nd comment:
1
ഇപ്പോഴുണ്ടാകുന്ന മലയാള കവിതയുടെ 'രൂപ'ത്തിന് തമിഴ് എഴുത്തുമായി ബന്ധമുണ്ടെന്നാണ് ഞാന്‍ പറഞ്ഞത്. ഏതെങ്കിലുമൊരു മലയാള കവി തമിഴ് കവിത കോപ്പിയടിച്ചു എന്നു പറഞ്ഞിട്ടില്ല. ഇത്തരമൊരു രീതി വ്യാപകമാകാന്‍ എല്ലാവരും തമിഴ് വായിക്കണം എന്നില്ലല്ലോ. 'കന'വും കനം പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ വന്ന ചില പുസ്തകങ്ങളിലൂടെയും കടന്നുവന്ന ഒരു എഴുത്തു രീതി മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ പിന്തുടരാമെല്ലോ. (പിന്തുടരുക എന്നുപറയുമ്പോള്‍, കോപ്പി അടിക്കുക എന്ന അര്‍ഥം എടുക്കരുത്, ദയവുചെയ്ത്). കനത്തിന് 'കനം' കൂടുതലാണെന്നും മറ്റുള്ളവര്‍ക്കുള്ള ലാളിത്യം ആ പുസ്തകത്തിനില്ല എന്നും താങ്കള്‍ പറയും. കനത്തിന്റെ ഡെയില്യൂട്ടഡ് വേര്‍ഷന്‍സ് ആണ് മറ്റു കവികള്‍ എന്ന് ഞാന്‍ പറയില്ല. നമ്മള്‍ തുടങ്ങിയത് 'സമകാലിക മലയാള ഭാവുകത്വം' എന്ന പ്രയോഗത്തില്‍ നിന്നാണ് എന്നതോര്‍ക്കുമെല്ലോ. അതിനാല്‍ തന്നെ ബഹുസ്വരത എന്ന പ്രയോഗത്തിന് വലിയ അര്‍ഥമില്ല. സമകാലിക ഭാവുകത്വം എന്ന ഒന്ന് ഇപ്പോള്‍ ഉണ്ടെങ്കില്‍ അതിന് തമിഴ് ബന്ധമുണ്ടെന്നു മാത്രമാണ് പറഞ്ഞത്. രാമന്‍ ഒരുപാധി മാത്രം(വ്യക്തിപരമായി പറയുമ്പോള്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട കവികളിലൊരാണ് രാമന്‍. മലായള കവിതയുടെ ഏറ്റവും നല്ല കാലങ്ങളിലൊന്നാണ് ഇപ്പോള്‍ ഉള്ളതെന്നാണ് ഞാന്‍ കരുതന്നതെന്നും അതിനിടയില്‍ പറഞ്ഞു കൊള്ളട്ടെ).
ഇനി ആരും ആരെയും അനുകരിക്കുന്നില്ല എന്നാണെങ്കില്‍, കല്‍പറ്റ നാരായണനെ അനുകരിച്ച് കേരളത്തില്‍ എത്രപേര്‍ കവിത എഴുതുന്നുണ്ട് എന്ന് ഞാന്‍ താങ്കള്‍ക്ക് പറഞ്ഞു തരണോ? സമകാലിക ഭാവുകത്വം രൂപപ്പെടുത്താന്‍ എളുപ്പവഴികള്‍ വേറെയുണ്ട്.
ജോസഫിനെക്കുറിച്ചല്ല ഞാന്‍ പറഞ്ഞത് എന്ന് താങ്കള്‍ക്കറിയാം എന്നിരിക്കേ, ജോസഫിന്റെ പേര് മനപ്പൂര്‍വം പ്ലാന്റ് ചെയ്തതാണ് എന്ന് കരുതുന്നു.
തമിഴിനോടുള്ള ഈ ബന്ധം ഇപ്പോഴുമുണ്ട് എന്നു തന്നെയാണ് എന്റെ നിലപാട്. 'കഥ' പ്രസിദ്ധീകരിച്ച 'തമിഴ് ന്യൂ പോയട്രി' എന്ന പുസ്തകം ഞാന്‍ ഉദാഹരണമായി വെക്കുന്നു.
2
മേതില്‍ തൊട്ടിങ്ങോട്ട് നോക്കുമ്പോള്‍ പൊതുവേ ദുര്‍ഗ്രഹത ആരോപിക്കപ്പെട്ട എഴുത്തുകാര്‍ ഇംഗ്ലീഷുമായി കൂടുതല്‍ ചേര്‍ന്നു നില്‍ക്കുന്നവരാണ് എന്നാണു പറഞ്ഞത്. ഇംഗ്ലീഷ് വായിക്കുന്നവരെഴുതുന്ന കവിതകള്‍ ദുര്‍ഗ്രഹമാണെന്ന് ഞാന്‍ ഇതിനിടയില്‍ എവിടെയാണ് കണ്ടുപിടിച്ചത്? ഇംഗ്ലീഷ് എഴുത്തുരീതിയുടെ സ്വാധീനം മാങ്ങാട് രത്നാകരന്‍ എന്ന കവിയില്‍ വളരെ വേണ്ടുവോളമുണ്ട്. അയാളെഴുതുന്നത് മനസ്സിലാകുന്നില്ല എന്ന് പലരും പറഞ്ഞു കേള്‍ക്കാറുമുണ്ട്. അതിലെന്തെങ്കിലും ദുര്‍ഗ്രഹത ഫീല്‍ ചെയ്തിട്ടില്ലാത്തതുകൊണ്ടാണ്, അത്തരമൊരു ചോദ്യം ചോദിച്ചത്. വാദിയെ പ്രതിയാക്കുന്ന വിദ്യ നല്ലതു തന്നെ.
3.
വിഡ്ഢിത്തം, അസംബന്ധം എന്നീ വാക്കുകളുപയോഗിച്ചുള്ള മാടമ്പിത്തരം വേണോ മാഷേ (വിതച്ചതേ എന്നു വിളിക്കുന്നതിലുള്ള ബുദ്ധിമുട്ടുകൊണ്ടാണ്). 'കുട്ടി'കളോട് ഇടപെടുമ്പോള്‍ പരസ്പര ബഹുമാനം പുലര്‍ത്തുന്നത് ഒരു ഇംഗ്ലീഷ് രീതിയാണ് എന്നു പറയുമോ ഇനി?
:) :)
അതവിടെ നില്‍ക്കട്ടെ. ഈ കട പൂട്ടിയോ?
Post a Comment