Friday, 14 March 2008

ട്രാജഡി

മലയാള കവിതയുടെ ഭാവിവാഗ്ദാനങ്ങളിലൊരാളാണ് ടി.പി.വിനോദ്. വാക്കുകളെ നന്നായി കാച്ചിക്കുറുക്കുവാനറിയുന്ന ഈ രസതന്ത്രഗവേഷകന്റെ നല്ലൊരു കവിതയാണ് ട്രാജഡി. ഒരു നാടകത്തിന്റെ സ്റ്റേജ് ആണ് വിഷയം.അപ്രതീക്ഷിതമായി വൈദ്യുതിനിലക്കുന്നതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ലൌഡ് സ്പീക്കറില്‍ നിന്നും പുറത്തു വരുന്നു മൌനം എന്നത് നല്ലൊരു പ്രയോഗമാണ്. സംഭവം ആകെ കുഴഞ്ഞുമറിയുകയും ശബ്ദവും ഒച്ചയും പിരിഞ്ഞുപോകുകയും ചെയ്തപ്പോള്‍ അവിടെ പൂര്‍ണ്ണമാകാതെ കിടക്കുന്ന നാടകത്തിന്റെ ഇതിവൃത്തം, അടുത്ത സ്റ്റേജിനെപ്പറ്റി ചിന്തിക്കുകയാണ്! അടുത്ത സ്റ്റേജിലും ഇങ്ങനെ പറ്റുമോ,എന്തു ചെയ്യും എന്നൊക്കെയാവുമോ ചിന്ത. തികച്ചും സാമൂഹ്യപരമായ ഒരു വിഷയമെന്ന നിലയിലാണ് ഞാനിതിനെ വായിച്ചത്.
മറ്റൊരു നല്ല കവിതയാണ് എണ്ണയെന്ന ആത്മകഥയെപ്പറ്റിയുള്ള പിണ്ണാക്കിന്റെ സംസാരം. പി.രാമന്റെയും ഗോപീകൃഷ്ണന്റെയുമൊക്കെ സ്വാധീനം ഈ കവിയില്‍ കാണാന്‍ പറ്റുന്നുണ്ട്.
വളരെ പിശുക്കിയാണ് വിനോദ് വാക്കുകള്‍ ഉപയോഗിക്കുന്നത്. ഈ ചെറിയ പ്രായത്തില്‍ ഇത്രയും പിശുക്ക് പാടില്ല എന്നാണ് ഞാന്‍ പറയുക. ‘അതുകൊണ്ടാവണം ഇത്,ഇതു കൊണ്ടാവണം അത്’എന്ന മട്ടിലുള്ള മെറ്റാഫറുകള്‍ കുറെ സ്ഥലങ്ങളില്‍ ശ്രദ്ധിച്ചു ഇയാളുടെ കവിതകളില്‍. ഉദാഹരണം: ഉടുത്തുകെട്ട്, വാക്കുകളുടെ നഴ്സറി,പ്രിസം,ഇനിയുമുണ്ട് കുറേ. ഒരു ചോദ്യം വിനോദ്, ഇങ്ങനെയൊക്കെ ഊഹിച്ചു പറയാനും നിഗമനത്തിലെത്താനും, കവിതയെഴുത്ത് സി.ഐ.ഡി പണിയൊന്നുമല്ലല്ലോ?
ഇയാളെഴുതിയ പുതിയ കവിതകളില്‍ പ്രകടമാകുന്ന മാറ്റങ്ങള്‍ വളരെ സ്വാഗതാര്‍ഹമാണ്. താന്‍ ജീവിക്കുന്ന സ്ഥലത്തെ ഒരിക്കലും അടയാളപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലാത്ത,ഏതു ഭാഷയിലേക്കു വേണമെങ്കിലും വിവര്‍ത്തനം ചെയ്താലും സംവേദകതക്ക് വ്യത്യാസമുണ്ടാകാത്തതരം കവിതകളെഴുതുന്ന ഈ ചെറുപ്പക്കാരന്‍, തന്റെ ചുറ്റുപാടുകളെ ശ്രദ്ധിക്കാന്‍ തുടങ്ങി എന്നതിനു തെളിവാണ് വിവര്‍ത്തനം. ഒരേ ശൈലിയില്‍ സ്വയം തളക്കാതെ വ്യത്യസ്തതകളിലേക്ക് മേഞ്ഞുനടക്കാന്‍ ധാരാ‍ളം സമയം കിടക്കുന്നു വിനോദ്. പാഴാക്കരുത്.

8 comments:

ഭൂമിപുത്രി said...

ലാപുടയെ വായിയ്ക്കുന്നതു നോക്കിയിരിയ്ക്കുകയായിരുന്നു

വല്യമ്മായി said...

നാടകത്തിന് അടുത്ത സ്റ്റേജിനെ കുറിച്ച് ചിന്തിക്കാം,എന്നാല്‍ ജീവിതത്തിലോ? എന്നൊരു വലിയൊരു ചോദ്യത്തിലല്ലേ കവിത നില്‍ക്കുന്നത് :)

Roby said...

എല്ലാ പോസ്റ്റും ഇങ്ങനെ രണ്ടു മാര്‍ക്കിന് ഉത്തരമെഴുതുന്ന രീതിലാകണമെന്നില്ല കേട്ടോ...അല്പം വിശദമായി എഴുതാം.

എന്തിനാണിത്ര പിശുക്ക്...

കവിത വിതച്ചത് said...

റോബീ,2 മണിക്കൂര്‍ കൊണ്ട് പരീക്ഷ തീര്‍ക്കണ്ടെ?അത്രയേ പഠിച്ചിട്ടുമുള്ളൂ.ക്ഷമിക്കുക.
വിശദമായി ഒരാള്‍ കുത്തിപ്പിടിച്ചിരുന്നെഴുതിയ ഒരു ലേഖനമാകട്ടെ ഇതിന്റെ മറുപടി.എന്‍.ജി.ഉണ്ണികൃഷ്ണനെ പറ്റി അന്വര്‍ അലിയെഴുതിയ ലേഖനത്തിന്റെ ലിങ്ക് കൊടുത്തിട്ടുണ്ട് ഇപ്പോള്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍.എത്രപേര്‍ വായിച്ചുതീര്‍ക്കുമെന്ന് കണ്ടറിയണം.

Pramod.KM said...

ഭാഷയെ കാച്ചിക്കുറുക്കാനറിയുന്ന കവി എന്ന് പറഞ്ഞ് അഭിനന്ദിക്കുന്നു ഒരു സ്ഥലത്ത്. വാക്കുകള്‍ പിശുക്കുന്നു എന്ന് മറ്റൊരു സ്ഥലത്ത് കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ഇത് പരസ്പരവിരുദ്ധമല്ലേ?

കവിത വിതച്ചത് said...

പ്രമോദ്:കാച്ചിക്കുറുക്കല്‍ നല്ലതു തന്നെ. അതിനെ ഒന്നു ശാസിച്ചില്ലെങ്കില്‍ കുറുക്കലാണ് വൈദഗ്ദ്ധ്യം എന്നു കരുതി വറ്റിച്ചുകളയുമോ എന്ന് പേടി.എന്നാല്‍ ഇങ്ങനെ കുറുക്കുന്നതിനിടയ്ക്കും ബാക്കിയാവുന്നു ചില മാലിന്യങ്ങള്‍. ഉദാഹരണം അനക്കം എന്ന കവിതയില്‍ 4-ആം ഖണ്ഡത്തില്‍ എന്തിനാണ് കവി ‘കൊതി’ക്കണ്ണാടി നോക്കുന്നത്. ‘കണ്ണാടി’നോക്കിയാല്‍ മാത്രം പോരെ?

വിശാഖ് ശങ്കര്‍ said...

കാറ്റിന്റെ അരാജകത്വം നിരഞ്ഞ അഴിച്ചില്‍ കൊതിക്കുന്ന വാക്ക്,പുസ്തകത്തിലെ ഖനീഭവിച്ച ജഡത്വത്തില്‍ നിന്ന് പുറത്തിറങ്ങിയ വാക്ക് കണ്ണാടി നോക്കുമ്പോള്‍ അതില്‍ അല്പം കൊതി കലരില്ലേ..

Pramod.KM said...

വിതച്ചത്,ഇങ്ങനെ പറയാന്‍ തുടങ്ങിയാല്‍ ഏതു കവിതയിലാണ് കുറ്റം കാണാതിരിക്കാന്‍ കഴിയുക?വിശാഖ് മാഷ് പറഞ്ഞതു തന്നെ എനിക്കും പറയാനുള്ളത്.